
തൂക്കണാംകുരുവിയുടെ കൂട്ടില്‍ ആറ്റകറുപ്പന്റെ അധിനിവേശം എന്ന വാര്‍ത്ത പത്രത്തില്‍ ചിത്രം സഹിതം കാണുമ്പോള്‍ വലിയ അതിശയവും രസവുമൊന്നും തോറബോറ പോരാളികള്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ പിറ്റേ ദിവസം രാവിലെ നേരം പരാപരാന്നു വെളുത്തു തുടങ്ങിയപ്പോള്‍ ആറ്റകറുപ്പന്റെ തനിസ്വഭാവവുമായി ഒരു പോരാളി വേഷം മാറി. അന്നത്തെ ദിവസം അഞ്ചുമണിക്കു തന്നെ പോരാളികള്‍ എഴുന്നേറ്റു. പിലാത്തറയുടെ വീട്ടില്‍ പോവുകയാണ് ഉദ്ദേശ്യം. ഒരുങ്ങിയവര്‍ ഒരുങ്ങിയവര്‍ തോറബോറയില്‍ നിന്ന് പുറത്തിറങ്ങി കഴിഞ്ഞു. ഇനി ഉള്ളതു ചീഫ് കമാന്‍ഡറും റഷീദും മാത്രമാണ്. ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരെയും കാണാതെ വന്നപ്പോള്‍ പോരാളികള്‍ പരിഭ്രാന്തരായി. തോറബോറ ഇരുട്ടില്‍ കുളിച്ചു നില്‍ക്കുകയാണ്. ഉള്ളില്‍ ക്ഷുദ്രജീവികളുടെ ശല്യമാണെങ്കില്‍ വല്ലാതെ അധികരിച്ചിട്ടുമുണ്ട.് പറയാന്‍ കാരണമുണ്ടതിന്. രണ്ടു ദിവസം മുമ്പാണ് തങ്ങളുടെ ചുണ്ടില്‍ ഉറുമ്പ് സുന്ദരി ഉമ്മ വച്ചത്. (ഉറക്കത്തിലാണു കേട്ടോ). ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ ഹനുമാന്റെ ചുണ്ടിനേക്കാള്‍ വലുപ്പത്തിലാണ് തങ്ങളുടെ ചുണ്ടിരിക്കുന്നത്. അന്ന് ഉച്ചക്ക് ഊണുകഴിക്കാനോ വൈകീട്ടത്തെ പതിവ് ചായകുടിക്കോ തങ്ങള്‍ ഹാജരായിരുന്നില്ല. പക്ഷേ യുദ്ധക്കളത്തില്‍ ലീവ് കിട്ടാത്തതിനാല്‍ വരേണ്ടി വരുകയും ചെയ്‌തു. അടുത്ത ദിവസം തന്നെ കിട്ടി നിസാമിനും ഒരുമ്മ. അതു പക്ഷേ ചുണ്ടിനായിരുന്നില്ല. കണ്ണിനകത്തു കയറിയാണ് ഇത്തവണ സുന്ദരി സ്‌നേഹം പ്രകടിപ്പിച്ചത്.
ഇങ്ങനെയൊക്കെ പോരാളികളെ സുന്ദരിമാര്‍ വിടാതെ പിന്തുടരുമ്പോള്‍ എങ്ങിനെ രണ്ടുസുന്ദരന്മാരെ തോറബോറയില്‍ ഒറ്റക്കു വിട്ടു പോവാന്‍ ഞങ്ങള്‍ക്കു മനസ്സുവരും. തിരിച്ചു കയറാന്‍ തുടങ്ങുമ്പോള്‍ ചീഫ് കമാന്‍ഡര്‍ ഓടിക്കിതച്ചെത്തി. മുഖത്ത് അടക്കിനിര്‍ത്താനാവാത്ത ചിരിയുണ്ട്. കാര്യം തിരക്കിയപ്പോള്‍ കമാന്‍ഡര്‍ കഥയുടെ കെട്ടഴിച്ചു. ബാത്‌റൂമില്‍ നിന്ന് കമാന്‍ഡര്‍ ഇറങ്ങിവരുമ്പോള്‍ റഷീദ് മുഖം ചുളുക്കി നില്‍ക്കുകയാണ്. ഇട്ടിരിക്കുന്ന പാന്റ്‌സിന്റെ പിറകില്‍ മുഴച്ചുനില്‍ക്കുന്ന സാധനം വലിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. തുടര്‍ന്ന് റഷീദ് പാന്റ്‌സിനുള്ളില്‍ നിന്ന് ഒരു ഷഡ്ഡി പുറത്തേക്കു വലിച്ചെടുത്തു.സംഗതി കമാന്‍ഡറുടേതാണ്. താനെന്തിനാ എന്റെ പാന്റ്‌സിനുള്ളില്‍ ഷഡ്ഡി എടുത്തുവച്ചത് ദേഷ്യമടക്കാനാവാതെ റഷീദിന്റെ ചോദ്യം. ഹേയ് അങ്ങിനെ വരാന്‍ വഴിയില്ലല്ലോ എന്ന സന്ദേഹത്തോടെ കമാന്‍ഡര്‍ റഷീദിനെ സമീപിച്ചു. ഇല്ലാ ഇതു നിങ്ങളുടേത് തന്നെയാണ്. ഷഡ്ഡി തിരിച്ചറിഞ്ഞ കമാന്‍ഡറിന്റെ മുഖം ജാള്യതയില്‍ ചുവന്നു. സോറി...
മറുപടി പറഞ്ഞ് കമാന്‍ഡര്‍ തടിതപ്പി.
തുടര്‍ന്ന് ഭിത്തിയിലെ ആണിയില്‍ തൂക്കിയിട്ടിരുന്ന പാന്റ്‌സ് എടുത്തു കമാന്‍ഡര്‍ വലിച്ചുകയറ്റി. (വലിച്ചു കയറ്റേണ്ടി വന്നില്ല..ശൂൂൂൂൂന്ന് കയറിപ്പോയി). കണ്‍ഫ്യൂഷനിലായ കമാന്‍ഡര്‍ റഷീദിനെ നോക്കി. മിസ്റ്റര്‍ ബീന്‍ നില്‍ക്കുന്നതു പോലെ നിന്നു പരുങ്ങുകയാണ് ആശാന്‍. പാന്റ്‌സ് കാലില്‍ ഇറുകിപിടിച്ചിരിക്കുന്നു. നടക്കാന്‍ കൂടി പറ്റുന്നില്ല. ഉറക്കത്തിന്റെ കെട്ടുവിടാത്തതും സ്വതസിദ്ധമായ ഉദാസീനതയും കൂടിയായപ്പോള്‍ എല്ലാം മംഗളമായി. സമയം കളയാതെ കമാന്‍ഡര്‍ റഷീദ് ഇട്ടിരുന്ന പാന്റ്‌സ് ഊരിവാങ്ങി. എന്നിട്ടു ചോദിച്ചു. തൂക്കണാം കുരുവിക്കൂട്ടില്‍ അധിനിവേശം നടത്തുന്നോ ആറ്റക്കറുപ്പാ....?
:)
1 comment:
'അക്‌ബറിന്റെ സിംഹാസനത്തില്‍ മൂട്ടയോ' എന്നാണു ചോദിക്കേണ്ടിയിരുന്നത്
Post a Comment