Tuesday, 12 August 2008

തോറബോറയില്‍ കടലാസുതോണിയിറക്കി


കര്‍ക്കടകത്തിന്റെ എല്ലാ ലക്ഷണവും പ്രകടമാക്കിയാണ്‌ കഴിഞ്ഞദിവസം തോറബോറ നിവാസികളുടെ ഉറക്കം കെടുത്തി മഴയെത്തിയത്‌. നാലാംനിലയുടെ വിസ്‌താരമേറിയ നീളന്‍മുറിയില്‍(അതാണു തോറബോറ) വെടിവട്ടം മുഴക്കി ഇരിക്കുമ്പോള്‍ അപ്രതീക്ഷിതമായാണ്‌ ശക്തമായ കാറ്റിന്റെ അകമ്പടിയോടെ മഴയെത്തിയത്‌. തകര്‍ത്തുപെയ്യുന്ന മഴയെ കുറ്റപ്പെടുത്തലിന്റെ ധ്വനിയുമായി പലരും സമീപിച്ചു. വൈദ്യുതിചിരാതുകള്‍ കണ്ണുതുറക്കാന്‍ ഇടുക്കിയില്‍ മാത്രം പെയ്‌താല്‍ പോരെ മഴ എന്നാണ്‌ പലരുടെയും ചോദ്യം.(ശരിയല്ലേ? എന്നു ന്യായമായും തോന്നാവുന്ന ചോദ്യം.) കാരണവും നിസ്സാരമാണ്‌. മഴ തുടങ്ങിയതില്‍ പിന്നെ പതിവ്‌ നടത്തവും എന്തിനധികം വൈകീട്ടത്തെ ചായകുടി വരെ നടക്കാത്ത അവസ്ഥയിലായി.
അങ്ങനെയിരിക്കെയാണ്‌ മഴയില്ല, ഡാം വറ്റിവരണ്ടു, വൈദ്യുതി നിലയ്‌ക്കും, അധികപവര്‍കട്ടിനെക്കുറിച്ചാലോചിക്കുന്നു എന്ന വകുപ്പ്‌ മന്ത്രിയുടെ പ്രസ്‌താവനയൊക്കെ ഇറങ്ങിയത്‌. ഇതുകേട്ടിട്ടോ, മഴദേവതയെ പ്രീതിപ്പെടുത്താന്‍ തവളകല്യാണവും, ശുനകകല്യാണവും, അതുംപോരാഞ്ഞ്‌ കാസര്‍കോട്‌ ഏതോ പേരറിയാ സംഘടന മഴപെയ്‌തില്ലെങ്കില്‍ ഹര്‍ത്താല്‍ നടത്തുമെന്നുവരെ പത്രപ്രസ്‌താവനയിറക്കിയതോ.... ഏതാണോ ഹേതുവായത്‌ മഴ തകര്‍ത്തുതന്നെ പെയ്‌തുതുടങ്ങി. ഉടനെത്തി വാര്‍ത്ത- മഴ ശക്തം: നിരവധി വീടുകള്‍ തകര്‍ന്നു, കിണര്‍ ഇടിഞ്ഞുതാണു, വീട്ടില്‍ കയറണമെങ്കില്‍ തോണി വേണം.....തുടങ്ങിയ വാര്‍ത്തകള്‍.
വാര്‍ത്തകളും മഴച്ചിത്രങ്ങളുമൊന്നും തെല്ലും സ്വാധീനിക്കാതെ ഇരിക്കുന്ന സമയത്താണ്‌ കാറ്റും മഴയും ഒരുമിച്ചെത്തുന്നത്‌. കാറ്റിന്റെ താണ്ഡവമായിരുന്നു അടുത്തനിമിഷങ്ങള്‍. ഷീറ്റുകള്‍ വലിച്ചുപറിച്ചെടുത്ത്‌ 'ദയ'കാട്ടിയ കാറ്റ്‌ തോറബോറയില്‍ പതിവില്‍ കവിഞ്ഞ വെളിച്ചം പ്രദാനം ചെയ്‌തു. ഒപ്പം മലവെള്ളപാച്ചില്‍ പോലെ തോറബോറയുടെ റൂഫിങ്ങിലൂടെ മഴവെള്ളത്തിന്റെ ഒഴുക്ക്‌. ബെഡ്ഡുകള്‍ വലിച്ചു തോറബോറയുടെ മൂലയ്‌ക്കു കൂട്ടിയിടാന്‍ പോരാളികളുടെ അക്ഷീണപരിശ്രമം ആവശ്യമായി വന്നു. അഭയാര്‍ഥിക്യാംപിലെ അവസ്ഥയിലേക്ക്‌ എത്തിയ കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക്‌ എത്തിക്കാന്‍ അടിയന്തരയോഗമായിരുന്നു അടുത്ത ഘട്ടം. ചീഫ്‌ കമാന്‍ഡര്‍ തന്നെ അധ്യക്ഷന്‍(അതിനുമാത്രം മാറ്റമില്ല).അടിയന്തരാവസ്ഥയിലെത്തിയ കാര്യങ്ങള്‍ വാണംവിട്ട കണക്കെ എത്തിച്ചുകൊടുത്തു അധികൃതര്‍ക്ക്‌.രാത്രിക്കുമുമ്പ്‌ ശരിയാക്കിയില്ലെങ്കില്‍ 'ശരിയാക്കു'മെന്ന ഭീഷണിയും ഒപ്പം കൈമാറി (അതു തോറബോറയുടെ കുത്തകയാണ്‌.). എല്ലാം വളരെ പെട്ടെന്നുതന്നെ നടന്നു. പുതിയ ഷീറ്റുമായി എത്തി വളരെ വേഗം തോറബോറയുടെ ചോര്‍ച്ച നിര്‍ത്തി. എന്നാല്‍ കര്‍ക്കടകമല്ലേ വില്ലന്‍. ആ സമയത്തിനുള്ളില്‍ തന്നെ പുള്ളി കാര്യം കഴിച്ചു. തോറബോറ തോണിയിറക്കാന്‍ പാകത്തില്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. റഷീദ്‌ ഖാസിമിയുടെ നിങ്ങള്‍ക്കും തന്ത്രശാലിയാവാം എന്ന പുസ്‌തകം മലവെള്ളത്തില്‍(സോറി മഴവെള്ളത്തില്‍) അങ്ങിനെ ഒഴുകി നടക്കുന്നുണ്ടായിരുന്നു, തോറബോറ പോരാളികള്‍ രാത്രി-പകല്‍(രാത്രിയും പകലും ഒരുപോലെ) ഉറക്കത്തിനെത്തുമ്പോള്‍. പുസ്‌തകത്തില്‍ പഠിപ്പിക്കാത്ത നൂറ്റിരണ്ടാമത്തെ സൂത്രമായിരുന്നു അത്‌.
കമാന്‍ഡര്‍ തോറബോറ ക്ലീന്‍ ചെയ്യുന്ന ഫോട്ടോ റഷീദിന്റെ മൊബൈലിലായിരുന്നു. ആ മഹാന്‍ നാട്ടില്‍ നിന്നെത്തിയിട്ട്‌ ആ ഫോട്ടോ പോസ്‌റ്റാട്ടോ...
വാല്‍ക്കഷണം: ചീഫ്‌ കമാന്‍ഡര്‍ തന്മയത്തത്തോടെ വൈപ്പറെടുത്ത്‌ വെള്ളം വടിച്ചുമാറ്റുന്നതുകണ്ടപ്പോള്‍ തുടങ്ങിയതാണ്‌ ഷിഹാബ്‌ പിലാ'ത്തറ' യുടെ സംശയം. അല്ല കമാന്‍ഡര്‍ക്ക്‌ ഗള്‍ഫില്‍ നേരത്തേ ഇതു തന്നയായിരുന്നോ പണിയെന്ന്‌? ..വേനലില്‍ സഹിക്കാനാവാത്ത ചൂടുമായി ഉറങ്ങാനാവാതെ പോരാളികള്‍ വിഷമിച്ചപ്പോള്‍ ചീഫ്‌ കമാന്‍ഡര്‍ എവിടെ നിന്നോ പഠിച്ച സൂത്രപ്പണിയുമായി രംഗത്തെത്തി. ബക്കറ്റില്‍ വെള്ളംനിറച്ച്‌ ഫാനിനുമുമ്പില്‍ വച്ചു റൂം തണുപ്പിക്കുക എന്നതായിരുന്നു ആ വിദ്യ. ദൈവാനുഗ്രഹത്താല്‍ ഇനി ബക്കറ്റില്‍ വെള്ളം നിറയ്‌ക്കേണ്ട ആവശ്യമില്ലല്ലോ..കിടക്കുകയല്ലെ ഡാംനിറഞ്ഞപോലെ ഫാനിനും കിടക്കക്കും കീഴില്‍ വെള്ളം. തണുപ്പ്‌ സഹിക്കാന്‍ പറ്റുന്നില്ല..എന്ന ചുരുക്കംചില പരാതികളെ ഇപ്പോഴുള്ളൂ.
(NB..ആരും കമാന്‍ഡറോടു ഇക്കാര്യം പറയല്ലെ...കമാന്‍ഡറെ നിഷേധിച്ചാല്‍ ആ നിമിഷം തോറബോറയുടെ പുറത്താണ്‌ ചീഫ്‌ കമാന്‍ഡറായി പോരാളികള്‍ കൈയടിച്ചു പാസ്സാക്കിയ നിയമാവലി തന്നെ കാരണം.)

Sunday, 10 August 2008

എന്തേ കണ്ണനിത്ര കറുപ്പുനിറം? തോറബോറയിലെ ഒരു ദിവസം

എന്തേ കണ്ണനിത്ര കറുപ്പുനിറം. കാളിന്ദിയില്‍ കുളിച്ചതിനാലോ...അത്ര സുഖകരമല്ലാത്ത ശബ്ദത്തില്‍(നേര്‍പ്പിച്ചാണു പാടുന്നത്‌ എന്നതു നേര്‌. പക്ഷേ..കര്‍ണകടോരകന്‌ എത്രയാണു ശബ്ദം നിയന്ത്രിക്കാന്‍ പറ്റുക)പല്ലാരിമംഗലത്തിന്റെ 'ഗാനം' തോറബോറയില്‍ മുഴങ്ങി. അതിരാവിലെയുള്ള ഈ പാട്ടുകച്ചേരി സ്ഥിരമാണിവിടെ. കറുത്തുപോയതിന്‌ ഇത്രമാത്രം അഹങ്കരിക്കുന്ന ഒരാളെ ആദ്യമായിട്ടാണ്‌ പോരാളികള്‍ കാണുന്നത്‌.രണ്ടുലൈന്‍ പാടിപ്പറഞ്ഞതിനു ശേഷം അടുത്ത ഗാനവും തുടങ്ങി മഹാന്‍. ഫേവറൈറ്റ്‌ ഗാനമായ കറുത്തപ്പെണ്ണേ നിന്നെകാണാഞ്ഞിട്ട്‌ ഒരു നാളുണ്ടേ....ഇല്ലാ ഇനിയും സഹിക്കാനാവില്ല. നിര്‍ത്തെടാ കാട്ടുമാക്കാനേ...പിലാത്തറയാണ്‌ ധൈര്യസമേതം ഗോദയിലിറങ്ങിയത്‌.(കാട്ടുമാക്കാന്‍ എന്നത്‌ സ്‌നേഹത്തില്‍ ചാലിച്ച വിളിയാണ്‌ തെറ്റിദ്ധരിക്കരുത്‌) കര്‍ണകടോരകന്റെ ശബ്ദം നിലച്ചു. മഴതോര്‍ന്ന നിശ്ശബ്ദ്‌ദയായിരുന്നു പിന്നെ തോറബോറയില്‍. പോരാളികള്‍ ദീര്‍ഘനിശ്വാസം വിട്ടു. ഞാനൊരു പാട്ടുപാടിയാല്‍ എന്താണ്‌ നിങ്ങള്‍ക്ക്‌...? പല്ലാരിമംഗലം വിടാന്‍ ഭാവമില്ല.. പാടിയാല്‍ പ്രശ്‌നമില്ല. പാടിപ്പറയുന്നതാണ്‌ കുഴപ്പം. ഇത്തവണത്തെ മറുപടി തങ്ങളുടേതാണ്‌.
ഓ വന്നിരിക്കുന്നു ഒരു ഗായകന്‍, എന്തരപ്പിയുടെ നാട്ടുകാരനായ നിനക്കെന്തവകാശമാണ്‌ എന്റെ പാട്ടിനെ കുറ്റം പറയാന്‍ പല്ലാരിമംഗലത്തിന്റെ മറുചോദ്യം. ഇല്ല ഒരേറ്റുമുട്ടല്‍ കാണാനുള്ള ഭാഗ്യമില്ല. തങ്ങള്‍ പിന്‍വലിഞ്ഞിരിക്കുന്നു. എന്തേ കണ്ണനിത്ര കറു...കര്‍ണകടോരകന്റെ ശബ്ദം പാതിവഴിയില്‍ ആരോ പിടിച്ചുനിര്‍ത്തിയിരിക്കുന്നു.വായപൊത്തിപ്പിടിച്ചതു റഷീദാണ്‌. ആകപ്പാടെ ബഹളമായി. എന്താണു ചെയ്യുക ഈ സാധനത്തെ..? കറുപ്പിനെന്താണ്‌ ഇത്ര അഴകോ..? സംശയം ആ വഴിക്കായി. പോരാളികളുടെ എതിര്‍പ്പിനെ വകവയ്‌ക്കാതെ കടോരകന്‍ 'പാടി'ത്തകര്‍ക്കണമെങ്കില്‍ കാര്യമായ പ്രശ്‌നം ഉണ്ടായിട്ടുണ്ടാവുമെന്ന്‌ ഉറപ്പ്‌. ഇനിയും മിണ്ടാതിരുന്നാല്‍ പോരാട്ടമുറപ്പ്‌. ചീഫ്‌കമാന്‍ഡറുടെ ഊഴമായിരുന്നു അടുത്തത്‌. പോരാളികളെ അതിസൂക്ഷ്‌മമായി വീക്ഷിച്ചിട്ടാണ്‌ ചോദ്യം. ആരാണിതിനെല്ലാം കാരണക്കാരന്‍. ? ഇത്തവണ പരുങ്ങിയത്‌ പിലാത്തറയാണ്‌. ചാര്‍ളിചാപ്ലിന്‍ കാര്യം തുറന്നു പറഞ്ഞു. തലേന്ന്‌ കടോരകന്റെ മെയിലിലേക്ക്‌ ഒരു പടമയച്ചിരുന്നു. ഓഫിസില്‍ സഹപ്രവര്‍ത്തകരുടെ മുമ്പില്‍ മെയില്‍ തുറന്ന കടോരകനു നാണംകെട്ടു. പടമിതാണ്‌.

പടത്തിലെ എഴുത്താണു കൂടുതല്‍ പ്രശ്‌നമുണ്ടാക്കിയത്‌. തന്റെ വീക്ക്‌നെസ്സില്‍(കടോരകന്റെ ആഹാരവീക്ക്‌നെസ്സിന്‌ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്‌. അക്കഥ അടുത്ത തവണ)തന്നെ കയറിപ്പിടിച്ചാല്‍ വിട്ടുകൊടുക്കുമോ ആരെങ്കിലും. പോരേ പൂരം. പാടി പ്രതിഷേധിക്കുകയല്ലാതെ പിന്നെന്താണു കടോരകന്‍ ചെയ്യുക. പോട്ടെടാ കുട്ടാ..പിലാത്തറ(തറ) ഒരു തമാശ കാണിച്ചതല്ലേ..കമാന്‍ഡറുടെ ആശ്വസിപ്പിക്കല്‍ ഏറ്റു. പല്ലാരിമംഗലം നിശ്‌ബദനായി.
സംഘര്‍ഷാവസ്ഥയ്‌ക്ക്‌ അയവുവന്നു തുടങ്ങി. ഒടുവില്‍ കമാന്‍ഡര്‍ പാടിയ ഗാനം പോരാളികള്‍ ഏറ്റുപാടി. കറുപ്പിനഴക്‌ ഓ ഓ ഓ വെളുപ്പിനഴക്‌. പുലരിയിലെ പുതുമഴയില്‍....എല്ലാവരും ഹാപ്പി..പല്ലാരിമംഗലത്തിനും..

Thursday, 7 August 2008

08.08.08 അഥവാ ചീഫ്‌ കമാന്‍ഡറിന്റെ മൂന്നാം വിവാഹ വാര്‍ഷികം



നാളെ ബെയ്‌ജിങില്‍ കലാമാമാങ്കമായ ഒളിംപിക്‌സിന്‌ ചിറകുകള്‍ വിരിയും. എട്ടുകളുടെ കൂട്ടങ്ങള്‍ സംഗമിക്കുന്ന ആ അസുലഭ മുഹൂര്‍ത്തത്തിനു കണ്ണും കാതുമോര്‍ത്തിരിക്കുന്ന ലോകകായിക പ്രേമികള്‍ക്കു മുമ്പില്‍ വിവാഹിതരാവാന്‍ കാത്തിരിക്കുന്ന പതിനാറായിരത്തിലധികം ചൈനക്കാര്‍ കൂടി ആവുമ്പോള്‍ അതിന്റെ മധുരം ഇരട്ടിയാണ്‌. പത്രത്താളുകളില്‍ വിവാഹത്തിന്‌ അപേക്ഷ സമര്‍പ്പിക്കാനെത്തിയവര്‍ മണിക്കൂറുകള്‍ ഓഫിസുകള്‍ക്കു മുമ്പില്‍ ക്യൂ നിന്ന വാര്‍ത്ത കൗതുകം ജനിപ്പിച്ചിരുന്നു.ചൈനക്കാരുടെ ഭാഗ്യനമ്പറായ 8കള്‍ ഒരു കൂട്ടമായി മുന്നിലെത്തുമ്പോള്‍ ന്യായമായും നമുക്കവരെ പിന്തുണക്കാം. അത്തരം വാര്‍ത്തകള്‍ പലരീതിയില്‍, ഭാവത്തില്‍ കണ്ടിരിക്കുമ്പോഴാണ്‌ അവിചാരിതമായി ചീഫ്‌ കമാന്‍ഡര്‍ ഒരു വാര്‍ത്ത അറിയിക്കുന്നത്‌. ആ എട്ടുകളുടെ കൂട്ടം സമാഗതമാവുമ്പോള്‍ താനും ഒരു വാര്‍ഷികത്തെ 'ആഘോഷി'ക്കാന്‍ തയ്യാറെടുക്കുകയാണെന്ന്‌.പോരാളികള്‍ക്ക്‌ ആ വാര്‍ത്തയെക്കുറിച്ച്‌ ആകാംക്ഷ ഉണ്ടായില്ല എന്നു പറഞ്ഞാല്‍ അതു കളവാണ്‌. ഒടുവിലാ സത്യം കമാന്‍ഡര്‍ വ്യക്തമാക്കി. താന്‍ വിവാഹിതനായതിന്റെ മൂന്നാം വാര്‍ഷികമാണ്‌ 08-08-08. 'ആഘോഷമാണോ' 'ദുരന്തമാണോ' കടന്നുവരുന്നതെന്ന കാര്യത്തില്‍ മാത്രം തോറബോറയില്‍ സംശയം ബാക്കി. ഏതായാലും മൂന്നുദിവസത്തെ ലീവ്‌ വാങ്ങി കമാന്‍ഡര്‍ സ്വദേശമായ തൃക്കരിപ്പൂരിലേക്ക്‌ ഇന്ന്‌ (07-08-08)യാത്രയായി. (ഇവിടെയോരോരുത്തര്‍ വിവാഹവാര്‍ഷികം ആഘോഷിക്കുമ്പോള്‍ ബാക്കിയുള്ളവര്‍ ഒരു പെണ്‍കുട്ടിയെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുന്നു എന്നതാണ്‌ ബാച്ചിലേഴ്‌സിന്റെ വിഷമം.) എന്തായാലും വേണ്ടില്ല, ആഘോഷങ്ങള്‍ കഴിഞ്ഞുവരുമ്പോള്‍ വിരുന്നൊരുക്കണം എന്ന ആവശ്യത്തെ ഒരു നിബന്ധനയായി കമാന്‍ഡര്‍ക്കു മുമ്പില്‍ വച്ചിട്ടുണ്ടെന്ന ആശ്വാസം മാത്രമാണ്‌ പോരാളികള്‍ക്കുള്ളത്‌. ഒപ്പം സന്തുഷ്ടപൂര്‍ണമായ വിവാഹജീവിതം ആശംസിക്കുകയും അതിനുവേണ്ടി പ്രാര്‍ഥിക്കുകയും. ചീഫ്‌ കമാന്‍ഡറും കുടുംബവും തികയ്‌ക്കട്ടെ സെഞ്ച്വറി അല്ലേ.....ഒരിക്കല്‍ കൂടി ..ആഗതമാവുന്ന വിവാഹവാര്‍ഷികത്തിന്‌ പോരാളികളുടെ ആശംസകള്‍. കമാന്‍ഡര്‍ വിജയിക്കട്ടെ...

Monday, 4 August 2008

പുതിയ ജോലി തേടി മൊബൈല്‍ജോക്കി ദുബയിലേക്ക്‌


വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഗള്‍ഫ്‌ സ്വപ്‌നങ്ങള്‍ക്ക്‌ സാക്ഷാല്‍ക്കാരവുമായാണ്‌ ഇക്കഴിഞ്ഞ രണ്ടാം തിയ്യതിയിലെ രാത്രി ഒമ്പതേകാലിന്‌ കരിപ്പൂരില്‍ നിന്ന്‌ പറന്നുയര്‍ന്ന ഫ്‌ളൈറ്റില്‍ മൊബൈല്‍ജോക്കി കുത്തിയിരുന്നത്‌.(സോറി സീറ്റിലിരുന്നത്‌). എത്രയോ ദിവസങ്ങള്‍ എടുത്താണ്‌ അഞ്ചും ആറും പേപ്പറുകള്‍ നീളുന്ന വ്യക്തിവിവര, അനുഭവ സര്‍ട്ടിഫിക്കറ്റുകള്‍ അവന്‍ തയ്യാറാക്കിയിരുന്നത്‌. പത്രങ്ങളില്‍ വരുന്ന റിക്രൂട്ട്‌മെന്റെ പരസ്യങ്ങള്‍ എത്ര ശ്രദ്ധയോടെയായിരുന്നു അരിച്ചുപെറുക്കിയിരുന്നത്‌. ഒടുവില്‍ ഷേവ്‌ ചെയ്‌ത്‌ പൗഡറിട്ട്‌ ഇന്റര്‍വ്യൂവിനായി എടുത്താല്‍ പൊങ്ങാത്ത ഫയലും പിടിച്ച്‌ അതിരാവിലെ യാത്രയാണ്‌. ഉച്ചയോടെ ക്ഷീണിതനായി എത്തും, എന്തൊക്കെയോ ചോദിച്ചു എന്തൊക്കെയോ പറഞ്ഞു എന്നും പറഞ്ഞ്‌. കാര്യം അങ്ങനെയൊക്കെയാണെങ്കിലും ഒടുവില്‍ തേടിയവള്ളി കാലില്‍ ചുറ്റി. അല്ല ചുറ്റിച്ചു എന്നു പറയുന്നതാവും ശരി. ഗള്‍ഫ്‌ മോഹം പതിയെപ്പതിയെ അടങ്ങിത്തുടങ്ങിയപ്പോഴാണ്‌ വീട്ടുകാരുടെ നിര്‍ബന്ധം ഏറിത്തുടങ്ങിയത്‌. അങ്ങനെ ഒടുവില്‍ അളിയന്റെ വക ഒരു അവസരം നല്‍കല്‍ എത്തി. വിസിറ്റ്‌ വിസ ഒരെണ്ണം അടിച്ചു കൈയില്‍ കൊടുത്തു. പഴയ മോഹങ്ങള്‍ ഉണര്‍ന്നുതുടങ്ങിയതോടെ ആശാന്‍ കൂടുതല്‍ ഉന്മേഷവാനായി. അക്കൗണ്ടിങ്‌ കോഴ്‌സിന്റെ ഓര്‍മ(അതിനുണ്ടോ ആവോ) പുതുക്കി റെഡിയായി. ജൂലൈ 31 ന്‌ തോറബോറയിലെത്തി അവസാനവട്ട യാത്രപറയല്‍. ഔദ്യോഗിക വിടപറയലിന്‌ പരിപാടി തയ്യാറാക്കണമെന്ന്‌ കമാന്‍ഡര്‍ പറഞ്ഞിരുന്നെങ്കിലും തിരക്കുമൂലം സാധ്യമായില്ല. 2ാം തിയ്യതി വീട്ടില്‍ എത്തുമെന്ന്‌ വാക്കുകൊടുത്തിരുന്നെങ്കിലും നടന്നില്ല. പ്രതിനിധികളായി ആഷിഫ്‌ താനൂരും റഷീദും എടയൂര്‍ റോഡിലെത്തി. വലിയ ബുദ്ധിമുട്ടുകളില്ലാതിരുന്ന അവരെ കരയിപ്പിച്ചിട്ടാണ്‌ പോരാളികള്‍ മടങ്ങിയെത്തിയത്‌ എന്നതില്‍ തോറബോറ പോരാളികള്‍ ഒന്നടങ്കം തലകുനിക്കുന്നു(നാണിച്ചിട്ടല്ല- റഷീദിന്റെ അറബിയിലും മലയാളത്തിലുമുള്ള പ്രാര്‍ഥന കേട്ടാല്‍ ആരാണു കരയാത്തതു സ്‌നേഹിതരേ? ) പോരാളികള്‍ വാക്കുകൊടുത്താല്‍ അതു പാലിക്കും എന്നതിന്‌ കൂടുതല്‍ തെളിവുവേണ്ടതില്ല എന്ന തെളിവാണ്‌ ജോക്കിയെ യാത്രയയക്കാന്‍ പോരാളികള്‍ എയര്‍പോര്‍ട്ടിലെത്തിയത്‌. പോരാളികള്‍ ആദ്യം അവിടെ എത്തിയെന്നതില്‍ അഭിമാനിക്കുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇപ്പോള്‍ കരയുമെന്നു തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ജോക്കിയുടെ വരവ്‌. എങ്കിലും തമാശ പറയാന്‍ ശ്രമിച്ച്‌. അവിടെയെത്തി വിളിക്കാമെന്നു ഉറപ്പുനല്‍കി ഒരു യാത്രപറയലുകൂടി നടത്തി മൊബൈല്‍ ജോക്കി നടന്നുമറയുമ്പോള്‍ ഞങ്ങളുടെ ഉള്ളം അനിയന്ത്രിതമായ വിഷമത്താല്‍ നീറി. കളിയാക്കാനും സ്‌നേഹം പങ്കുവയ്‌ക്കാനും എപ്പോഴും തോറബോറയ്‌ക്കൊപ്പമുണ്ടായിരുന്ന ആ എടയൂര്‍റോഡുകാരന്‍ ദൂരം കൊണ്ട്‌ അകലേക്ക്‌ പോവുന്നത്‌ ഞങ്ങള്‍ക്ക്‌ സഹിക്കാവതല്ല. എങ്കിലും ആത്മാര്‍ഥമായ പ്രാര്‍ഥനകളെ ബാക്കിയാക്കി ഇരുട്ടുപരക്കുന്ന റോഡിലൂടെ ഓട്ടോറിക്ഷയില്‍ മെയിന്റോഡിലേക്ക്‌. അവിടെ നിന്നും തിരക്കേറിയ ബസ്സില്‍ തോറബോറയിലേക്ക്‌ പോരാളികളുടെ മടക്കം.

Tuesday, 22 July 2008

എം.ബി.എ പ്രേതം പണിപറ്റിച്ചു; പോരാളിയൊരെണ്ണം അന്യദേശത്തേക്ക്‌


പരിചയപ്പെടുത്തുമ്പോള്‍ തോറബോറയുടെ വലത്തേമൂലയില്‍ തലയില്‍ തൊപ്പിധരിച്ച്‌ ബുള്‍ഗാന്‍ വച്ച്‌(സൂക്ഷിച്ചുനോക്കിയാലേ കാണൂ) ഒരു കുഞ്ഞിപ്പയ്യന്റെ പടം കൊടുത്തിരുന്നു. മലപ്പുറംകാരനായ സൈനുല്‍ ആബിദ്‌....നെഞ്ചില്‍ കൂടുകെട്ടിയ എം.ബി.എ മോഹം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞമാസം ഒടുവില്‍ മലയാളക്കര കടന്നിരിക്കുന്നു ആ വിദ്വാന്‍. ഇനി തോറബോറയുടെ കത്തികള്‍ക്ക്‌ 'താല്‍പ്പര്യത്തോടെ' കേട്ടിരിക്കാന്‍ ആരാണുള്ളതെന്ന ചോദ്യം ബാക്കിയാവുകയാണ്‌. വേണ്ടത്ര തയ്യാറെടുപ്പുകള്‍ എടുക്കുന്നതിനു മുമ്പേ പൊടുന്നനെ ഞങ്ങള്‍ തോറബോറയുടെ പോരാളികളെ വിട്ടുയാത്രയാവുകയായിരുന്നു ബാംഗ്ലൂരിന്റെ തിരക്കുകളിലേക്ക്‌, പഠനത്തിന്റെയും. അംഗത്വം റദ്ദാക്കണമെന്ന്‌ ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല. ചീഫ്‌ കമാന്‍ഡര്‍ അതേപ്പറ്റി ചോദിക്കുകയുമുണ്ടായില്ല. അതുകൊണ്ടുതന്നെ പഴയ പോരാളിയായി തന്നെ തോറബോറയുടെ വലത്തേമൂലയിലെ ആ ബുള്‍ഗാന്‍ വച്ച പയ്യന്‍ അവിടെയുണ്ടാവും. ഇനിയൊരു തീരുമാനം എടുക്കുന്നതുവരെ. ആഘോഷങ്ങള്‍ക്ക്‌ മാറ്റുപകരാന്‍ ഇടയ്‌ക്കൊരു റോമിങ്‌ കോള്‍, തിരക്കിട്ട സംസാരം, സ്‌നേഹാന്വേഷണങ്ങള്‍.....പോരാളികള്‍ ചിതറിപ്പോവാതിരിക്കട്ടെ ഒരു നിമിഷത്തേക്കുപോലും. നാളെ കൂടുതല്‍ മെച്ചപ്പെട്ട ജോലിയുമായി തലയുയര്‍ത്തി തിരിച്ചുവരുമ്പോള്‍ പഴയ കാലത്തിന്റെ കുസൃതികള്‍ ഓര്‍ക്കാന്‍ തോറബോറയെന്ന ഈ ലോകത്തിലെ ഫോട്ടോകളും പോസ്‌റ്റുകളും ബാക്കിയാവുമെന്ന പ്രതീക്ഷ മാത്രം ബാക്കിയാക്കി. എല്ലാ പോരാളികള്‍ക്കും വേണ്ടി.....ആശംസകളോടെ...(കമാന്‍ഡറുടെ അനുമതിയുമുണ്ട്‌ കേട്ടോ...)

Sunday, 6 July 2008

ഒരു ഫലൂദ.. പിന്നെയോ? ഒരു ചായ കൂടി പോരട്ടെ


കാലം ഇത്തിരി പഴകിയതാണ്‌. സംഭവം നടക്കുന്നത്‌ മലപ്പുറത്തിന്റെ അല്‍പ്പം ഉള്‍പ്രദേശത്താണ്‌്‌. പഠനത്തോടൊപ്പം അധ്വാനശീലവുമുള്ള ഒരു പോരാളിയെക്കുറിച്ചാണ്‌ ഈ കഥ. മൂന്നുദിവസം മുമ്പ്‌്‌ അതേ പോരാളി തന്നെയാണ്‌ ഞങ്ങള്‍ക്കു മുമ്പില്‍ ആ കഥ വിളമ്പിയത്‌.
അന്നൊരു ശനിയാഴ്‌ചയാണ്‌. കൂലി വാങ്ങി ചെറുനഗരത്തില്‍ എത്തിയ പോരാളി ചായകുടിക്കാന്‍ പറ്റിയ ഒരു കടനോക്കുന്നു. അതാ അത്യാവശ്യം നല്ലൊരു ബേക്കറി ശ്രദ്ധയാകര്‍ഷിച്ച്‌ തലയുയര്‍ത്തി നില്‍ക്കുന്നു. ദൈര്യസമേതം വച്ചു പിടിച്ചു അങ്ങോട്ടുതന്നെ. പോരാളി കസേരയില്‍ ഇരിക്കുന്നതിനു മുമ്പേ വെയ്‌റ്റര്‍ എന്തുവേണമെന്ന ചോദ്യവുമായി എത്തി. പോരാളിയാരാ മോന്‍? ആദ്യമായി ബേക്കറിയില്‍ കയറുന്ന പരിഭ്രമം ഒന്നും കൂടാതെ തന്നെ മെനുകാര്‍ഡ്‌ എടുത്തുനോക്കി ഉറക്കെ തട്ടിവിട്ടു. ഫലൂദ ഒന്നിങ്ങു പോരട്ടെ. ചുറ്റുവട്ടത്തിരുന്നു സൊറപറയുന്നവരെ പുച്ഛത്തോടെ നോക്കി ഇഷ്ടന്‍ ഗമയില്‍ ഇരുന്നു. അധികസമയം കഴിഞ്ഞില്ല, മറ്റൊരു വെയ്‌റ്റര്‍ കൂടി കസേരക്കു സമീപം ഹാജര്‍വച്ചു. ചോദ്യം ഒരു തവണകൂടി: എന്താണു വേണ്ടത്‌?. നമ്മുടെ പ്രിയപ്പെട്ട പോരാളി ചിന്തിച്ചു. കടിക്കാന്‍ ഫലൂദ പറഞ്ഞിട്ടുണ്ട്‌. ഇനിയെന്താ പറയേണ്ടത്‌. ഉത്തരം ഉടനേയെത്തി ഒരു ചായകൂടി പോരട്ടെ. വെയ്‌റ്റര്‍മാര്‍ രണ്ടുപേരും എത്തിയത്‌ ഒരേ സമയത്താണ്‌. ഒരാളുടെ കൈയില്‍ ചായ, അപരന്റെ കൈയില്‍ ഫലൂദ. പോരാളിയുടെ ടേബിളില്‍ ഇവരണ്ടും പ്രതിഷ്‌ഠിക്കപ്പെട്ടു. പോരാളിയുടെ തൊണ്ട വരണ്ടു. പിടിച്ചുവച്ച ശ്വാസം മൊട്ടുസൂചി കയറിയ ബലൂണില്‍ നിന്നെന്ന പോലെ തള്ളപ്പെട്ടു. വിറയ്‌ക്കുന്ന കരങ്ങള്‍ കൊണ്ട്‌ ആദ്യം ഫലൂദ കൈയിലെടുത്തു. രക്തം വറ്റിയ ശരീരത്തിലേക്ക്‌ പതുക്കെ ഫലൂദയുടെ രുചി അറിഞ്ഞുക്കൊണ്ടേയിരുന്നു. തുടര്‍ന്ന്‌ തണുത്തുതുടങ്ങിയ ചായ കൈയിലെടുത്തു ഒരിറക്കിന്‌ കുടിച്ചു. (ചായയുടെ ഗതി കടിയില്ലാതെ ഇറങ്ങാന്‍ തന്നെയായിരുന്നിരിക്കണം.). അടുത്ത ടേബിളിലിരുന്ന ആള്‍ ഇതെല്ലാം വീക്ഷിച്ചതിനു ശേഷം നമ്മുടെ പോരാളിയോടു ചോദിച്ചു ആദ്യായിട്ടാണല്ലേ? .... മറുപടി ഉണ്ടായതേയില്ല. പോരാളിയുടെ നാവ്‌ ഇറങ്ങിപ്പോയിരുന്നു അങ്ങ്‌ വയറിന്റെ അടിത്തട്ടോളം.

Sunday, 22 June 2008

ചീഫ്‌ കമാന്‍ഡറുടെ പിടലിവേദനയും കണ്ണിലെ കരടും

ഒരു ദിവസം രാവിലെയാണ്‌ തോറബോറയുടെ അനിഷേധ്യ ചീഫ്‌ കമാന്‍ഡറായ എം.ടി.പി അക്കാര്യം ഉണര്‍ത്തിച്ചത്‌. പിടലി തിരിക്കാനും കറക്കാനും ഒന്നും പറ്റുന്നില്ലത്രേ...സംഗതി കാര്യമാക്കാനില്ലെന്ന ആശ്വാസവചനം ഓരോരുത്തരും കൈമാറിയെങ്കിലും കമാന്‍ഡര്‍ക്കത്ര വിശ്വാസം പോരാ. ശരിയാവുമെന്നേ...ആശ്വാസത്തിന്‌ കൂടുതല്‍ വിനയവും മയവും വരുത്തി സഹപോരാളികള്‍ കൂടുതല്‍ ജാഗ്രതയിലായി. അധികം വൈകാതെ മെഡിക്കല്‍സ്‌റ്റോറില്‍ പോയി പെയിന്‍ബാമും വാങ്ങി തിരിച്ചെത്തി. രണ്ടുമൂന്നുതവണ പിടലിയുടെ മേലേക്കും താഴേക്കും ഉഴിച്ചില്‍ നടത്തി. ഉഴിച്ചില്‍ രണ്ടാം ദിനം കടന്നപ്പോഴേക്കും സംഗതി ഗുരുതരമായി. മീശമാധവനിലെ പിടലി എന്ന മച്ചാന്‍ വര്‍ഗീസിന്റെ വിളിയെ അനുസ്‌മരിക്കുന്ന വിളി പലയിടത്തു നിന്നും തുടങ്ങി. കൊച്ചിന്‍ ഹനീഫയെ അനുസ്‌മരിക്കുന്ന ദേഹം മുഴുവനായി തിരിഞ്ഞ്‌ കമാന്‍ഡറും കൂടുതല്‍ മികവുകാണിച്ചു. മൂന്നാംദിനം രാവിലെ കമാന്‍ഡര്‍ എഴുന്നേറ്റതു പുതിയ വാര്‍ത്തയുമായാണ്‌. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കണ്ണില്‍ ഏതോ ദ്രോഹി (വേറാരുമല്ല ശുദ്ധഗതിക്കാരനായ ചെറുപ്രാണികളിലൊന്നു ) വീണത്രേ...കണ്ണിലെ കരകരപ്പും പിടലിയുടെ വേദനയുമായപ്പോള്‍ ആകപ്പാടെ ബഹളമായി. പിടലിയുടെ കാര്യം പ്രഖ്യാപിക്കപ്പെട്ടപ്പോഴേ അസൂയാലുക്കള്‍ പറഞ്ഞുപരത്തിയിരുന്നു ലീവെടുത്തു വീട്ടില്‍ പോവാനുള്ള തന്ത്രമാണെന്ന്‌. എന്താ ചെയ്യുക കമാന്‍ഡര്‍ മനസ്സില്‍ കണ്ടപ്പോള്‍ അനുയായികള്‍ മാനത്തുകണ്ടു. കുബുദ്ധികളുടെ പ്രചാരണം കുറിക്കുക്കൊണ്ടു എന്നുവേണം പറയാന്‍. വീട്ടില്‍പോവാനുള്ള ആഗ്രഹത്തെ (അടവ്‌) മാറ്റിവച്ചു കമാന്‍ഡര്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമ്പോഴാണ്‌ കണ്ണില്‍ ശത്രു കടന്നുകൂടിയത്‌. ഇടതുപക്ഷത്തിനോടു കൂടുതല്‍ ചായ്‌വ്‌ പ്രകടിപ്പിച്ച്‌ ഇടത്തേ കണ്ണ്‌ കൂടുതല്‍ ചെമപ്പണിഞ്ഞു. വീണ്ടും ഓട്ടം മെഡിക്കല്‍ സ്‌റ്റോറിലാണ്‌ അവസാനിച്ചത്‌്‌. തല്‍ക്കാലത്തെ സമാധാനത്തിനും ആശ്വാസത്തിനും ക.12 കൊടുത്തു സംഘടിപ്പിച്ചു, ഒരുഗ്രന്‍ മരുന്ന്‌. ഇളനീര്‍കുഴമ്പ്‌. പേരില്‍ മാത്രമേ ഇളം ഉള്ളൂ. സംഗതി കണ്ണിലേക്ക്‌ ഒരു തുള്ളി ഇറ്റിച്ചതേ കമാന്‍ഡറുടെ കണ്ണുകള്‍ സ്റ്റാപ്ലര്‍ പിന്നടിച്ചതുപോലെ അടഞ്ഞു. രണ്ടാമതൊരു തുള്ളിക്ക്‌ സ്‌കോപ്പില്ലാത്ത വിധം അടഞ്ഞ(ച്ച) കണ്ണുമായി 1 മണിക്കൂര്‍ നേരത്തേ മാനത്തുനോക്കി(സോറി നോക്കാന്‍ കണ്ണുതുറന്നിട്ടുവേണ്ടേ)കിടപ്പിനു ശേഷം കമാന്‍ഡര്‍ കണ്ണു തുറന്നു. ചെമപ്പു കൂടുതല്‍ വ്യക്തമായി. പക്ഷേ പോരാളികളെ ശബ്ദം കൊണ്ടു തിരിച്ചറിയുന്നതേ ഉള്ളൂ. രണ്ടു കണ്ണും പോയി, പിടലിയും എന്നുള്ള കമാന്‍ഡറുടെ നിരാശപ്രകടനത്തില്‍ അനുയായികള്‍ അന്തിച്ചു നിന്നു. വെറുതേ കിട്ടിയാല്‍ ഇളനീറും ഒഴിക്കാം എന്നു കരുതിയിരുന്ന അനുയായികല്‍ ഞെട്ടി. ഇളനീര്‍ കുഴമ്പ്‌ വേണ്ട വെറുതെയാണെങ്കിലും, എന്തിന്‌ കാഴ്‌ച നശിപ്പിക്കണം. ഊഊഊഊഊഊഊഊഊ കമാന്‍ഡര്‍ ശ്വാസം വലിച്ചുവിട്ടു. കണ്ണുകള്‍ വോള്‍ട്ടേജില്ലാതെ മിന്നിക്കത്തുന്ന ട്യൂബ്‌ ലൈറ്റ്‌ പോലെ അടച്ചും തുറന്നും കമാന്‍ഡര്‍ നിമിഷങ്ങള്‍ പിന്നിട്ടു. പിടലിയുടെ പിടിത്തം അവഗണിച്ച്‌ തല ചെറുതായി ചെരിച്ച്‌ പോരാളികളെ നോക്കി. കഥകളിക്കു ചായമിട്ടതുപോലെ ഇരുകണ്ണുകള്‍ക്കും ഇളനീര്‍ വാലെഴുതിയിരിക്കുന്നു.നേര്‍ത്ത ഒരു സ്വരം പോരാളികള്‍ കേട്ടു. ആ വാചകം ഇങ്ങിനെയായിരുന്നു. കാശുപോയീ....കണ്ണും.കമാന്‍ഡറുടെ ആത്മഗതമായിരുന്നു അത്‌. കമാന്‍ഡറുടെ പിടലിവേദനയും കണ്ണിലെ കരടുമായി പോരാളികള്‍ അടുത്ത ഇരകളെ തേടി യാത്രയായി. പുതിയ കഥകള്‍ ചമയ്‌ക്കാനും കഥയ്‌ക്കു കൂട്ടുകള്‍ തേടിപിടിക്കാനും.