
സ്വാതന്ത്ര്യദിനത്തിന് അനുവദിച്ചു കിട്ടിയ അവധി ആഘോഷിക്കാനാണ് പിലാത്തറയും തങ്ങളും കാസിമിയുമൊക്കെ കൊച്ചിക്കു വച്ചുപിടിച്ചത്. നീണ്ട ഒരു പകല്‍ കൊച്ചിയില്‍ കറങ്ങിത്തിരിഞ്ഞൊടുവില്‍ കൊച്ചി കണ്ടവനച്ചി വേണ്ടെന്ന ചൊല്ലൊക്കെ അനുസ്‌മരിച്ച് ഒരു രാത്രിയവിടെ ഉറങ്ങി (ഉറങ്ങുകയല്ല, കൊതുകിനെ കൊല്ലാന്‍ പാഴ്‌വേല നടത്തുകയായിരുന്നെന്നാണ് ചാരന്മാര്‍ അറിയിച്ചത്.) കുച്ചിപ്പുടി പഠിച്ചിരുന്നെങ്കില്‍ മൂരാളികള്‍(മൂന്നുപോരാളികള്‍)ക്ക് കൊതുകുപടയ്‌ക്കെതിരേ യുദ്ധംനയിക്കാമായിരുന്നെന്നാണ് അറിവ്. ഏതായാലും ആദ്യമായി കൊച്ചികണ്ട സന്തോഷത്തിലായിരുന്നു പിലാത്തറ. പിലാത്തറയെന്ന കുഗ്രാത്തില്‍ നിന്ന് അപൂര്‍വമായി മാത്രം പുറംലോകം കാണുന്നവര്‍ക്ക് എന്തു കൊതുക്!.
ഒരു രാത്രിയുടെ ആഘോഷത്തെ ബാക്കിയാക്കി പിറ്റേന്ന് രാവിലെയോടെ കോഴിക്കോടിനു തിരിക്കാനുള്ള ശ്രമത്തിലായി മൂന്നുയോദ്ധാക്കളും. പിലാത്തറ ഒരു ജാഡയ്‌ക്കു ഇട്ടുക്കൊണ്ടുവന്ന വെള്ളഷര്‍ട്ടാവട്ടെ ഒന്നാംക്ലാസ്സുകാരന്‍ സ്‌കൂളില്‍ പോയിട്ട് തിരിച്ചുവരുമ്പോള്‍ ധരിച്ചിരിക്കുന്ന യൂനിഫോമിന്റെ അവസ്ഥയിലായി. മാറിധരിക്കാന്‍ ഒന്നും കൊണ്ടുവരാത്തത് രാവിലെ പോവാമെന്നു കരുതിയിരുന്നതിനാലാണ്. എന്നാല്‍ ഉറക്കത്തെ തടഞ്ഞുനിര്‍ത്താനാവാത്തതിന് ആരെയാണു കുറ്റംപറയുക. 10 മണിക്കുശേഷമാണ് പോരാളികള്‍ ഉറക്കത്തെ ഉപേക്ഷിക്കാന്‍ മനസ്സുകാട്ടിയത്. അതിവേഗം തയ്യാറായി റൂം കാലിയാക്കി(തെറ്റിദ്ധരിക്കരുത്-പോരാളികള്‍ ഒന്നും അടിച്ചുമാറ്റിയിട്ടില്ല. റൂം ഒഴിവാക്കി എന്നാണ് പറഞ്ഞത്.) പുറത്തിറങ്ങി. എറണാകുളം സ്റ്റേഷനില്‍ നിന്നു കയറേണ്ട ആലുവയില്‍ എത്തിയാല്‍ തിരക്കുണ്ടാവില്ല സീറ്റു കിട്ടുമെന്ന 'ബുദ്ധി' ആദ്യം പുറത്തെടുത്തത് ഖാസിമിയായിരുന്നു. ഒന്നും തിരിയാത്ത പിലാത്തറയും തങ്ങളും യെസ്സാര്‍ മറുപടിയും വച്ചു. അങ്ങിനെ 11 മണിയോടെ മൂരാളികള്‍ ആലുവയിലെത്തി.
കൂട്ടത്തില്‍ കുഞ്ഞനായ തങ്ങളെ ടിക്കറ്റെടുക്കാന്‍ വിട്ട് 'രംഗം' വീക്ഷിക്കുകയായിരുന്നു സീനിയര്‍ പോരാളികളുടെ അടുത്ത ജോലി. ക്യൂവില്‍ ശ്വാസം വിടാനാവാതെ നിന്ന് ഒടുവില്‍ ഒരു ജേതാവിനെപ്പോലെ തങ്ങളെത്തി. ഹോ....ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം തങ്ങള്‍ വാചാലനായി. ടിക്കറ്റ് കിട്ടി...കുറച്ചുനേരം ക്യൂ നിന്നെങ്കിലെന്താ സാധനം കിട്ടിയില്ലേ..അല്‍പ്പം അഹങ്കാരത്തോടെ ശിരസ്സുയര്‍ത്തി തങ്ങള്‍ നിന്നു. എപ്പോഴാ ട്രെയിന്‍? പിലാത്തറക്ക് ആകാംക്ഷ അടക്കാനാവുന്നില്ല. രണ്ടേമുക്കാലിനാണ് അടുത്ത ട്രെയിന്‍. സീനിയര്‍ പോരാളികളുടെ കണ്ണു രണ്ടും അല്ല നാലും പുറത്തേക്കു തള്ളി. പിന്നെന്തിനാണ് നീ ടിക്കറ്റെടുത്തത്? ഖാസിമിയുടെ സ്വരം പരുക്കനായി. തങ്ങളുടെ മറുപടിയും പെട്ടെന്നു വന്നു. ടിക്കറ്റെടുക്കാനാണ് എന്നോടു പറഞ്ഞത്. അതു ഞാന്‍ ചെയ്‌തു. ഹില്ലാ.. യെവനോടു പറഞ്ഞിട്ടു കാര്യമില്ല. പിലാത്തറ തന്റെ നിരാശ വ്യക്തമാക്കി.
ഏതായാലും നനഞ്ഞു ഇനി കുളിക്കുക തന്നെ പോരാളികള്‍ തീരുമാനിച്ചു. കൈയിലുള്ള പണം തീരാറായതു കൊണ്ടാണ് തീരുമാനത്തെ അംഗീകരിച്ചതെന്ന് ആര്‍ക്കാണറിയാന്‍ പാടില്ലാത്തത്. നാലുമണിക്കൂറാണ് ഒറ്റക്കാലിലും രണ്ടുകാലിലും കുത്തിയിരുന്നുമൊക്കെ കാത്തിരിക്കേണ്ടത്. തരുണീമണികളെ കാണാമെന്നു വച്ചാല്‍ ആട് കിടന്നിടത്ത് പൂട പോലുമില്ലെന്ന അവസ്ഥയാണ്. അങ്ങനെ കാത്തുകാത്തിരുന്ന ട്രെയിന്‍ എത്തി. ഖാസിമിയുടെ വാക്കുകളെ 'അന്വര്‍ഥമാക്കി' ട്രെയിനില്‍ സൂചികുത്താന്‍ കൂടി ഇടമില്ല. വീണ്ടുമുണര്‍ന്നു ഖാസിമിയുടെ കുബുദ്ധി. സ്ലീപ്പര്‍ കോച്ചില്‍ കയറിക്കളയാം. ടി.ടി.ആര്‍ വരികയാണെങ്കില്‍ ലോക്കലില്‍ സ്ഥലമില്ല, ബാക്കി പണം തരാം എന്നു പറഞ്ഞാല്‍ മതിയല്ലോ എന്ന നിര്‍ദോഷമായ പരിഹാരമായിരുന്നു ആ തലയില്‍ വിരിഞ്ഞത്. അങ്ങിനെതന്നെ, അങ്ങിനെതന്നെ ബാക്കി രണ്ടുപേരും ഖാസിമിയുടെ തീരുമാനത്തെ പിന്താങ്ങി.
സ്ലീപ്പറില്‍ കയറിക്കൂടിയ മൂരാളികള്‍ ചാഞ്ചാടിയാടി ഉറങ്ങു നീ, ചരിഞ്ഞാടിയാടി ഉറങ്ങൂ നീ..എന്ന അദ്‌നാന്‍ സമിയുടെ അടിപൊളി ഗാനമൊക്കെ മൂളിയാണ് സുഖയാത്ര തുടങ്ങിയത്. യാത്ര ഒരു മണിക്കൂര്‍ പൂര്‍ത്തിയായില്ല, ദാണ്ടെ നില്‍ക്കുന്നു സാക്ഷാല്‍ ടി.ടി.ആര്‍ മുന്നില്‍. പിന്നെയുമുണര്‍ന്നു കുബുദ്ധി. നേരെ അങ്ങോട്ടു ചെന്നാവശ്യപ്പെട്ടു...സര്‍...ഞങ്ങള്‍ക്കു ഇവിടെ സീറ്റ് തരണം.ബാക്കി പണം തരാം. ചെകുത്താനും കടലിനുമിടയിലായി അവസ്ഥയിലായി ആ പാവം. റിസര്‍വ് ചെയ്‌തവരുണ്ടാവാം..അതിനാല്‍ ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്ന മറുപടിയും പറഞ്ഞ് ടി.ടി.ആര്‍ അടുത്ത ബോഗിയിലേക്കു യാത്ര തുടങ്ങി. വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും പാലുതന്നെ..ഇത്തവണ തലയുയര്‍ന്നത് ഖാസിമിയുടേതാണ്. മറ്റുരണ്ടുപേരും സ്‌പ്രിങ്‌പോലുള്ള മുടി വളര്‍ന്നു നില്‍ക്കുന്ന (പിരിഞ്ഞുനില്‍ക്കുന്ന) ഖാസിമിയുടെ തലയിലേക്ക് അസൂയയോടെ നോക്കി. യാത്ര അധികം നീണ്ടില്ല. അതാ വരുന്നു പഴയ ടി.ടി.ആര്‍ വീണ്ടും. അങ്ങോട്ടാക്രമിക്കുക തന്നെ ബുദ്ധി. ആവശ്യം വീണ്ടുമുന്നയിച്ചു. മൂന്നുടിക്കറ്റ് തരണം. മറുപടിയും പഴയ പടി. നോക്കട്ടെ പറയാം. മൂരാളികള്‍ക്കു സന്തോഷം അടക്കാനാവുന്നില്ല. ബോഗിയിലെ മറ്റുയാത്രക്കാള്‍ മൂരാളികളുടെ സത്യസന്ധതയും സംസാരവുമൊക്കെ വീക്ഷിച്ചിരിക്കുകയാണ്.
എന്താ ഇപ്പോഴെത്തെ ചെറുപ്പക്കാര്‍. നാളെയുടെ പൗരന്മാരെന്ന് മറ്റുള്ളവര്‍ക്കു മാതൃകയായി ചൂണ്ടിക്കാട്ടാന്‍ പറ്റുന്ന മൂന്നു മുതുക്കന്‍മാരല്ലെ ജീവനോടെ അവര്‍ക്കു മുമ്പില്‍ പ്രത്യക്ഷരായിരിക്കുന്നത്. ഇതില്‍പ്പരം മറ്റെന്തു പുണ്യമാണ് അവര്‍ക്കീ ജീവിതത്തില്‍ ലഭിക്കുക.
എന്നാല്‍ മൂരാളികളുടെ വിധി മറ്റൊന്നായിരുന്നു. അപ്രതീക്ഷിതമായാണ് ബോഗിയില്‍ സ്‌ക്വാഡ് കയറിയത്. യാത്രക്കാരുടെ ടിക്കറ്റുകള്‍ പരിശോധിച്ചുവരികയാണ് സംഘം. ദാ അവരിപ്പോഴെത്തും..പിലാത്തറ സ്‌ക്വാഡിനെ നോക്കി പോരാളികളോടു പറഞ്ഞു. മറുപടിയില്ലാത്തതിനാല്‍ തിരിഞ്ഞുനോക്കിയ പിലാത്തറയുടെ കണ്ണൊരിക്കല്‍ കൂടി പുറത്തേക്കു തള്ളി. തൊണ്ടയില്‍ ഉമിനീരു വറ്റി. രണ്ടുപോരാളികളെയും കാണാനില്ല. മുന്നില്‍ സ്‌ക്വാഡ്. പിന്നില്‍ ശൂന്യമായ ഇടനാഴി. എന്താ ചെയ്യുക പരിശോധകന്റെ നീട്ടിയ കൈയിലേക്ക് നിസ്സഹായതോടെ നോക്കി നില്‍ക്കുക മാത്രമാണ് പിലാത്തറ ചെയ്‌തത്. മ്? ചോദ്യം എങ്ങനെയാണ് കേട്ടില്ലെന്നു നടിക്കുക. പിന്നെ സാവകാശം മൊഴിഞ്ഞു. സര്‍..ടിക്കറ്റ് എന്റെ കൈയിലില്ല. പിന്നെന്തിനാണ് ട്രെയിനില്‍ കയറിയത്. അതും സ്ലീപ്പര്‍ കോച്ചില്‍...! പരിശോധകന്‍ തകര്‍ക്കുകയാണ്. പിലാത്തറ ആദ്യമായി ഖാസിമിയുടെ അര്‍ഥശൂന്യത ഓര്‍ത്തു ദുഃഖിച്ചു.
ടിക്കറ്റ് കൂട്ടുകാരുടെ കൈയിലാണ്, അവര്‍ അടുത്ത ബോഗിയിലാണ് പിലാത്തറ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. എങ്കില്‍ വിളിക്കവരെ..ഉത്തരവ് വന്നു. പിലാത്തറയുടെ കോള്‍ എത്തിയതിനെത്തുടര്‍ന്ന് തങ്ങളും ഖാസിമിയും ബോഗിയില്‍ ഒപ്പു വച്ചു. സര്‍......വിളിക്കു നീളവും കനവും കൂടി. ടിക്കറ്റ് എടുത്തു ഉദ്യോസ്ഥന്‍ നീട്ടിയ കൈയില്‍ വച്ചുകൊടുത്തു. ഉദ്യോഗസ്ഥന്റെ നെറ്റി ചുളിഞ്ഞു. നിങ്ങളെങ്ങിനെയാണ് സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുക? അതല്ല സര്‍...ഞങ്ങള്‍ ബാക്കി പണം നല്‍കാമെന്ന് ടി.ടി.ആറിനോടു പറഞ്ഞിരുന്നു...അദ്ദേഹം വിവരം അറിയിക്കാമെന്നു ഞങ്ങളോടു സമ്മതിക്കുകയും ചെയ്‌തതാണ്. മൂവരും ഒരേ സ്വരത്തില്‍ മറുപടി പറയുകയാണ്. ഉദ്യോഗസ്ഥന്‍ വിശ്വസിക്കുന്ന മട്ടില്ല. മൂരാളികള്‍ സഹയാത്രികരെ ദയനീയതയോടെ നോക്കി. ഇല്ല..അവര്‍ മൂരാളികളെ മൈന്‍ഡ് ചെയ്യുന്നതേ ഇല്ല. സര്‍ ഇവരോടു ചോദിക്കൂ..ഇവര്‍ കേട്ടതാണ് ടി.ടി.ആര്‍ ഞങ്ങളോടു പറയുന്നത്. മൂരാളികള്‍ താണുതാണ് പാതാളത്തോളമെത്തി. ഒരു സഹയാത്രിക മുരടനക്കി. അവര്‍ ചോദിച്ചതാണ്..ഉദ്യോഗസ്ഥന് സംശയമൊഴിഞ്ഞ മട്ടില്ല. എങ്കിലും പറഞ്ഞു..ങ്‌ഹും അടുത്ത സ്റ്റേഷനില്‍ ഇറങ്ങി ബോഗി മാറിക്കോണം.....ഹോ..മൂരാളികള്‍ക്കു ശ്വാസം നേരെ വീണു.
ഉദ്യോഗസ്ഥന്‍ പോയപ്പോള്‍ ഖാസിമി ഒളിങ്കണ്ണിട്ട് യോദ്ധാക്കളെ നോക്കി. രണ്ടും പേരും നോക്കി ദഹിപ്പിക്കുന്നു. ഖാസിമി നോട്ടം മാറ്റി. മൗനമായിരുന്നു കുറേ സമയത്തേക്ക് മൂരാളികള്‍ക്കു കൂട്ട്. അടുത്ത സ്റ്റേഷനില്‍ ഇറങ്ങി ബോഗി മാറിക്കയറിയതിനു ശേഷം ഖാസിമിയും തങ്ങളും പിലാത്തറയോടു ചോദിച്ചു നീയെന്താ ഓര്‍ക്കുന്നത്? പിലാത്തറ പറഞ്ഞു. എല്‍.പി സ്‌കൂളില്‍ പഠിച്ച സുഹൃത്തുക്കളുടെയും കരടിയുടെയും കഥ ഓര്‍ക്കുകയാണ് ഞാന്‍.(കരടിയുടെ മുന്നില്‍ പെട്ട ആത്മാര്‍ത്ഥ സുഹൃത്തുക്കളിലൊരാള്‍ മരത്തില്‍ കയറുകയും അപരന്‍ ചത്തതുപോലെ നിലത്തു കിടക്കുകയും ചെയ്‌ത കഥയാണത്.) കരടി നിലത്തുകിടന്നയാളെ മണത്തിട്ട് പോയശേഷം മരത്തില്‍ നിന്നിറങ്ങിയ സുഹൃത്ത് കരടിയെന്താണ് നിന്റെ ചെവിയില്‍ പറഞ്ഞതെന്ന ചോദിച്ച ആ കഥ ഞാനറിയാതെ ഓര്‍ത്തുപോയി..പിലാത്തറയുടെ മറുപടി കേട്ട പോരാളികളുടെ തൊണ്ടയടഞ്ഞു. കോഴിക്കോടെത്തുന്നതു വരെ അവര്‍ ശബ്ദിച്ചതേയില്ല..അല്ല എങ്ങനെയാണ് അവര്‍ ശബ്ദിക്കുക.