Friday 9 May 2008
കര്‍ണകഠോരകന്റെ ഡോഗ്സ്പോട്ട്.കോം
തോറബോറ പോരാളികളുടെ ബ്ലോഗ് മാനിയ ഉണര്‍ന്നു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞമാസം കോഴിക്കോട് നടന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുത്തപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഒരു പോരാളിയ്ക്ക് (ഉറക്കം കെടുത്തുന്ന ശിക്ഷാവിധി പടച്ചവന് വാരിക്കോരി കൊടുത്ത കര്‍ണകഠോര ശബ്ദത്തിനുടമ) സ്വന്തമായി ഒരു ബ്ലോഗ് വേണമെന്ന കലശലായ മോഹം. അതേതായാലും ആദ്യഘട്ടമെന്ന നിലക്ക് പൂര്‍ത്തിയായി. മനോഹരമായ ഒരു പേരുമിട്ടു വിദ്വാന്. പാറപ്പുറത്തു ചിരട്ടയുരക്കുന്ന ശബ്ദത്തില്‍(ട്രോ ട്രോ..പ്രാ..പ്രാ) അതേക്കുറിച്ചു കഴിഞ്ഞദിവസം പറയുകയും ചെയ്തു. അങ്ങനെ ഒന്നുരണ്ടു ദിവസത്തെ ഇടവേളക്കു ശേഷമുള്ള ഒരു പ്രഭാതം.(സമയം രാവിലെ 11 മണി..ഞങ്ങള്‍ക്കതു പ്രഭാതമാണ്..രാത്രി ഡ്യൂട്ടികഴിഞ്ഞ് അതിരാവിലെ എഴുന്നേല്ക്കുന്ന സമയമാണത്). പോരാളികളുടെ ബെഡ് വട്ട സമ്മേളനത്തില്‍ ഘോരഘോരമായി തമാശകളും തലേദിവസം ഷൂട്ട്ചെയ്ത(മൊബൈലില്‍)ചിത്രത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ആസ്വാദനവുമൊക്കെയായി ഇരിക്കുകയാണ്. സോറീട്ടോ ചിത്രത്തെക്കുറിച്ചു പറയാന്‍ വിട്ടു. വൈകുന്നേരത്തെ പതിവുചായകുടിക്കു പോയപ്പോള്‍ അവിചാരിതമായി കണ്ടുമുട്ടിയ സഹപോരാളി(സഹപ്രവര്ത്തകന്)യുടെ ഫോണ്‍വിളിയുടെ തല്‍സമയ ദൃശ്യം രഹസ്യമായി മൊബൈലില്‍ പകര്‍ത്തിയതാണ്. നര്‍ഗീസ് മ്യാന്മാറില് നാശം വിതച്ചതു പോലെയാണ് ലവന്റെ ഫോണ്‍ ഇന്‍ പ്രോഗ്രാം. ഇടയ്ക്കു റെയ്ഞ്ചു പോയ മൊബൈലില്‍ തുറിച്ചു നോക്കി പിന്നീട് 'ലൈന്‍' കിട്ടുമ്പോള്‍ ചിരിച്ചു കൊണ്ടു പമ്പരം പോലെ കറങ്ങുന്ന ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള ഒന്നാന്തരം സീന്‍. പോരാളികളുടെ പൊട്ടിച്ചിരികള്‍ക്കു വഴിമരുന്നിട്ട ഈ ചിത്രീകരണത്തെ കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്താണ് നമ്മുടെ കഥാനായകന്റെ ബ്ലോഗ് പരിചയപ്പെടുത്തല്‍. അതേക്കുറിച്ച് കേള്‍ക്കാത്ത സഹപോരാളികളുടെ ആകാംക്ഷയ്ക്കു വിരാമമിട്ടു കര്‍ണകഠോരകന്‍ ഉറക്കെ പ്രഖ്യാപിച്ചു. സ്വരത്തില്‍ മലയോളം ആത്മവിശ്വാസം നിഴലിച്ച ആ പേര് ഇങ്ങനെയായിരുന്നു- "അവലോകനം. ഡോഗ്സ്പോട്ട്.കോം". പിന്നീട് ഉയര്‍ന്ന പൊട്ടിച്ചിരിയില്‍ തോറബോറ പ്രകമ്പനം കൊണ്ടു. അബദ്ധം മനസ്സിലാക്കിയ കര്‍ണകഠോരകന്‍ സ്വരം ആവുന്നത്ര മയപ്പെടുത്തി പറഞ്ഞു. അല്ല. അവലോകനം.ബ്ലോഗ്സ്പോട്ട്.കോം പനിയുടെ മരുന്നുകുടിച്ചതിന്റെ ക്ഷീണത്തില്‍ നാക്കുതളര്‍ന്നതാണെന്ന ന്യായം പറഞ്ഞുനോക്കിയെങ്കിലും പൊട്ടിച്ചിരി ശമിപ്പിക്കാന്‍ പര്യാപ്തമായിരുന്നില്ല അത്.(പുതിയ ബ്ലോഗുകള്‍ ഇനിയും പ്രതീക്ഷിക്കാം, പോരാളികള്‍ ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇനി രക്ഷയില്ല പ്രിയപ്പെട്ടവരെ)
Subscribe to:
Post Comments (Atom)
1 comment:
പോരാളികള്‍ക്കു സ്വാഗതം ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍
Post a Comment