Monday 4 August 2008

പുതിയ ജോലി തേടി മൊബൈല്‍ജോക്കി ദുബയിലേക്ക്‌


വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഗള്‍ഫ്‌ സ്വപ്‌നങ്ങള്‍ക്ക്‌ സാക്ഷാല്‍ക്കാരവുമായാണ്‌ ഇക്കഴിഞ്ഞ രണ്ടാം തിയ്യതിയിലെ രാത്രി ഒമ്പതേകാലിന്‌ കരിപ്പൂരില്‍ നിന്ന്‌ പറന്നുയര്‍ന്ന ഫ്‌ളൈറ്റില്‍ മൊബൈല്‍ജോക്കി കുത്തിയിരുന്നത്‌.(സോറി സീറ്റിലിരുന്നത്‌). എത്രയോ ദിവസങ്ങള്‍ എടുത്താണ്‌ അഞ്ചും ആറും പേപ്പറുകള്‍ നീളുന്ന വ്യക്തിവിവര, അനുഭവ സര്‍ട്ടിഫിക്കറ്റുകള്‍ അവന്‍ തയ്യാറാക്കിയിരുന്നത്‌. പത്രങ്ങളില്‍ വരുന്ന റിക്രൂട്ട്‌മെന്റെ പരസ്യങ്ങള്‍ എത്ര ശ്രദ്ധയോടെയായിരുന്നു അരിച്ചുപെറുക്കിയിരുന്നത്‌. ഒടുവില്‍ ഷേവ്‌ ചെയ്‌ത്‌ പൗഡറിട്ട്‌ ഇന്റര്‍വ്യൂവിനായി എടുത്താല്‍ പൊങ്ങാത്ത ഫയലും പിടിച്ച്‌ അതിരാവിലെ യാത്രയാണ്‌. ഉച്ചയോടെ ക്ഷീണിതനായി എത്തും, എന്തൊക്കെയോ ചോദിച്ചു എന്തൊക്കെയോ പറഞ്ഞു എന്നും പറഞ്ഞ്‌. കാര്യം അങ്ങനെയൊക്കെയാണെങ്കിലും ഒടുവില്‍ തേടിയവള്ളി കാലില്‍ ചുറ്റി. അല്ല ചുറ്റിച്ചു എന്നു പറയുന്നതാവും ശരി. ഗള്‍ഫ്‌ മോഹം പതിയെപ്പതിയെ അടങ്ങിത്തുടങ്ങിയപ്പോഴാണ്‌ വീട്ടുകാരുടെ നിര്‍ബന്ധം ഏറിത്തുടങ്ങിയത്‌. അങ്ങനെ ഒടുവില്‍ അളിയന്റെ വക ഒരു അവസരം നല്‍കല്‍ എത്തി. വിസിറ്റ്‌ വിസ ഒരെണ്ണം അടിച്ചു കൈയില്‍ കൊടുത്തു. പഴയ മോഹങ്ങള്‍ ഉണര്‍ന്നുതുടങ്ങിയതോടെ ആശാന്‍ കൂടുതല്‍ ഉന്മേഷവാനായി. അക്കൗണ്ടിങ്‌ കോഴ്‌സിന്റെ ഓര്‍മ(അതിനുണ്ടോ ആവോ) പുതുക്കി റെഡിയായി. ജൂലൈ 31 ന്‌ തോറബോറയിലെത്തി അവസാനവട്ട യാത്രപറയല്‍. ഔദ്യോഗിക വിടപറയലിന്‌ പരിപാടി തയ്യാറാക്കണമെന്ന്‌ കമാന്‍ഡര്‍ പറഞ്ഞിരുന്നെങ്കിലും തിരക്കുമൂലം സാധ്യമായില്ല. 2ാം തിയ്യതി വീട്ടില്‍ എത്തുമെന്ന്‌ വാക്കുകൊടുത്തിരുന്നെങ്കിലും നടന്നില്ല. പ്രതിനിധികളായി ആഷിഫ്‌ താനൂരും റഷീദും എടയൂര്‍ റോഡിലെത്തി. വലിയ ബുദ്ധിമുട്ടുകളില്ലാതിരുന്ന അവരെ കരയിപ്പിച്ചിട്ടാണ്‌ പോരാളികള്‍ മടങ്ങിയെത്തിയത്‌ എന്നതില്‍ തോറബോറ പോരാളികള്‍ ഒന്നടങ്കം തലകുനിക്കുന്നു(നാണിച്ചിട്ടല്ല- റഷീദിന്റെ അറബിയിലും മലയാളത്തിലുമുള്ള പ്രാര്‍ഥന കേട്ടാല്‍ ആരാണു കരയാത്തതു സ്‌നേഹിതരേ? ) പോരാളികള്‍ വാക്കുകൊടുത്താല്‍ അതു പാലിക്കും എന്നതിന്‌ കൂടുതല്‍ തെളിവുവേണ്ടതില്ല എന്ന തെളിവാണ്‌ ജോക്കിയെ യാത്രയയക്കാന്‍ പോരാളികള്‍ എയര്‍പോര്‍ട്ടിലെത്തിയത്‌. പോരാളികള്‍ ആദ്യം അവിടെ എത്തിയെന്നതില്‍ അഭിമാനിക്കുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇപ്പോള്‍ കരയുമെന്നു തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ജോക്കിയുടെ വരവ്‌. എങ്കിലും തമാശ പറയാന്‍ ശ്രമിച്ച്‌. അവിടെയെത്തി വിളിക്കാമെന്നു ഉറപ്പുനല്‍കി ഒരു യാത്രപറയലുകൂടി നടത്തി മൊബൈല്‍ ജോക്കി നടന്നുമറയുമ്പോള്‍ ഞങ്ങളുടെ ഉള്ളം അനിയന്ത്രിതമായ വിഷമത്താല്‍ നീറി. കളിയാക്കാനും സ്‌നേഹം പങ്കുവയ്‌ക്കാനും എപ്പോഴും തോറബോറയ്‌ക്കൊപ്പമുണ്ടായിരുന്ന ആ എടയൂര്‍റോഡുകാരന്‍ ദൂരം കൊണ്ട്‌ അകലേക്ക്‌ പോവുന്നത്‌ ഞങ്ങള്‍ക്ക്‌ സഹിക്കാവതല്ല. എങ്കിലും ആത്മാര്‍ഥമായ പ്രാര്‍ഥനകളെ ബാക്കിയാക്കി ഇരുട്ടുപരക്കുന്ന റോഡിലൂടെ ഓട്ടോറിക്ഷയില്‍ മെയിന്റോഡിലേക്ക്‌. അവിടെ നിന്നും തിരക്കേറിയ ബസ്സില്‍ തോറബോറയിലേക്ക്‌ പോരാളികളുടെ മടക്കം.

3 comments:

smitha adharsh said...

മൊബൈല് ജോക്കികാരന്‍ അവിടെപോയി ഒന്നു പച്ചപിടിക്കട്ടെന്നെ....എന്‍റെയും ശുഭയാത്ര..
എയര്‍പോര്‍ട്ടില്‍ സ്ഥിരം കാണുന്ന കാഴ്ചയാണ് ഇതു..എല്ലാ തവണയും,വിചാരിക്കും,മടങ്ങുമ്പോള്‍ കരയില്ല എന്ന്..പക്ഷെ,കരഞ്ഞു, കണ്ണ് കലങ്ങി കഴിഞ്ഞ പ്രാവശ്യവും,ലഗ്ഗേജ് ക്ലിയരെന്സില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ ചോദിച്ചു,അയ്യോ പെങ്ങളെ,എന്ത് പറ്റീ ... പാസ്പോര്‍ട്ട് എടുക്കാന്‍ മറന്നിട്ടാണോ കരയണേ എന്ന്...മൂപ്പരൊന്നു "ആക്കിയതാ"...ദുഷ്ടന്‍..!!

സ്‌പന്ദനം said...

സ്‌മിതേച്ചീ ഞങ്ങള്‍ പോരാളികളുടെ പ്രാര്‍ഥനയും അതുതന്നെയാണ്‌. വീട്ടുകാരെയും നാടിനെയുമൊക്കെ കുറച്ചുകാലത്തേക്കുപോലും വിടപറയാന്‍ സമ്മതിക്കാത്ത നമ്മുടെ ഹൃദയത്തിന്റെ ഇഴയടുപ്പത്തെ എന്നിട്ടും തോല്‍പ്പിക്കുന്നത്‌ ബാധ്യതകളാണ്‌. മൊബൈല്‍ ജോക്കി രക്ഷപ്പെടട്ടേ നൂറുവട്ടം. (കരയുന്നത്‌ നല്ലതല്ലേ ഒരു പരിധിവരെ..ഉറ്റവരെ വേര്‍പിരിയുമ്പോള്‍ ഒരിറ്റ്‌ കണ്ണീരു കൂടി പൊഴിഞ്ഞില്ലെങ്കില്‍ പിന്നെന്തു സ്‌നേഹം, കുടുംബം.ആ ദുഷ്ടനെ മറന്നുകളഞ്ഞേക്കൂന്നേ)

സ്‌പന്ദനം said...
This comment has been removed by the author.