Thursday 27 August 2009

സംഗമം കൊതിച്ചു പോരാളികള്‍


പലവഴിയെത്തി മാധ്യമധര്‍മത്തിന്റെ മേഖലയില്‍ ഒരേ സമയം പ്രവേശിച്ച ഒരേ മനസ്സും പല ശരീരവുമുള്ള പച്ചമനുഷ്യരാണു തോറബോറ പോരാളികള്‍. ഓര്‍മകളുടെ മധുരവും കയ്‌പും അനുഭവിക്കുകയും പങ്കുവയ്‌ക്കുകയും ചെയ്‌ത അവരുടെ കിടപ്പുമുറിയുടെ ഓമനപ്പേരായിരുന്നു തോറബോറ. കുറച്ചു മാസങ്ങള്‍ മാത്രമാണ്‌ അവിടെ ഉറങ്ങിയും കഥപറഞ്ഞും ചെലവഴിച്ചതെങ്കിലും ഓര്‍മയില്‍ ചേക്കേറിയ തോറബോറയെന്ന അനുഭവം ഒരിക്കലും മറക്കാനാവുന്നതല്ല. സ്‌നേഹധനരായ ഒരു പറ്റം യുവാക്കളാണു പോരാളിസംഘത്തിന്റെ മുതല്‍ക്കൂട്ട്‌ (വഴക്കിടലും പിണക്കവുമൊന്നും അതിനെ ബാധിക്കില്ല, ബാധിക്കാറുമില്ല). സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു 2006ല്‍ കോഴിക്കോട്ടെത്തുകയും തേജസ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ജേണലിസത്തില്‍ ഡിപ്ലോമ കോഴ്‌സ്‌ ചെയ്‌തു പലവഴി പിരിയുകയും ചെയ്‌ത പറ്റത്തിനു ഒന്നിച്ചു കൂടാന്‍ പലപ്പോഴും കഴിഞ്ഞിരുന്നില്ല. ഫോണിലും ചാറ്റിങിലും ഒത്തുകൂടലിനെക്കുറിച്ചു താല്‍പ്പര്യം പ്രകടിപ്പിക്കുകയും ഓര്‍മകള്‍ പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു പാവം പോരാളികള്‍. തിരക്കിനിടയില്‍ രണ്ടുദിവസം അതിനായി മാറ്റിവയ്‌ക്കാന്‍ കഴിയുമായിരുന്നില്ല എന്നതിനേക്കാള്‍ അതിനായി അധികം ശ്രമിച്ചിരുന്നില്ല എന്നതാണു സത്യം.
പക്ഷേ, എല്ലാ തിരക്കുകളും മാറ്റിവച്ച്‌ ഞങ്ങള്‍ പോരാളികള്‍ ഒരു ദിനം ആഘോഷിക്കാന്‍ പോവുന്ന വിവരം ബൂലോഗരെ അറിയിക്കട്ടെ. പടച്ചവന്റെ അനുഗ്രഹമുണ്ടെങ്കില്‍ അടുത്തമാസം എട്ടാം തിയ്യതി വൈകീട്ട്‌ പുതു ഓര്‍മകള്‍ക്കു പാത്രമായിത്തീരാന്‍ ഞങ്ങളൊത്തുകൂടും. സുധീറിന്റെ മിമിക്രിയും നിസാമിന്റെ സംഗീതകച്ചേരിയും എല്ലാരും ഒത്തൊരുമിച്ചുള്ള നാടന്‍പാട്ടുകളും കളിയാക്കലും നിറഞ്ഞ ഒരു രാത്രി. സ്വപ്‌നങ്ങള്‍ക്കു മാറ്റുപകരാന്‍ മണലാരണ്യത്തില്‍ കഷ്ടപ്പെടുന്ന മൊബൈല്‍ ജോക്കിയെന്ന മജീദിനു അന്നു ഞങ്ങളോടൊപ്പം കൂടാന്‍ കഴിയില്ല എന്നുള്ള വേദന വേളയില്‍ മാറ്റിനിര്‍ത്താതെ മറ്റെന്തു ചെയ്യാം....
തോറബോറയിലെ പോസ്‌റ്റുകള്‍ മുഴുവനും പോരാളികളെ സംബന്ധിയായ അബദ്ധങ്ങള്‍ കളിയാക്കലുകളും നിറഞ്ഞതാണല്ലോ, ഒരു പക്ഷേ വരാന്‍ പോവുന്ന സംഗമദിനവും മറ്റൊരു പോസ്‌റ്റിനുള്ള അവസരം സൃഷ്ടിക്കുകയായിരിക്കാം. ജീവിതമെന്ന സ്വപ്‌നം ആവോളം കാണുന്നവരാണ്‌ മറ്റെല്ലാവരെയും പോലെ പോരാളികളും. അതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഒരു കല്യാണം കഴിക്കാനുള്ള ശ്രമത്തിലാണ്‌ റഷീദും നിസ്സാമും. 25 പെണ്ണുകാണല്‍ ചടങ്ങ്‌ എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കുക എന്ന ഭഗീരഥ ശ്രമത്തിലാണ്‌ റഷീദ്‌. അതിനോട്‌ അടുത്തുവരികയും ചെയ്യുന്നു. പെണ്ണുകാണല്‍ച്ചടങ്ങിനേക്കാള്‍ അവിടെ നിന്നു കിട്ടുന്ന ചായയിലും പലഹാരങ്ങളിലുമാണ്‌ അവന്റെ മനസ്‌ കുടുങ്ങിക്കിടക്കുന്നതെന്നു സഹപോരാളികള്‍ പറയുന്ന തമാശയില്‍ ലേശം കഴമ്പില്ലേ എന്ന സംശയം ഇപ്പോള്‍ എല്ലാവര്‍ക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. ജീവിതം തമാശ പറയാനുള്ള വിഷയമല്ലെങ്കിലും ചായകുടിയുടെ എണ്ണം കൂടുന്നത്‌ അതിനു കാരണമായിത്തീരുകയാണ്‌. പെണ്ണിനെ ഇഷ്ടപ്പെട്ടില്ല, വീട്ടുകാര്‍ ശരിയല്ല, നമുക്കു ചേരുന്ന പാര്‍ട്ടിയല്ല എന്നൊക്കെയാണ്‌ കാരണം പറയുന്നതെങ്കിലും ചെറുക്കനെ പെണ്ണിനിഷ്ടമാവാഞ്ഞിട്ടു കൂടിയല്ലേ എന്ന അപവാദ പ്രചാരണം ഓഫിസില്‍ പാറിപ്പറന്നു കളിക്കുന്നുണ്ട്‌. ആവോ ആര്‍ക്കറിയാം സത്യാവസ്ഥ.
റഷീദിനു പിന്തുണ പ്രഖ്യാപിച്ച്‌ നിസ്സാമും മാസമാദ്യം ഒരു പെണ്ണുകാണല്‍ ചടങ്ങു നടത്തി. ചെക്കനും പെണ്ണിനും ക്ഷ പിടിച്ചെങ്കിലും ചെക്കനെ പിടിക്കാഞ്ഞിട്ടോ എന്തോ പെണ്ണുവീട്ടുകാര്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല. ഇവന്‍മാരുടെ കല്യാണത്തിനു കൂടാമെന്നായിരുന്നു ഇത്രനാളും പോരാളികള്‍ ആശ്വസിച്ചിരുന്നത്‌. ഗണപതിയുടെ കല്യാണം പോലെ അതു നാളെ നാളെ എന്നു നീണ്ടു പോവുന്നതിനിടെയാണു ഒത്തുകൂടലിനു ഒരു തിയ്യതി കുറിക്കപ്പെട്ടിരിക്കുന്നത്‌. തോറബോറ ചീഫ്‌ കമാന്‍ഡറിനു പിന്തുണ പ്രഖ്യാപിച്ച്‌ ബാച്ച്‌ലര്‍ പദവി ഉപേക്ഷിക്കാനൊരുങ്ങുന്ന ഇരുവര്‍ക്കും വേളയില്‍ ആശംസകള്‍ നേരുന്നു. എത്രയും വേഗം ഒരു പെണ്ണിനെയും പിടക്കോഴിയെയും അവര്‍ക്കു കിട്ടട്ടെ. ഒത്തുകൂടല്‍ വിശേഷങ്ങള്‍ സംഭവിക്കും വരെ പോരാളികള്‍ക്കു വേണ്ടി വിടപറയുന്നു.

Tuesday 5 May 2009

ശിക്ഷ ലഭിച്ച ചുംബനം




ഈ കഥ നടക്കുന്ന കാലത്ത്‌ പത്രപ്രവര്‍ത്തനരംഗത്ത്‌ ഒരു പുതുമുഖമാണ്‌ കഥാനായകനായ ഈ പോരാളി. ദ്രോഹിച്ചാലും ദേഷ്യപ്പെടാത്തത്ര സൗമ്യനായ ഈയുള്ളവന്‍ തോറബോറയിലും പുതിയ അംഗമാണ്‌. ഷിഹാബ്‌ എന്‍ എ എന്നു നാമകരണം ചെയ്യപ്പട്ടെ പോരാളിയുടെ സ്വദേശം പെരുമ്പാവൂരാണ്‌. ബാച്ച്‌ലര്‍. അറിഞ്ഞോ അറിയാതെയോ തോറബോറയിലെ വെടിവട്ടത്തിനിടയ്‌ക്ക്‌ ഈ പോരാളി പറഞ്ഞ അനുഭവ കഥ നിങ്ങള്‍ക്കു മുമ്പാകെ സമര്‍പ്പിക്കുന്നു.
മൂന്നു വര്‍ഷം മുമ്പാണീ കഥ നടക്കുന്നത്‌. എറണാകുളം പാസ്‌പോര്‍ട്ട്‌ ഓഫിസില്‍ ബന്ധുവിന്റെ ആവശ്യാര്‍ഥം എത്തിയ പോരാളിയെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തി. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും നോ രക്ഷ. പത്രപ്രവര്‍ത്തകനല്ലേ..തോല്‍ക്കാത്ത മനസ്സും വല്ലാത്ത അഭിമാനബോധവുമുള്ള ജനുസ്സാണ്‌. ഫോണെടുത്തു ബ്യൂറോ ചീഫിനെ വിളിച്ചു കാര്യം പറഞ്ഞു. ചീഫുമായി അത്രനല്ല ബന്ധമല്ലാത്തതിനാല്‍ അദ്ദേഹം കൈയൊഴിഞ്ഞു. എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. നീ തന്നെ എന്തെങ്കിലും മാര്‍ഗം കാണൂ.. എന്നായിരുന്നു പോരാളിയുടെ ഹൃദയം തകര്‍ത്ത ആ മറുപടി. നനഞ്ഞില്ലേ ഇനി കുളിച്ചു കയറുക തന്നെ. പോരാളി മസില്‍ പിടിച്ചു നില്‍ക്കുന്ന സെക്യൂരിറ്റി ജീവനക്കാരനെ സമീപിച്ചു. സ്വരം പരുഷമാക്കി. ഇവിടുത്തെ ഓഫിസര്‍ എന്റെ സുഹൃത്താണ്‌, വേണ്ടപ്പെട്ട ആളാണ്‌. എനിക്കു കണ്ടേ ഒക്കു. അല്ലേല്‍ തന്റെ തൊപ്പി തെറിപ്പിക്കുമെന്നുമൊക്കെ വച്ചു കാച്ചി. അയാളല്‍പ്പം വിരണ്ടോന്നു സംശയം. പോരാളി ഒളിക്കണ്ണിട്ടു നോക്കി. ഒന്നാലോചിച്ച ശേഷം സെക്യൂരിറ്റി പോരാളിയെ അല്‍പ്പം മാറ്റി നിര്‍ത്തി. ആരെയോ ഫോണില്‍ വിളിച്ചു സംസാരിച്ചു. തുടര്‍ന്ന്‌ എന്നാല്‍ കയറിപ്പൊയ്‌ക്കോ എന്നു പറഞ്ഞിട്ട്‌ ആക്കിയൊരു ചിരി പാസ്സാക്കി. നിനക്കുള്ള പണി വച്ചിട്ടുണ്ട്‌ എന്ന അര്‍ഥത്തിലായിരുന്നു ആ ചിരി. അകത്തു കയറാന്‍ അനുമതി ലഭിച്ചെങ്കിലും ഓഫിസറെ കാണുമ്പോളുണ്ടാവുന്ന പുകിലോര്‍ത്ത്‌ പോരാളി വിയര്‍ത്തു. വരാന്തയിലും മറ്റും വിവിധ ആവശ്യങ്ങള്‍ നിറവേറ്റാനെത്തിയവര്‍ ക്യൂ നില്‍ക്കുന്നു. നമ്മുടെ പോരാളിയെ മുതിര്‍ന്ന ഓഫിസറുടെ മുറിയിലേക്കാണ്‌ വിളിപ്പിച്ചത്‌. ആദ്യമായി പോലിസ്‌ സ്‌റ്റേഷനില്‍ എത്തിയ അവസ്ഥയിലായിരുന്നു പോരാളി. മുട്ടുകാലുകള്‍ കൂട്ടിമുട്ടുന്നതിന്റെയും ഹൃദയം പെരുമ്പറകൊട്ടുന്നതിന്റെയും ശബ്ദം ഉച്ചസ്ഥായിയിലായി. ഓഫിസറുടെ മുഖം ക്ഷോഭത്താല്‍ ചുവന്നിരിക്കുന്നു. ഇപ്പോള്‍ തല്ലുകിട്ടുമെന്ന ഭാവത്തിലാണ്‌ പോരാളി. (ഇഞ്ചി കടിച്ച കുരങ്ങനെ പോലെ). ഓഫിസര്‍ കസേര ചവിട്ടി പുറകിലേക്കു തെറിപ്പിച്ചു.(സ്ഥലം എസ്‌.ഐയുടെ പ്രകടനം സങ്കല്‍പ്പിച്ചു നോക്കുക) പോരാളിയുടെ ഹൃദയം മിടിപ്പു നിര്‍ത്തി. ഞാന്‍ ആരാണെന്നു നിനക്കറിയാമോ ?. ഗാംഭീര്യമാര്‍ന്ന സ്വരത്തില്‍ ഓഫിസര്‍ ആദ്യ വെടിപൊട്ടിച്ചു. പോരാളിയുടെ തൊണ്ടയിലെ വെള്ളം (തുപ്പല്‍) വറ്റി. മറുപടി പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. നീ എത്ര വരെ പഠിച്ചു?. ബി.എഡ്‌ കഴിഞ്ഞു. വിക്കി വിക്കി പറഞ്ഞൊപ്പിച്ചു. എന്തുചെയ്യുന്നു ഇപ്പോള്‍?. പത്രത്തില്‍ റിപോട്ടറായി ജോലി നോക്കുന്നു. അതു ശരി എന്നിട്ടും നിനക്ക്‌ ഞാനാരാണെന്നു അറിയില്ലേ?. ആദ്യത്തെ ചോദ്യത്തിന്‌ ഉത്തരം കിട്ടാതിരുന്നിട്ടാവാം അദ്ദേഹം ചോദ്യത്തിന്റെ രീതി മാറ്റി. ഞാന്‍ നിന്റെ ആരാണെന്നറിയാമോ?. പോരാളിയുടെ ഫ്യൂസ്‌ ഏകദേശം പോവാറായി. സാറിവിടുത്തെ ഓഫിസര്‍, ഞാന്‍ അപേക്ഷയുമായി ഇവിടെ വന്നയാളും. നീ എന്തിനാണു ഇത്രവരെ പഠിച്ചതെന്നായിരുന്നു പോരാളിയുടെ ഉത്തരം കേട്ടപ്പോള്‍ ഓഫിസര്‍ അലറിച്ചോദിച്ചത്‌.
പോരാളിയുടെ ജീവന്‍ സ്വര്‍ഗലോകം പൂകാനായി ശരീരത്തില്‍ നിന്നു വേര്‍പെട്ടുപോയിത്തുടങ്ങിയിരുന്നു അപ്പോഴേക്കും.
ഞാന്‍ നിന്റെ സഹോദരനാണ്‌. അതായത്‌ ജ്യേഷ്‌ഠന്‍- ഉദ്യോഗസ്ഥന്റെ ഉത്തരം കേട്ട്‌ പോരാളിയുടെ വായ പൊളിഞ്ഞുപോയി. ഞാനറിയാത്ത ഏട്ടനോ...പലവിധത്തിലുള്ള ചോദ്യങ്ങള്‍ പോരാളിയുടെ മനസ്സിലൂടെ കടന്നുപോയി. പോരാളിയുടെ ഭാവവ്യതാസം ശ്രദ്ധയില്‍പെട്ടതിനാലാവാം ഉദ്യോഗസ്ഥന്‍ തന്റെ ഉത്തരത്തിന്റെ വിശദീകരണത്തിലേക്കു കടന്നു.
നീ സ്‌കൂളില്‍ പ്രതിജ്ഞ ചൊല്ലിയിട്ടില്ലേ. ഇന്ത്യ എന്റെ രാജ്യമാണ്‌, എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്‌. ആ വഴിയിലാണ്‌ ഞാന്‍ നിന്റെ ജ്യേഷ്‌ഠനാവുന്നത്‌. നിനക്കിത്ര വരെ പഠിച്ചിട്ടും അതു പറയാനായില്ലല്ലോടാ. ഉദ്യോഗസ്ഥന്റെ ആത്മാര്‍ഥമായ ചോദ്യം കേട്ട പോരാളിയുടെ തല ലജ്ജയാല്‍ താഴ്‌ന്നു പോയി. നിന്റെ അറിവില്ലായ്‌മക്കു ഞാന്‍ ഒരു ശിക്ഷ തരാന്‍ പോവുകയാണ്‌.
തിരിച്ചു വന്ന ജീവന്‍ വീണ്ടും പടിയിറങ്ങുന്ന അവസ്ഥയിലെത്തി പോരാളി. തുടര്‍ന്ന്‌ പേടിച്ചു നില്‍ക്കുന്ന പോരാളിയുടെ ഷര്‍ട്ടിന്റെ കോളറിനു കുത്തി പിടിച്ചദ്ദേഹം. പോരാളിയുടെ കണ്ണുകള്‍ പുറത്തേക്കു തള്ളിനില്‍ക്കുകയാണ്‌(ചൊറിയന്‍ തവളയുടേതു പോലെ). പിന്നീട്‌ തന്നിലേക്ക്‌ വലിച്ചടുപ്പിച്ച പോരാളിയുടെ കവിളില്‍ അമര്‍ത്തിയൊരു ചുംബനം കൊടുത്തു ആ ഉദ്യോഗസ്ഥന്‍. പോരാളിയുടെ ശ്വാസം നിലച്ചു. ഒരു നിമിഷം സ്‌തംബ്ദിച്ചു നിന്നു ആ പാവം. ഇങ്ങനെയൊരു ശിക്ഷ ആദ്യമായിട്ട്‌ ലഭിക്കുന്ന 'ബഹുമതി'യാണ്‌ പോരാളിക്ക്‌ കൈവന്നിരിക്കുന്നത്‌. തുടര്‍ന്ന്‌ ഉദ്യോഗസ്ഥന്‍ സ്‌നേഹപൂര്‍വം പോരാളിയുടെ ആവശ്യങ്ങള്‍ അന്വേഷിച്ചു. ഒക്കെയും നിറവേറ്റിക്കൊടുത്തു. ഇനി എന്താവശ്യമുണ്ടെങ്കിലും നിന്റെ ഈ ഏട്ടനെ വിളിക്കാമെന്നു വാഗ്‌ദാനം നല്‍കി. മൊബൈല്‍ നമ്പറും നല്‍കി ചായയും കുടിപ്പിച്ചിട്ടാണ്‌ പോരാളിയെ അദ്ദേഹം യാത്രയാക്കിയത്‌. അറിയാതെ നാവില്‍ നിന്നു വീണ വാക്കുകള്‍ യാഥാര്‍ഥ്യമായ സന്തോഷത്തിലും ചുംബനം കിട്ടിയ മരവിപ്പിലും പോരാളി പാസ്‌പോര്‍ട്ട്‌ ഓഫിസിന്റെ പടികള്‍ യാന്ത്രികമായി ഇറങ്ങി. സെക്യൂരിറ്റി ജീവനക്കാരനെ കാണാനോ സംസാരിക്കാനോ പോലും ആ പാവം മറന്നുപോയിരുന്നു.

Thursday 26 March 2009

മൊബൈല്‍ ജോക്കിയുടെ കുറച്ചു സ്‌നാപ്പുകള്‍

മൊബൈല്‍ ജോക്കിവിദേശത്തുപോയിട്ട്‌ നാളേറെയായി. എത്തിയയുടനെ ഫോട്ടോ അയച്ചുതരാം തോറബോറയില്‍ പോസ്‌റ്റ്‌ ചെയ്യണമെന്ന ആവശ്യവുമായാണ്‌ ജോക്കി യാത്രയായത്‌. പലതവണ പോരാളി വാക്കുപാലിച്ചെങ്കിലും തിരക്കുകളും ഉദാസീനതയും മൂലം ഫോട്ടോ ബ്ലോഗിലിടാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടു ദിവസം മുമ്പ്‌ ആലിപ്പഴത്തോടു കൂടി മഴ പെയ്‌ത വാര്‍ത്ത സന്തോഷത്തോടെ പോരാളി വിളമ്പുമ്പോള്‍ അതൊരു പുതുമയല്ലാത്ത ഇവിടെയിരുന്ന്‌ ഞാനെന്തുപറയാന്‍ എന്നാണു തോന്നിയത്‌. പക്ഷേ അപൂര്‍വമായി കിട്ടുന്ന മഴ മണലാരണ്യത്തില്‍ പണിയെടുക്കുന്നവര്‍ക്ക്‌ ഒരു നല്ല വിശേഷം തന്നെയാണെന്ന്‌ നാം അംഗീകരിച്ചേ പറ്റൂ. മാമ്പഴക്കാലത്തെക്കുറിച്ചാണ്‌ ഒരു പഴയപ്പോരാളി കഴിഞ്ഞയിടെ ഓണ്‍ലൈനില്‍ കണ്ടപ്പോള്‍ സംസാരിച്ചതു തന്നെ. ഗള്‍ഫിന്റെ ധാരാളിത്തവും നിസ്സഹായതയും വിളിച്ചോതുന്ന ഒരു പിടി നല്ല ഓര്‍മച്ചിത്രങ്ങളാവും തോറബോറയിലൂടെ നമുക്കു ദര്‍ശിക്കാനാവുക. കാണാം കണ്‍കുളിര്‍ക്കെ...പോരാളിയുടെ സ്വപ്‌നങ്ങള്‍ പൂവണിയട്ടെ...






Sunday 4 January 2009

നിഷാദിന്റെ കോയമ്പത്തൂരും റഷീദിന്റെ എനിമയും പിന്നെ തോറബോറയിലെ പോരാളികളുടെ കാത്തിരിപ്പും

പുതിയ സംഭവവികാസങ്ങള്‍ ഉണ്ടാവാത്തതില്‍ ഒരേ സമയം ആശങ്കയിലും ആകാംക്ഷയിലുമായിരുന്നു പോയ രണ്ടുമാസക്കാലമായി തോറബോറ. എന്താണ്‌ ഒന്നും സംഭവിക്കാത്തത്‌? എല്ലാവരും പലപ്പോഴായി ഉയര്‍ത്തുകയും ചെയ്‌തു ഈ ചോദ്യം. അധികം കാത്തിരിക്കേണ്ടിവന്നില്ല, കളിയാക്കലുകളുടെ ഉസ്‌താദിനായിരുന്നു ആദ്യ ഊഴം. ഇടുക്കിയില്‍ നിന്നുള്ള കോഴിക്കോടന്‍ യാത്ര, ജീവിതാവസാനം വരെ അല്‍ട്ട്‌സ്‌ഹെയ്‌മേഴ്‌സ്‌(ഉച്ചാരണം ഇതാണെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌.) ബാധിച്ചിട്ടില്ലെങ്കില്‍ മറക്കില്ലെന്നുറപ്പുള്ളതാക്കിയായിരുന്നു മഹാകവി നിഷാദിന്റെ വരവ്‌.(കവിയെന്ന്‌ അയാള്‍ സ്വയം അവകാശപ്പെടുന്നതാണ്‌. പോരാളികള്‍ ആരും തന്നെ അതംഗീകരിക്കാന്‍ തയ്യാറില്ലെന്നുള്ളതാണ്‌ സത്യം). നിഷാദ്‌ പറഞ്ഞ 'സത്യ'ത്തില്‍ നിന്നും പോരാളികള്‍ മെനഞ്ഞ കഥയില്‍ നിന്നും ഉരുത്തിരിഞ്ഞ സാരം ഇതാണ്‌:- ട്രെയിനില്ലാത്ത ജില്ലയെന്ന നാണക്കേടംഗീകരിക്കാന്‍ വിമുഖത കാണിക്കുന്ന പോരാളിക്ക്‌ നാട്ടില്‍ നിന്നു പുറപ്പെടുന്ന മലബാര്‍ രാത്രികാല ബസ്സിനെ ആശ്രയിക്കാമായിരുന്നു. എന്നാല്‍ ആലുവയില്‍ ബസ്സിറങ്ങി കോഴിക്കോടിനു ട്രെയിന്‍ പിടിക്കാനാണ്‌ കവിയുടെ മനസ്‌ തീരുമാനമെടുത്തത്‌. ആലുവയില്‍ ഒന്നരമണിക്കൂര്‍ ട്രെയിന്‍ കാത്തുനിന്നു ചാടിക്കയറിയ ബോഗി കണ്ടതേ പോരാളിയുടെ കണ്ണുതള്ളി. ലോക്കലിനുള്ള ടിക്കറ്റുമായി ചാടിക്കയറിയത്‌ റിസര്‍വ്‌ഡ്‌ ബോഗിയില്‍.
ട്രെയിനില്‍ കയറിയ പാടെ തോറബോറയില്‍ വിളിച്ച്‌ വരുന്ന വിവരം അറിയിച്ചതിനു ശേഷം പോരാളി സുഖയാത്ര തുടര്‍ന്നു. ടിക്കറ്റ്‌ എക്‌സാമിനര്‍ വരല്ലേ വരല്ലേ എന്ന പ്രാര്‍ഥന തന്നെ വഴിനീളെ.. ഷൊര്‍ണൂര്‍ എത്തിയ ട്രെയിന്‍ ഒരുമണിക്കൂറോളം നിര്‍ത്തിയിട്ട ശേഷം സാവധാനം ചലിച്ചുതുടങ്ങി. ഇതുവരെ കണ്ടിട്ടില്ലാത്ത പ്രദേശങ്ങള്‍, ജനവാസമില്ലാത്ത സ്ഥലമാണ്‌ ഇരുവശവും. ഒന്നുരണ്ട്‌ സ്റ്റേഷനുകളുടെ പേര്‌ കണ്ടെങ്കിലും വായിച്ചിട്ട്‌ തലയില്‍ കയറിയതേയില്ല. എതിര്‍വശത്തിരുന്ന പെണ്‍കുട്ടിയെ കാണാന്‍ അത്ര രസമില്ലെങ്കിലും അവളുടെ ശ്രദ്ധപിടിച്ചെടുക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നുമുണ്ട്‌. കുറച്ചു കഴിഞ്ഞതോടെ പെണ്‍കുട്ടിയും അച്ഛനും പാലക്കാട്‌ ഇറങ്ങി. വല്ലപ്പോഴുമുള്ള ട്രെയിന്‍ യാത്രയായതിനാല്‍ കോഴിക്കോട്‌ എവിടെ, പാലക്കാട്‌ എവിടെ മലപ്പുറം എവിടെ എന്ന ധാരണ ഇല്ലാത്തതിനാല്‍ പാലക്കാടന്‍ വയലുകളും കണ്ടായിരുന്നു ബാക്കിയാത്ര. കാഴ്‌ച കാണുന്നതിനിടെയാണ്‌ അപ്രതീക്ഷിതമായി സ്വാഗതം കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡ്‌ കാണുന്നത്‌. ആപത്‌ശങ്ക അപ്പോള്‍ മാത്രമാണ്‌ പോരാളിയുടെ മനസ്സില്‍ ഉണരുന്നത്‌. എതിര്‍ സീറ്റില്‍ ഇരുന്ന തമിഴനോട്‌ ട്രെയിന്‍ എങ്ങോട്ടാണെന്നു ചോദിച്ചപ്പോള്‍ പോരാളിയുടെ ഞെട്ടല്‍ പൂര്‍ത്തിയായി. തോറബോറയില്‍ വിളിച്ച്‌ കടന്നുപോയ സ്‌റ്റേഷന്റെ പേരു പറഞ്ഞുകൊടുത്തു. 'മധുക്കര'. അരമണിക്കൂര്‍ കൂടി ഇരിക്കൂ കോയമ്പത്തൂര്‍ പോയി വരാം എന്നായിരുന്നു അലറിച്ചിരിച്ചുകൊണ്ടുള്ള മറുപടി. (എങ്ങനെ ചിരിക്കാതിരിക്കും സഹപോരാളികളുടെ അബദ്ധങ്ങള്‍ കണ്ടുപിടിച്ചു പൊടിപ്പുംതൊങ്ങലും വച്ച്‌ കഥയുണ്ടാക്കുന്ന ആള്‍ക്കല്ലെ ആനയോളം പോന്ന അമളി പറ്റിയിരിക്കുന്നത്‌. കോയമ്പത്തൂര്‍ ഇറങ്ങി പുറത്തു കടക്കുന്നതിനിടയില്‍ ടിക്കറ്റ്‌ എക്‌സാമിനറും പൊക്കി. ആലുവയില്‍ നിന്നു കോഴിക്കോടിനുള്ള ടിക്കറ്റ്‌ കണ്ട തമിഴന്‍ പുരികം ചുഴിച്ചു തുറിച്ചു നോക്കി. പാവം പോരാളി... കവിയുടെ സംസാരം എങ്ങനെയും അയാള്‍ക്കു മനസ്സിലാവുന്നില്ല. തമിഴനല്ലേ അയാള്‍ക്കെന്തു മലയാളം. അത്‌ വന്ത്‌ സാര്‍ നാന്‍ ട്രെയിനിലിറുന്ത്‌ തൂങ്കിപ്പോയി....ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ച്‌ പോരാളി തമിഴനെ നോക്കി..ഒടുവില്‍ പോക്കറ്റില്‍ നിന്ന്‌ പ്രസ്‌ കാര്‍ഡ്‌ കാണിച്ചാണ്‌ രംഗം ശാന്തമാക്കിയത.്‌ നീണ്ട മൂന്നുമണിക്കൂറാണ്‌ കോഴിക്കോടിനു പോവുന്ന ട്രെയിനു വേണ്ടി പോരാളിക്ക്‌ അവിടെ കാത്തുനില്‍ക്കേണ്ടി വന്നത്‌. ഒടുവില്‍ പാതിരാത്രി ഒരു മണിക്ക്‌ പോരാളി സഹിക്കാനാവാത്ത വിശപ്പുമായി തോറബോറിയിലെത്തി. ചിരിയുടെ മാലപ്പടക്കമായിരുന്നു തോറബോറയില്‍. സഹപോരാളികളെ വിളിക്കാതെ തനിച്ച്‌ ടൂര്‍ പോയതിലായിരുന്നു ചിലര്‍ക്ക്‌ സങ്കടം. ഏറെനേരം നിന്നു നീരുവച്ച കാലുമായി പോരാളി നിസ്സഹായതോടെ സഹപോരാളികള്‍ക്കു നേരെ കണ്ണുപായിച്ചു. അധികം കളിയാക്കലുകള്‍ക്ക്‌ ഇടകൊടുക്കാതെ കോയമ്പൂര്‍ കഥകളുമായി കവി വാചാലനായതോടെ തോറബോറ പഴയ രസത്തിലേക്ക്‌ മടങ്ങി വന്നു. പിന്നീട്‌ ഒരാഴ്‌ച തോറബോറയില്‍ കോയമ്പത്തൂര്‍ കഥമാത്രമായിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ...
ഒന്നാം കഥയുടെ രംഗപ്രവേശം കഴിഞ്ഞ്‌ അധികം വൈകാതെയാണ്‌ രണ്ടാമത്തെ കഥ ഉരുത്തിരിയുന്നത്‌. വായുകയറി നിറഞ്ഞ റഷീദിന്റെ വയറിന്‌ എന്നും പ്രശ്‌നങ്ങളാണ്‌. ഡോക്ടര്‍ കഴിക്കരുതെന്ന്‌ പറഞ്ഞ ഭക്ഷണസാധനങ്ങളെ ധീരനായ ആ പോരാളി കഴിക്കൂ...രാവിലെ ആറിന്‌ ഹോട്ടലില്‍ നിന്ന്‌ ബോണ്ട(നിറയെ കിഴങ്ങാണതില്‍),പിന്നെ പൊറോട്ട, ആ തൊണ്ടക്കുഴിയിലൂടെ ചോറിറങ്ങണമെങ്കില്‍ ഓംലൈറ്റ്‌ വേണം...അങ്ങനെ ഗ്യാസിളകുമ്പോള്‍ ജെലൂസില്‍ വാങ്ങി വിഴുങ്ങി ജീവിതം മുന്നോട്ടുരുട്ടുന്നതിനിടയിലാണ്‌ അപ്രതീക്ഷിതമായി വയര്‍ പണിമുടക്കിയത്‌. അകത്തോട്ടു സ്വീകരിക്കുക മാത്രമാണ്‌ നല്‍കുന്നത്‌, പുറത്തോട്ടു അല്‍പ്പമെങ്കിലും പോവാത്ത അവസ്ഥ.***** മൂന്നുദിവസം ശുഭപ്രതീക്ഷയോടെ പോരാളി കഴിച്ചു കൂട്ടിയെങ്കിലും നാലാം ദിനം പിടുത്തംവിട്ടു. മെഡിക്കല്‍ ഷോപ്പില്‍ പോവുമ്പോള്‍ കമാന്‍ഡറുണ്ടായിരുന്നു പോരാളിയുടെ കൂടെ. മെഡിക്കല്‍ ഷോപ്പിലെ പെണ്‍കുട്ടിയോടു വയറ്റീന്ന്‌ പോക്കിനുള്ള ഗുളികക്ക്‌ ആവശ്യപ്പെട്ടു. രണ്ടു ഗുളികയും വാങ്ങി പുറത്തിറങ്ങിയ പാടെ കമാന്‍ഡര്‍ ചോദിച്ചു വയറ്റീന്നു പോക്കിനുള്ള ഗുളികയെന്നല്ലേ താന്‍ പറഞ്ഞത്‌?. അങ്ങനെ പറഞ്ഞാലെ ശരിയാവൂ....പോരാളി ഗൗരവത്തില്‍ മറുപടിയും കൊടുത്തു. പാവം കമാന്‍ഡര്‍ പിന്നെന്തു പറയാന്‍. രാവിലെ ഒരു ഗുളികയൊക്കെ കഴിച്ച്‌ പോരാളി തോറബോറയിലൂടെ ഉലാത്തി. ഉച്ചയായിട്ടും നോ രക്ഷ...അടുത്തതും എടുത്തു വിഴുങ്ങി...വൈകീട്ട്‌ നാലുമണിയോടെ വെരുകിനെ പോലെയായി റഷീദിന്റെ അവസ്ഥ. വയറിനകത്തു നിന്നു അപശബ്ദങ്ങള്‍..വയറിനകത്തു മുളകുതേച്ചുപിടിപ്പിച്ച അവസ്ഥ...രാത്രി 12 മണിയോടെ വണ്ടിവിളിച്ച്‌ ആശുപത്രിയിലാക്കി.(മെഡിക്കല്‍ ഷോപ്പില്‍ പുറത്തുപോക്കിനുള്ള ഗുളികക്കു ചോദിച്ചതിനാല്‍ അവര്‍ ലൂസ്‌മോഷന്‍ നിര്‍ത്താനുള്ള ഗുളികയാണ്‌ കൊടുത്തത്‌. അവരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം!!! ) മൂന്നുദിവസത്തെ കഷ്ടപ്പാടിനൊപ്പം ഗുളികയുടെ വീര്യവും(മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങ വീണു..എന്ന ചൊല്ല്‌ ഇവിടെ ഓര്‍ക്കേണ്ടതാണ്‌). ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തിയ ദേഷ്യത്തിലാണ്‌ ഡോക്ടറെത്തിയത്‌. എന്നാല്‍ അവസ്ഥ കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. നല്ല ചെറുപ്പക്കാരന്‍ എങ്കിലും ഈ ഗതി വന്നാല്‍ എന്താ ചെയ്യുക? ഡോക്ടറുടെ കണ്ണ്‌ നിറഞ്ഞിരുന്നോ എന്ന്‌ കൂടെപ്പോയ പോരാളിക്കു പോലും തോന്നിപ്പോയി. ഒടുവില്‍ രണ്ട്‌ ഡോസ്‌ എനിമ അടിച്ചു കയറ്റി ഡോക്ടര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മെഡിക്കല്‍ ഷോപ്പിലെ പെണ്‍കുട്ടി ലജ്ജയോടെ നല്‍കിയ ഗുളികതന്നെയായിരുന്നു കഥയിലെ നായകന്‍. അതും കഴിഞ്ഞു 10 മണിക്കൂറിനു ശേഷമാണ്‌ റഷീദിനെ സമാധാനിപ്പിച്ച്‌ ആശ്വാസത്തിന്റെ കടലൊഴുകിയത്‌. റഷീദിനും സഹപോരാളികള്‍ക്കും തോറബോറയ്‌ക്കും നീണ്ട നാലര ദിവസത്തെ കാത്തിരിപ്പിന്‌ ഫലം കണ്ടതിലുള്ള സന്തോഷവും ആശ്വാസവും. എല്ലാവരും പടച്ചവനെ സ്‌തുതിച്ചു. വിസര്‍ജ്ജനം തന്നെ ലോകത്തിലെ ഏറ്റവും സുഖകരമായ അനുഭൂതി. അന്നുവരെ ഭോജനമെന്നു പറഞ്ഞിരുന്ന റഷീദ്‌ തിരുത്തിപ്പറഞ്ഞു.......

Thursday 20 November 2008

പെണ്ണുകെട്ടിച്ചു തരിക: ലോകത്തിലെ ആദ്യ സമരമുറ



തോറബോറ പോരാളികള്‍ അഭിമാനാര്‍ഹമായ ഒരു പുതുസമരരീതിയാണ്‌ നിങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്‌. കല്യാണപ്രായം കഴിഞ്ഞ പോരാളികള്‍ക്ക്‌ പെണ്ണുകെട്ടുന്നതിന്‌ വീട്ടുകാര്‍ സമ്മതം മൂളാന്‍ നാലാളുകള്‍ കൂടുന്നിടത്ത്‌ പ്ലക്കാര്‍ഡുകള്‍ കൈയിലേന്തി പ്രകടനം നടത്തുക. ആദ്യത്തെ ഒരു പ്രകടനം ഇതിനകം നടത്തിക്കഴിഞ്ഞു.
എന്തോ..മാധ്യമങ്ങളൊന്നും ഞങ്ങളുടെ സമരത്തെ കണ്ട ഭാവം നടിച്ചില്ല. എന്നാല്‍ വെറുതെ വിടാന്‍ പോരാളികളും ഒരുക്കമല്ല.
സര്‍വായുധസജ്ജരായ പോരാളികളുടെ സമരത്തിന്‌ ഒരു ബാപ്പയായിക്കഴിഞ്ഞ കമാന്‍ഡറുടെ അകമഴിഞ്ഞ പിന്തുണയുമുണ്ട്‌. കല്യാണസമരത്തിലൂടെ ഗിന്നസ്‌ ബുക്കില്‍ കയറിപ്പറ്റാമെന്നു തന്നെയാണ്‌ പോരാളികള്‍ കരുതുന്നത്‌. അതിനു നിങ്ങളുടെ സഹായം ആവശ്യമാണ്‌. ഇതിനു നിങ്ങളുടെ വോട്ടുകള്‍ പ്രതീക്ഷിക്കുന്നു. വോട്ട്‌ ചെയ്യേണ്ട ഫോര്‍മാറ്റ്‌ ഇതാണ്‌. തോറബോറ ബാച്ച്‌ലേഴ്‌സ്‌. കല്യാണം കഴിപ്പിച്ചു കൊടുക്കുക.
നിങ്ങളുടെ വിലയേറിയ എസ്‌.എം.എസുകള്‍ ഒരിക്കല്‍ കൂടി അഭ്യര്‍ഥിച്ചു കൊണ്ട്‌ തോറബോറ പോരാളികള്‍

Friday 14 November 2008

തൂക്കണാംകുരുവിക്കൂട്ടില്‍ അധിനിവേശം നടത്തുന്നോ ആറ്റകറുപ്പാ?



തൂക്കണാംകുരുവിയുടെ കൂട്ടില്‍ ആറ്റകറുപ്പന്റെ അധിനിവേശം എന്ന വാര്‍ത്ത പത്രത്തില്‍ ചിത്രം സഹിതം കാണുമ്പോള്‍ വലിയ അതിശയവും രസവുമൊന്നും തോറബോറ പോരാളികള്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ പിറ്റേ ദിവസം രാവിലെ നേരം പരാപരാന്നു വെളുത്തു തുടങ്ങിയപ്പോള്‍ ആറ്റകറുപ്പന്റെ തനിസ്വഭാവവുമായി ഒരു പോരാളി വേഷം മാറി. അന്നത്തെ ദിവസം അഞ്ചുമണിക്കു തന്നെ പോരാളികള്‍ എഴുന്നേറ്റു. പിലാത്തറയുടെ വീട്ടില്‍ പോവുകയാണ്‌ ഉദ്ദേശ്യം. ഒരുങ്ങിയവര്‍ ഒരുങ്ങിയവര്‍ തോറബോറയില്‍ നിന്ന്‌ പുറത്തിറങ്ങി കഴിഞ്ഞു. ഇനി ഉള്ളതു ചീഫ്‌ കമാന്‍ഡറും റഷീദും മാത്രമാണ്‌. ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരെയും കാണാതെ വന്നപ്പോള്‍ പോരാളികള്‍ പരിഭ്രാന്തരായി. തോറബോറ ഇരുട്ടില്‍ കുളിച്ചു നില്‍ക്കുകയാണ്‌. ഉള്ളില്‍ ക്ഷുദ്രജീവികളുടെ ശല്യമാണെങ്കില്‍ വല്ലാതെ അധികരിച്ചിട്ടുമുണ്ട.്‌ പറയാന്‍ കാരണമുണ്ടതിന്‌. രണ്ടു ദിവസം മുമ്പാണ്‌ തങ്ങളുടെ ചുണ്ടില്‍ ഉറുമ്പ്‌ സുന്ദരി ഉമ്മ വച്ചത്‌. (ഉറക്കത്തിലാണു കേട്ടോ). ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ ഹനുമാന്റെ ചുണ്ടിനേക്കാള്‍ വലുപ്പത്തിലാണ്‌ തങ്ങളുടെ ചുണ്ടിരിക്കുന്നത്‌. അന്ന്‌ ഉച്ചക്ക്‌ ഊണുകഴിക്കാനോ വൈകീട്ടത്തെ പതിവ്‌ ചായകുടിക്കോ തങ്ങള്‍ ഹാജരായിരുന്നില്ല. പക്ഷേ യുദ്ധക്കളത്തില്‍ ലീവ്‌ കിട്ടാത്തതിനാല്‍ വരേണ്ടി വരുകയും ചെയ്‌തു. അടുത്ത ദിവസം തന്നെ കിട്ടി നിസാമിനും ഒരുമ്മ. അതു പക്ഷേ ചുണ്ടിനായിരുന്നില്ല. കണ്ണിനകത്തു കയറിയാണ്‌ ഇത്തവണ സുന്ദരി സ്‌നേഹം പ്രകടിപ്പിച്ചത്‌.
ഇങ്ങനെയൊക്കെ പോരാളികളെ സുന്ദരിമാര്‍ വിടാതെ പിന്തുടരുമ്പോള്‍ എങ്ങിനെ രണ്ടുസുന്ദരന്മാരെ തോറബോറയില്‍ ഒറ്റക്കു വിട്ടു പോവാന്‍ ഞങ്ങള്‍ക്കു മനസ്സുവരും. തിരിച്ചു കയറാന്‍ തുടങ്ങുമ്പോള്‍ ചീഫ്‌ കമാന്‍ഡര്‍ ഓടിക്കിതച്ചെത്തി. മുഖത്ത്‌ അടക്കിനിര്‍ത്താനാവാത്ത ചിരിയുണ്ട്‌. കാര്യം തിരക്കിയപ്പോള്‍ കമാന്‍ഡര്‍ കഥയുടെ കെട്ടഴിച്ചു. ബാത്‌റൂമില്‍ നിന്ന്‌ കമാന്‍ഡര്‍ ഇറങ്ങിവരുമ്പോള്‍ റഷീദ്‌ മുഖം ചുളുക്കി നില്‍ക്കുകയാണ്‌. ഇട്ടിരിക്കുന്ന പാന്റ്‌സിന്റെ പിറകില്‍ മുഴച്ചുനില്‍ക്കുന്ന സാധനം വലിച്ചെടുക്കാനുള്ള ശ്രമത്തിലാണ്‌. തുടര്‍ന്ന്‌ റഷീദ്‌ പാന്റ്‌സിനുള്ളില്‍ നിന്ന്‌ ഒരു ഷഡ്ഡി പുറത്തേക്കു വലിച്ചെടുത്തു.സംഗതി കമാന്‍ഡറുടേതാണ്‌. താനെന്തിനാ എന്റെ പാന്റ്‌സിനുള്ളില്‍ ഷഡ്ഡി എടുത്തുവച്ചത്‌ ദേഷ്യമടക്കാനാവാതെ റഷീദിന്റെ ചോദ്യം. ഹേയ്‌ അങ്ങിനെ വരാന്‍ വഴിയില്ലല്ലോ എന്ന സന്ദേഹത്തോടെ കമാന്‍ഡര്‍ റഷീദിനെ സമീപിച്ചു. ഇല്ലാ ഇതു നിങ്ങളുടേത്‌ തന്നെയാണ്‌. ഷഡ്ഡി തിരിച്ചറിഞ്ഞ കമാന്‍ഡറിന്റെ മുഖം ജാള്യതയില്‍ ചുവന്നു. സോറി...
മറുപടി പറഞ്ഞ്‌ കമാന്‍ഡര്‍ തടിതപ്പി.
തുടര്‍ന്ന്‌ ഭിത്തിയിലെ ആണിയില്‍ തൂക്കിയിട്ടിരുന്ന പാന്റ്‌സ്‌ എടുത്തു കമാന്‍ഡര്‍ വലിച്ചുകയറ്റി. (വലിച്ചു കയറ്റേണ്ടി വന്നില്ല..ശൂൂൂൂൂന്ന്‌ കയറിപ്പോയി). കണ്‍ഫ്യൂഷനിലായ കമാന്‍ഡര്‍ റഷീദിനെ നോക്കി. മിസ്റ്റര്‍ ബീന്‍ നില്‍ക്കുന്നതു പോലെ നിന്നു പരുങ്ങുകയാണ്‌ ആശാന്‍. പാന്റ്‌സ്‌ കാലില്‍ ഇറുകിപിടിച്ചിരിക്കുന്നു. നടക്കാന്‍ കൂടി പറ്റുന്നില്ല. ഉറക്കത്തിന്റെ കെട്ടുവിടാത്തതും സ്വതസിദ്ധമായ ഉദാസീനതയും കൂടിയായപ്പോള്‍ എല്ലാം മംഗളമായി. സമയം കളയാതെ കമാന്‍ഡര്‍ റഷീദ്‌ ഇട്ടിരുന്ന പാന്റ്‌സ്‌ ഊരിവാങ്ങി. എന്നിട്ടു ചോദിച്ചു. തൂക്കണാം കുരുവിക്കൂട്ടില്‍ അധിനിവേശം നടത്തുന്നോ ആറ്റക്കറുപ്പാ....?
:)

Saturday 8 November 2008

സ്‌നാപ്‌ പോരട്ടെ, സ്‌ക്വാഷും

ചായകുടി പോരാളികളുടെ വീക്ക്‌നെസ്സാണ്‌. പണമില്ലെങ്കില്‍ കടം വാങ്ങും. ചിലപ്പോള്‍ സഹപോരാളികളുടെ കാരുണ്യം തേടും. മാസാന്ത്യങ്ങളിലാണ്‌ പോരാളികള്‍ പാപ്പരാവുക. പിന്നെ മുഖത്തോടു മുഖം നോക്കുകയാണ്‌ തന്ത്രം. അങ്ങനെ മുടക്കമില്ലാതെ പോയിക്കൊണ്ടിരുന്ന ചായകുടിയുടെ രസം പോരാളികളെ അതിന്‌ അടിമകളാക്കി.
അങ്ങനെ അന്നു വൈകീട്ടും ചായകുടിക്കാന്‍ സ്ഥിരം സങ്കേതത്തിലെത്തി. ചായ ഓര്‍ഡര്‍ ചെയ്‌തിരിക്കുമ്പോള്‍ വെയ്‌റ്ററെത്തി.(ചുള്ളനായ ഒരു പയ്യനാണ്‌ വെയ്‌റ്റര്‍) കടിയെന്താ വേണ്ടതെന്ന ചോദ്യത്തിന്‌ മറുപടി റഷീദിന്റെ വായില്‍ നിന്നായിരുന്നു ആദ്യം ഉതിര്‍ന്നത്‌. സ്‌നാപ്‌ പോരട്ടെ. വെയ്‌റ്റര്‍ അന്തിച്ചു. പോരാളികളും. സ്‌നാപോ???
അതെ, കടിക്കാന്‍ എന്തെങ്കിലും പോരട്ടെ ...
പോരാളികളുടെ സംശയത്തിന്‌ അടിവരയിട്ട്‌ കടി പറഞ്ഞ റഷീദിന്റെ വാക്കുകള്‍ സ്‌നാപിന്റെ സാങ്കേതികാര്‍ഥം പറഞ്ഞു തന്നു. സ്‌നാക്കാണ്‌ പാവം ഉദ്ദേശിച്ചത്‌. ആംഗലേയ ഭാഷയുടെ ഉള്ളുകള്ളികള്‍ പുറത്താക്കുന്ന റഷീദിന്റെ വായില്‍ നോക്കിയിരിക്കുന്ന പോരാളികളെ പുച്ഛത്തോടെ കണ്ണോടിച്ച ശേഷം ആശാന്‍ നിവര്‍ന്നിരുന്നു.
കട്‌ലെറ്റ്‌, പഴംപൊരി, ഉള്ളിവട, ബോണ്ട, പഫ്‌സ്‌, പക്കുവട.....വെയ്‌റ്ററുടെ ലിസ്റ്റ്‌ നീണ്ടു.
ചില്ലലമാരയില്‍ വച്ചിരിക്കുന്ന കടികളില്‍ നോക്കി റഷീദ്‌ തന്നെയാണ്‌ കടിക്ക്‌ ഉത്തരവിട്ടതും.
എല്ലാവര്‍ക്കും ചൂടുപാറുന്ന ചായയെത്തി. ഒപ്പം പഫ്‌സും. 'സ്‌ക്വാഷ്‌ 'കൊണ്ടു വാാാാ...ഇത്തവണയും റഷീദിന്റെ സ്വരമാണ്‌ ആദ്യ ഉയര്‍ന്നത്‌.
'സ്‌ക്വാഷെ'ന്തിനാണിപ്പോള്‍...?എന്ന സംശയം ദുരീകരിക്കാന്‍ 'തങ്ങള്‍' ചോദിച്ചു. സ്‌ക്വാഷോ...?
നേര്‍ത്ത കണ്‍ഫ്യൂഷനിലായ റഷീദ്‌ ടോണ്‍ മാറ്റി..
''സ്‌ക്യാഷ്‌" ...എന്നിട്ടും മനസ്സിലാവാത്ത പോരാളികള്‍ക്കും വെയ്‌റ്റര്‍ക്കും മുഖം തരാതെ റഷീദ്‌ വലതുകൈയുടെ ചൂണ്ടുവിരലുയര്‍ത്തി. അതാ ഇരിക്കുന്നു സോസ്‌ നിറച്ച ബോട്ടില്‍.
പടച്ചോനെ.. സ്‌നാപ്പിനു കൂട്ട്‌ സക്വാഷ്‌....ഇരിക്കട്ടെ....
റഷീദിനു വീണ്ടുമൊരു വാ തുറക്കലിന്‌ അവസരം കൊടുക്കാതെ ചായയും പഫ്‌സും വയറ്റിലാക്കി പോരാളികള്‍ കോഫിബാറിന്റെ പടിയിറങ്ങി.