
പലവഴിയെത്തി മാധ്യമധര്‍മത്തിന്റെ മേഖലയില്‍ ഒരേ സമയം പ്രവേശിച്ച ഒരേ മനസ്സും പല ശരീരവുമുള്ള പച്ചമനുഷ്യരാണു തോറബോറ പോരാളികള്‍. ഓര്‍മകളുടെ മധുരവും കയ്‌പും അനുഭവിക്കുകയും പങ്കുവയ്‌ക്കുകയും ചെയ്‌ത അവരുടെ കിടപ്പുമുറിയുടെ ഓമനപ്പേരായിരുന്നു തോറബോറ. കുറച്ചു മാസങ്ങള്‍ മാത്രമാണ് അവിടെ ഉറങ്ങിയും കഥപറഞ്ഞും ചെലവഴിച്ചതെങ്കിലും ഓര്‍മയില്‍ ചേക്കേറിയ തോറബോറയെന്ന അനുഭവം ഒരിക്കലും മറക്കാനാവുന്നതല്ല. സ്‌നേഹധനരായ ഒരു പറ്റം യുവാക്കളാണു ഈ പോരാളിസംഘത്തിന്റെ മുതല്‍ക്കൂട്ട് (വഴക്കിടലും പിണക്കവുമൊന്നും അതിനെ ബാധിക്കില്ല, ബാധിക്കാറുമില്ല). സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു 2006ല്‍ കോഴിക്കോട്ടെത്തുകയും തേജസ് ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് ജേണലിസത്തില്‍ ഡിപ്ലോമ കോഴ്‌സ് ചെയ്‌തു പലവഴി പിരിയുകയും ചെയ്‌ത ആ പറ്റത്തിനു ഒന്നിച്ചു കൂടാന്‍ പലപ്പോഴും കഴിഞ്ഞിരുന്നില്ല. ഫോണിലും ചാറ്റിങിലും ഒത്തുകൂടലിനെക്കുറിച്ചു താല്‍പ്പര്യം പ്രകടിപ്പിക്കുകയും ഓര്‍മകള്‍ പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു ആ പാവം പോരാളികള്‍. തിരക്കിനിടയില്‍ രണ്ടുദിവസം അതിനായി മാറ്റിവയ്‌ക്കാന്‍ കഴിയുമായിരുന്നില്ല എന്നതിനേക്കാള്‍ അതിനായി അധികം ശ്രമിച്ചിരുന്നില്ല എന്നതാണു സത്യം.
പക്ഷേ, എല്ലാ തിരക്കുകളും മാറ്റിവച്ച് ഞങ്ങള്‍ പോരാളികള്‍ ഒരു ദിനം ആഘോഷിക്കാന്‍ പോവുന്ന വിവരം ബൂലോഗരെ അറിയിക്കട്ടെ. പടച്ചവന്റെ അനുഗ്രഹമുണ്ടെങ്കില്‍ അടുത്തമാസം എട്ടാം തിയ്യതി വൈകീട്ട് പുതു ഓര്‍മകള്‍ക്കു പാത്രമായിത്തീരാന്‍ ഞങ്ങളൊത്തുകൂടും. സുധീറിന്റെ മിമിക്രിയും നിസാമിന്റെ സംഗീതകച്ചേരിയും എല്ലാരും ഒത്തൊരുമിച്ചുള്ള നാടന്‍പാട്ടുകളും കളിയാക്കലും നിറഞ്ഞ ഒരു രാത്രി. സ്വപ്‌നങ്ങള്‍ക്കു മാറ്റുപകരാന്‍ മണലാരണ്യത്തില്‍ കഷ്ടപ്പെടുന്ന മൊബൈല്‍ ജോക്കിയെന്ന മജീദിനു അന്നു ഞങ്ങളോടൊപ്പം കൂടാന്‍ കഴിയില്ല എന്നുള്ള വേദന ആ വേളയില്‍ മാറ്റിനിര്‍ത്താതെ മറ്റെന്തു ചെയ്യാം....
തോറബോറയിലെ പോസ്‌റ്റുകള്‍ മുഴുവനും പോരാളികളെ സംബന്ധിയായ അബദ്ധങ്ങള്‍ കളിയാക്കലുകളും നിറഞ്ഞതാണല്ലോ, ഒരു പക്ഷേ വരാന്‍ പോവുന്ന സംഗമദിനവും മറ്റൊരു പോസ്‌റ്റിനുള്ള അവസരം സൃഷ്ടിക്കുകയായിരിക്കാം. ജീവിതമെന്ന സ്വപ്‌നം ആവോളം കാണുന്നവരാണ് മറ്റെല്ലാവരെയും പോലെ പോരാളികളും. അതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഒരു കല്യാണം കഴിക്കാനുള്ള ശ്രമത്തിലാണ് റഷീദും നിസ്സാമും. 25 പെണ്ണുകാണല്‍ ചടങ്ങ് എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കുക എന്ന ഭഗീരഥ ശ്രമത്തിലാണ് റഷീദ്. അതിനോട് അടുത്തുവരികയും ചെയ്യുന്നു. പെണ്ണുകാണല്‍ച്ചടങ്ങിനേക്കാള്‍ അവിടെ നിന്നു കിട്ടുന്ന ചായയിലും പലഹാരങ്ങളിലുമാണ് അവന്റെ മനസ് കുടുങ്ങിക്കിടക്കുന്നതെന്നു സഹപോരാളികള്‍ പറയുന്ന തമാശയില്‍ ലേശം കഴമ്പില്ലേ എന്ന സംശയം ഇപ്പോള്‍ എല്ലാവര്‍ക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. ജീവിതം തമാശ പറയാനുള്ള വിഷയമല്ലെങ്കിലും ചായകുടിയുടെ എണ്ണം കൂടുന്നത് അതിനു കാരണമായിത്തീരുകയാണ്. പെണ്ണിനെ ഇഷ്ടപ്പെട്ടില്ല, വീട്ടുകാര്‍ ശരിയല്ല, നമുക്കു ചേരുന്ന പാര്‍ട്ടിയല്ല എന്നൊക്കെയാണ് കാരണം പറയുന്നതെങ്കിലും ചെറുക്കനെ പെണ്ണിനിഷ്ടമാവാഞ്ഞിട്ടു കൂടിയല്ലേ എന്ന അപവാദ പ്രചാരണം ഓഫിസില്‍ പാറിപ്പറന്നു കളിക്കുന്നുണ്ട്. ആവോ ആര്‍ക്കറിയാം സത്യാവസ്ഥ.
റഷീദിനു പിന്തുണ പ്രഖ്യാപിച്ച് നിസ്സാമും ഈ മാസമാദ്യം ഒരു പെണ്ണുകാണല്‍ ചടങ്ങു നടത്തി. ചെക്കനും പെണ്ണിനും ക്ഷ പിടിച്ചെങ്കിലും ചെക്കനെ പിടിക്കാഞ്ഞിട്ടോ എന്തോ പെണ്ണുവീട്ടുകാര്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല. ഇവന്‍മാരുടെ കല്യാണത്തിനു കൂടാമെന്നായിരുന്നു ഇത്രനാളും പോരാളികള്‍ ആശ്വസിച്ചിരുന്നത്. ഗണപതിയുടെ കല്യാണം പോലെ അതു നാളെ നാളെ എന്നു നീണ്ടു പോവുന്നതിനിടെയാണു ഒത്തുകൂടലിനു ഒരു തിയ്യതി കുറിക്കപ്പെട്ടിരിക്കുന്നത്. തോറബോറ ചീഫ് കമാന്‍ഡറിനു പിന്തുണ പ്രഖ്യാപിച്ച് ബാച്ച്‌ലര്‍ പദവി ഉപേക്ഷിക്കാനൊരുങ്ങുന്ന ഇരുവര്‍ക്കും ഈ വേളയില്‍ ആശംസകള്‍ നേരുന്നു. എത്രയും വേഗം ഒരു പെണ്ണിനെയും പിടക്കോഴിയെയും അവര്‍ക്കു കിട്ടട്ടെ. ഒത്തുകൂടല്‍ വിശേഷങ്ങള്‍ സംഭവിക്കും വരെ പോരാളികള്‍ക്കു വേണ്ടി വിടപറയുന്നു.