
കര്‍ക്കടകത്തിന്റെ എല്ലാ ലക്ഷണവും പ്രകടമാക്കിയാണ് കഴിഞ്ഞദിവസം തോറബോറ നിവാസികളുടെ ഉറക്കം കെടുത്തി മഴയെത്തിയത്. നാലാംനിലയുടെ വിസ്‌താരമേറിയ നീളന്‍മുറിയില്‍(അതാണു തോറബോറ) വെടിവട്ടം മുഴക്കി ഇരിക്കുമ്പോള്‍ അപ്രതീക്ഷിതമായാണ് ശക്തമായ കാറ്റിന്റെ അകമ്പടിയോടെ മഴയെത്തിയത്. തകര്‍ത്തുപെയ്യുന്ന മഴയെ കുറ്റപ്പെടുത്തലിന്റെ ധ്വനിയുമായി പലരും സമീപിച്ചു. വൈദ്യുതിചിരാതുകള്‍ കണ്ണുതുറക്കാന്‍ ഇടുക്കിയില്‍ മാത്രം പെയ്‌താല്‍ പോരെ മഴ എന്നാണ് പലരുടെയും ചോദ്യം.(ശരിയല്ലേ? എന്നു ന്യായമായും തോന്നാവുന്ന ചോദ്യം.) കാരണവും നിസ്സാരമാണ്. മഴ തുടങ്ങിയതില്‍ പിന്നെ പതിവ് നടത്തവും എന്തിനധികം വൈകീട്ടത്തെ ചായകുടി വരെ നടക്കാത്ത അവസ്ഥയിലായി.
അങ്ങനെയിരിക്കെയാണ് മഴയില്ല, ഡാം വറ്റിവരണ്ടു, വൈദ്യുതി നിലയ്‌ക്കും, അധികപവര്‍കട്ടിനെക്കുറിച്ചാലോചിക്കുന്നു എന്ന വകുപ്പ് മന്ത്രിയുടെ പ്രസ്‌താവനയൊക്കെ ഇറങ്ങിയത്. ഇതുകേട്ടിട്ടോ, മഴദേവതയെ പ്രീതിപ്പെടുത്താന്‍ തവളകല്യാണവും, ശുനകകല്യാണവും, അതുംപോരാഞ്ഞ് കാസര്‍കോട് ഏതോ പേരറിയാ സംഘടന മഴപെയ്‌തില്ലെങ്കില്‍ ഹര്‍ത്താല്‍ നടത്തുമെന്നുവരെ പത്രപ്രസ്‌താവനയിറക്കിയതോ.... ഏതാണോ ഹേതുവായത് മഴ തകര്‍ത്തുതന്നെ പെയ്‌തുതുടങ്ങി. ഉടനെത്തി വാര്‍ത്ത- മഴ ശക്തം: നിരവധി വീടുകള്‍ തകര്‍ന്നു, കിണര്‍ ഇടിഞ്ഞുതാണു, വീട്ടില്‍ കയറണമെങ്കില്‍ തോണി വേണം.....തുടങ്ങിയ വാര്‍ത്തകള്‍.
വാര്‍ത്തകളും മഴച്ചിത്രങ്ങളുമൊന്നും തെല്ലും സ്വാധീനിക്കാതെ ഇരിക്കുന്ന സമയത്താണ് കാറ്റും മഴയും ഒരുമിച്ചെത്തുന്നത്. കാറ്റിന്റെ താണ്ഡവമായിരുന്നു അടുത്തനിമിഷങ്ങള്‍. ഷീറ്റുകള്‍ വലിച്ചുപറിച്ചെടുത്ത് 'ദയ'കാട്ടിയ കാറ്റ് തോറബോറയില്‍ പതിവില്‍ കവിഞ്ഞ വെളിച്ചം പ്രദാനം ചെയ്‌തു. ഒപ്പം മലവെള്ളപാച്ചില്‍ പോലെ തോറബോറയുടെ റൂഫിങ്ങിലൂടെ മഴവെള്ളത്തിന്റെ ഒഴുക്ക്. ബെഡ്ഡുകള്‍ വലിച്ചു തോറബോറയുടെ മൂലയ്‌ക്കു കൂട്ടിയിടാന്‍ പോരാളികളുടെ അക്ഷീണപരിശ്രമം ആവശ്യമായി വന്നു. അഭയാര്‍ഥിക്യാംപിലെ അവസ്ഥയിലേക്ക് എത്തിയ കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കാന്‍ അടിയന്തരയോഗമായിരുന്നു അടുത്ത ഘട്ടം. ചീഫ് കമാന്‍ഡര്‍ തന്നെ അധ്യക്ഷന്‍(അതിനുമാത്രം മാറ്റമില്ല).അടിയന്തരാവസ്ഥയിലെത്തിയ കാര്യങ്ങള്‍ വാണംവിട്ട കണക്കെ എത്തിച്ചുകൊടുത്തു അധികൃതര്‍ക്ക്.രാത്രിക്കുമുമ്പ് ശരിയാക്കിയില്ലെങ്കില്‍ 'ശരിയാക്കു'മെന്ന ഭീഷണിയും ഒപ്പം കൈമാറി (അതു തോറബോറയുടെ കുത്തകയാണ്.). എല്ലാം വളരെ പെട്ടെന്നുതന്നെ നടന്നു. പുതിയ ഷീറ്റുമായി എത്തി വളരെ വേഗം തോറബോറയുടെ ചോര്‍ച്ച നിര്‍ത്തി. എന്നാല്‍ കര്‍ക്കടകമല്ലേ വില്ലന്‍. ആ സമയത്തിനുള്ളില്‍ തന്നെ പുള്ളി കാര്യം കഴിച്ചു. തോറബോറ തോണിയിറക്കാന്‍ പാകത്തില്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. റഷീദ് ഖാസിമിയുടെ നിങ്ങള്‍ക്കും തന്ത്രശാലിയാവാം എന്ന പുസ്‌തകം മലവെള്ളത്തില്‍(സോറി മഴവെള്ളത്തില്‍) അങ്ങിനെ ഒഴുകി നടക്കുന്നുണ്ടായിരുന്നു, തോറബോറ പോരാളികള്‍ രാത്രി-പകല്‍(രാത്രിയും പകലും ഒരുപോലെ) ഉറക്കത്തിനെത്തുമ്പോള്‍. പുസ്‌തകത്തില്‍ പഠിപ്പിക്കാത്ത നൂറ്റിരണ്ടാമത്തെ സൂത്രമായിരുന്നു അത്.
കമാന്‍ഡര്‍ തോറബോറ ക്ലീന്‍ ചെയ്യുന്ന ഫോട്ടോ റഷീദിന്റെ മൊബൈലിലായിരുന്നു. ആ മഹാന്‍ നാട്ടില്‍ നിന്നെത്തിയിട്ട് ആ ഫോട്ടോ പോസ്‌റ്റാട്ടോ...
വാല്‍ക്കഷണം: ചീഫ് കമാന്‍ഡര്‍ തന്മയത്തത്തോടെ വൈപ്പറെടുത്ത് വെള്ളം വടിച്ചുമാറ്റുന്നതുകണ്ടപ്പോള്‍ തുടങ്ങിയതാണ് ഷിഹാബ് പിലാ'ത്തറ' യുടെ സംശയം. അല്ല കമാന്‍ഡര്‍ക്ക് ഗള്‍ഫില്‍ നേരത്തേ ഇതു തന്നയായിരുന്നോ പണിയെന്ന്? ..വേനലില്‍ സഹിക്കാനാവാത്ത ചൂടുമായി ഉറങ്ങാനാവാതെ പോരാളികള്‍ വിഷമിച്ചപ്പോള്‍ ചീഫ് കമാന്‍ഡര്‍ എവിടെ നിന്നോ പഠിച്ച സൂത്രപ്പണിയുമായി രംഗത്തെത്തി. ബക്കറ്റില്‍ വെള്ളംനിറച്ച് ഫാനിനുമുമ്പില്‍ വച്ചു റൂം തണുപ്പിക്കുക എന്നതായിരുന്നു ആ വിദ്യ. ദൈവാനുഗ്രഹത്താല്‍ ഇനി ബക്കറ്റില്‍ വെള്ളം നിറയ്‌ക്കേണ്ട ആവശ്യമില്ലല്ലോ..കിടക്കുകയല്ലെ ഡാംനിറഞ്ഞപോലെ ഫാനിനും കിടക്കക്കും കീഴില്‍ വെള്ളം. തണുപ്പ് സഹിക്കാന്‍ പറ്റുന്നില്ല..എന്ന ചുരുക്കംചില പരാതികളെ ഇപ്പോഴുള്ളൂ.
(NB..ആരും കമാന്‍ഡറോടു ഇക്കാര്യം പറയല്ലെ...കമാന്‍ഡറെ നിഷേധിച്ചാല്‍ ആ നിമിഷം തോറബോറയുടെ പുറത്താണ് ചീഫ് കമാന്‍ഡറായി പോരാളികള്‍ കൈയടിച്ചു പാസ്സാക്കിയ നിയമാവലി തന്നെ കാരണം.)
1 comment:
കര്‍ക്കടകത്തിന്റെ എല്ലാ ലക്ഷണവും പ്രകടമാക്കിയാണ് കഴിഞ്ഞദിവസം തോറബോറ നിവാസികളുടെ ഉറക്കം കെടുത്തി മഴയെത്തിയത്. നാലാംനിലയുടെ വിസ്‌താരമേറിയ നീളന്‍മുറിയില്‍(അതാണു തോറബോറ) വെടിവട്ടം മുഴക്കി ഇരിക്കുമ്പോള്‍ അപ്രതീക്ഷിതമായാണ് ശക്തമായ കാറ്റിന്റെ അകമ്പടിയോടെ മഴയെത്തിയത്. തകര്‍ത്തുപെയ്യുന്ന മഴയെ കുറ്റപ്പെടുത്തലിന്റെ ധ്വനിയുമായി പലരും സമീപിച്ചു.
Post a Comment