രാത്രി യുദ്ധത്തിന്നിടയില്‍ കിട്ടിയ ഇത്തിരിനേരത്താണ് പിലാത്തറക്ക് ചോറുണ്ണാന്‍ തോന്നിയത്. അമിത വിശപ്പാണോ പൊരിച്ച അയലയാണോ കാരണമെന്നറിയില്ല, വലിച്ചുവാരിത്തിന്ന പിലാത്തറയുടെ തൊണ്ടയില്‍ മീന്‍മുള്ളു കുടുങ്ങി. വേദന അധികരിച്ചുവെങ്കിലും രണ്ടുപ്ലേറ്റ് ചോറുകഴിച്ച ശേഷം മാത്രമാണ് മെസ്സില്‍ നിന്ന് പോരാളി പുറത്തിറങ്ങിയത്. പുട്ടിനു തേങ്ങാപ്പീര പോലെ ചോറുരുട്ടി വിഴുങ്ങിയും വെള്ളം കുടിച്ചും മുള്ളുകളയാന്‍ പ്രയത്‌നിച്ചെങ്കിലും വിജയിക്കാതെയാണ് പരിഭ്രാന്തനായ പിലാത്തറ യുദ്ധക്കളത്തിലെത്തിയത്. മുള്ളുകളയുന്നതിന് പലവിധ അഭിപ്രായങ്ങളായിരുന്നു. മെസ്സില്‍ രാവിലെയുണ്ടാക്കിട്ടും തീരാത്ത, പുട്ട് വിഴുങ്ങിയാല്‍ മതിയെന്ന നിര്‍ദേശം പ്രാവര്‍ത്തികമാക്കാമെന്നു തീരുമാനിച്ചു. എന്നാല്‍ കൂടത്തിനു തല്ലിയാല്‍ പോലും പൊട്ടാത്ത പുട്ടാണ് ചീഫ് കുക്കിന്റെ കൈപ്പുണ്യത്തില്‍ പിറവികൊള്ളുന്നതെന്ന പുനര്‍വിചിന്തനം ഉണ്ടായതോടെ ആ സാഹസം ഉപേക്ഷിച്ചു. തുടര്‍ന്നാണ് പഴം വിഴുങ്ങല്‍ എന്ന പരമ്പരാഗത മുള്ളുകളയല്‍ രീതി പിന്തുടരാന്‍ തീരുമാനിച്ചത്. സാധാരണ ജ്യൂസുകുടിക്കാന്‍ പോവുന്ന ഫ്രൂട്ട്‌സ് കടയിലേക്ക് പോരാളികള്‍ പിലാത്തറയെയും കൂട്ടി ആഘോഷത്തോടെ നീങ്ങി. ദൗര്‍ഭാഗ്യമെന്നു പറയട്ടെ അടച്ചിട്ട കടയാണ് ഞങ്ങള്‍ പോരാളികള്‍ക്കു കാണാന്‍ കഴിഞ്ഞത്. തൊണ്ടതിരുമ്മി കണ്ണുതള്ളി വില്ലുപോലെ വളയുന്ന പിലാത്തറയുടെ ദൈന്യത കണ്ടില്ലെന്നു നടിച്ച് സംഘം യുദ്ധക്കളത്തില്‍ തിരിച്ചെത്തി. മുള്ളുവിഴുങ്ങിയ പിലാത്തറയുടെ അന്ത്യകൂദാശ നടത്തേണ്ടി വരുമെന്നു പേടിയുണ്ടായിരുന്നെങ്കിലും രാവിലെയോടെ മുള്ള് തൊണ്ടയില്‍ നിന്ന് അപ്രത്യക്ഷമായി.
പഴം വിഴുങ്ങലല്ലാതെ മറ്റെന്തുമാര്‍ഗമാണ് മുള്ളുകളയാന്‍ അവലംബിക്കുകയെന്ന ഗവേഷത്തിലാണ് പിലാത്തറയിപ്പോള്‍. രാത്രിയായാലും കടയടച്ചുപോയാലും പിന്തുടരാന്‍ പറ്റുന്ന ഒരു പ്രയോഗം. കിട്ടിയാല്‍ നിങ്ങളെയും അറിയിക്കുന്നതാണ്.
3 comments:
2 പെഗ് അടിച്ചു സുഖമായിട്ട് കിടന്നുറങ്ങിയാല്‍ പോരേ..
വലിച്ചുവാരിത്തിന്ന പിലാത്തറയുടെ തൊണ്ടയില്‍ മീന്‍മുള്ളു കുടുങ്ങി. വേദന അധികരിച്ചുവെങ്കിലും രണ്ടുപ്ലേറ്റ് ചോറുകഴിച്ച ശേഷം മാത്രമാണ് മെസ്സില്‍ നിന്ന് പോരാളി പുറത്തിറങ്ങിയത്.
അപ്പോഴെങ്കിലും പോരാളി പുറത്തിറങ്ങിയല്ലോ ..ഭയങ്കരന്‍ !
വെറുമൊരു മുള്ളിനു മുന്‍പില്‍ തോല്‍വി സമ്മതിയ്ക്കാതെ പൊരുതിയ പിലാ‘തറ’യ്ക്ക് അഭിവാദ്യങ്ങള്‍...
;)
പഴം വിഴുങ്ങല്‍ അതല്ലെങ്കില്‍ ചോറുറുള (വെറും ചോറ്)വിഴുങ്ങല്‍ ഒക്കെയാണ് ഞങ്ങളും പരീക്ഷിയ്ക്കാറുള്ളത്.
Post a Comment