പുതിയ സംഭവവികാസങ്ങള്‍ ഉണ്ടാവാത്തതില്‍ ഒരേ സമയം ആശങ്കയിലും ആകാംക്ഷയിലുമായിരുന്നു പോയ രണ്ടുമാസക്കാലമായി തോറബോറ. എന്താണ് ഒന്നും സംഭവിക്കാത്തത്? എല്ലാവരും പലപ്പോഴായി ഉയര്‍ത്തുകയും ചെയ്‌തു ഈ ചോദ്യം. അധികം കാത്തിരിക്കേണ്ടിവന്നില്ല, കളിയാക്കലുകളുടെ ഉസ്‌താദിനായിരുന്നു ആദ്യ ഊഴം. ഇടുക്കിയില്‍ നിന്നുള്ള കോഴിക്കോടന്‍ യാത്ര, ജീവിതാവസാനം വരെ അല്‍ട്ട്‌സ്‌ഹെയ്‌മേഴ്‌സ്(ഉച്ചാരണം ഇതാണെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.) ബാധിച്ചിട്ടില്ലെങ്കില്‍ മറക്കില്ലെന്നുറപ്പുള്ളതാക്കിയായിരുന്നു മഹാകവി നിഷാദിന്റെ വരവ്.(കവിയെന്ന് അയാള്‍ സ്വയം അവകാശപ്പെടുന്നതാണ്. പോരാളികള്‍ ആരും തന്നെ അതംഗീകരിക്കാന്‍ തയ്യാറില്ലെന്നുള്ളതാണ് സത്യം). നിഷാദ് പറഞ്ഞ 'സത്യ'ത്തില്‍ നിന്നും പോരാളികള്‍ മെനഞ്ഞ കഥയില്‍ നിന്നും ഉരുത്തിരിഞ്ഞ സാരം ഇതാണ്:- ട്രെയിനില്ലാത്ത ജില്ലയെന്ന നാണക്കേടംഗീകരിക്കാന്‍ വിമുഖത കാണിക്കുന്ന പോരാളിക്ക് നാട്ടില്‍ നിന്നു പുറപ്പെടുന്ന മലബാര്‍ രാത്രികാല ബസ്സിനെ ആശ്രയിക്കാമായിരുന്നു. എന്നാല്‍ ആലുവയില്‍ ബസ്സിറങ്ങി കോഴിക്കോടിനു ട്രെയിന്‍ പിടിക്കാനാണ് കവിയുടെ മനസ് തീരുമാനമെടുത്തത്. ആലുവയില്‍ ഒന്നരമണിക്കൂര്‍ ട്രെയിന്‍ കാത്തുനിന്നു ചാടിക്കയറിയ ബോഗി കണ്ടതേ പോരാളിയുടെ കണ്ണുതള്ളി. ലോക്കലിനുള്ള ടിക്കറ്റുമായി ചാടിക്കയറിയത് റിസര്‍വ്‌ഡ് ബോഗിയില്‍.
ട്രെയിനില്‍ കയറിയ പാടെ തോറബോറയില്‍ വിളിച്ച് വരുന്ന വിവരം അറിയിച്ചതിനു ശേഷം പോരാളി സുഖയാത്ര തുടര്‍ന്നു. ടിക്കറ്റ് എക്‌സാമിനര്‍ വരല്ലേ വരല്ലേ എന്ന പ്രാര്‍ഥന തന്നെ വഴിനീളെ.. ഷൊര്‍ണൂര്‍ എത്തിയ ട്രെയിന്‍ ഒരുമണിക്കൂറോളം നിര്‍ത്തിയിട്ട ശേഷം സാവധാനം ചലിച്ചുതുടങ്ങി. ഇതുവരെ കണ്ടിട്ടില്ലാത്ത പ്രദേശങ്ങള്‍, ജനവാസമില്ലാത്ത സ്ഥലമാണ് ഇരുവശവും. ഒന്നുരണ്ട് സ്റ്റേഷനുകളുടെ പേര് കണ്ടെങ്കിലും വായിച്ചിട്ട് തലയില്‍ കയറിയതേയില്ല. എതിര്‍വശത്തിരുന്ന പെണ്‍കുട്ടിയെ കാണാന്‍ അത്ര രസമില്ലെങ്കിലും അവളുടെ ശ്രദ്ധപിടിച്ചെടുക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നുമുണ്ട്. കുറച്ചു കഴിഞ്ഞതോടെ പെണ്‍കുട്ടിയും അച്ഛനും പാലക്കാട് ഇറങ്ങി. വല്ലപ്പോഴുമുള്ള ട്രെയിന്‍ യാത്രയായതിനാല്‍ കോഴിക്കോട് എവിടെ, പാലക്കാട് എവിടെ മലപ്പുറം എവിടെ എന്ന ധാരണ ഇല്ലാത്തതിനാല്‍ പാലക്കാടന്‍ വയലുകളും കണ്ടായിരുന്നു ബാക്കിയാത്ര. കാഴ്‌ച കാണുന്നതിനിടെയാണ് അപ്രതീക്ഷിതമായി സ്വാഗതം കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡ് കാണുന്നത്. ആപത്‌ശങ്ക അപ്പോള്‍ മാത്രമാണ് പോരാളിയുടെ മനസ്സില്‍ ഉണരുന്നത്. എതിര്‍ സീറ്റില്‍ ഇരുന്ന തമിഴനോട് ട്രെയിന്‍ എങ്ങോട്ടാണെന്നു ചോദിച്ചപ്പോള്‍ പോരാളിയുടെ ഞെട്ടല്‍ പൂര്‍ത്തിയായി. തോറബോറയില്‍ വിളിച്ച് കടന്നുപോയ സ്‌റ്റേഷന്റെ പേരു പറഞ്ഞുകൊടുത്തു. 'മധുക്കര'. അരമണിക്കൂര്‍ കൂടി ഇരിക്കൂ കോയമ്പത്തൂര്‍ പോയി വരാം എന്നായിരുന്നു അലറിച്ചിരിച്ചുകൊണ്ടുള്ള മറുപടി. (എങ്ങനെ ചിരിക്കാതിരിക്കും സഹപോരാളികളുടെ അബദ്ധങ്ങള്‍ കണ്ടുപിടിച്ചു പൊടിപ്പുംതൊങ്ങലും വച്ച് കഥയുണ്ടാക്കുന്ന ആള്‍ക്കല്ലെ ആനയോളം പോന്ന അമളി പറ്റിയിരിക്കുന്നത്. കോയമ്പത്തൂര്‍ ഇറങ്ങി പുറത്തു കടക്കുന്നതിനിടയില്‍ ടിക്കറ്റ് എക്‌സാമിനറും പൊക്കി. ആലുവയില്‍ നിന്നു കോഴിക്കോടിനുള്ള ടിക്കറ്റ് കണ്ട തമിഴന്‍ പുരികം ചുഴിച്ചു തുറിച്ചു നോക്കി. പാവം പോരാളി... കവിയുടെ സംസാരം എങ്ങനെയും അയാള്‍ക്കു മനസ്സിലാവുന്നില്ല. തമിഴനല്ലേ അയാള്‍ക്കെന്തു മലയാളം. അത് വന്ത് സാര്‍ നാന്‍ ട്രെയിനിലിറുന്ത് തൂങ്കിപ്പോയി....ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ച് പോരാളി തമിഴനെ നോക്കി..ഒടുവില്‍ പോക്കറ്റില്‍ നിന്ന് പ്രസ് കാര്‍ഡ് കാണിച്ചാണ് രംഗം ശാന്തമാക്കിയത.് നീണ്ട മൂന്നുമണിക്കൂറാണ് കോഴിക്കോടിനു പോവുന്ന ട്രെയിനു വേണ്ടി പോരാളിക്ക് അവിടെ കാത്തുനില്‍ക്കേണ്ടി വന്നത്. ഒടുവില്‍ പാതിരാത്രി ഒരു മണിക്ക് പോരാളി സഹിക്കാനാവാത്ത വിശപ്പുമായി തോറബോറിയിലെത്തി. ചിരിയുടെ മാലപ്പടക്കമായിരുന്നു തോറബോറയില്‍. സഹപോരാളികളെ വിളിക്കാതെ തനിച്ച് ടൂര്‍ പോയതിലായിരുന്നു ചിലര്‍ക്ക് സങ്കടം. ഏറെനേരം നിന്നു നീരുവച്ച കാലുമായി പോരാളി നിസ്സഹായതോടെ സഹപോരാളികള്‍ക്കു നേരെ കണ്ണുപായിച്ചു. അധികം കളിയാക്കലുകള്‍ക്ക് ഇടകൊടുക്കാതെ കോയമ്പൂര്‍ കഥകളുമായി കവി വാചാലനായതോടെ തോറബോറ പഴയ രസത്തിലേക്ക് മടങ്ങി വന്നു. പിന്നീട് ഒരാഴ്‌ച തോറബോറയില്‍ കോയമ്പത്തൂര്‍ കഥമാത്രമായിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ...
ഒന്നാം കഥയുടെ രംഗപ്രവേശം കഴിഞ്ഞ് അധികം വൈകാതെയാണ് രണ്ടാമത്തെ കഥ ഉരുത്തിരിയുന്നത്. വായുകയറി നിറഞ്ഞ റഷീദിന്റെ വയറിന് എന്നും പ്രശ്‌നങ്ങളാണ്. ഡോക്ടര്‍ കഴിക്കരുതെന്ന് പറഞ്ഞ ഭക്ഷണസാധനങ്ങളെ ധീരനായ ആ പോരാളി കഴിക്കൂ...രാവിലെ ആറിന് ഹോട്ടലില്‍ നിന്ന് ബോണ്ട(നിറയെ കിഴങ്ങാണതില്‍),പിന്നെ പൊറോട്ട, ആ തൊണ്ടക്കുഴിയിലൂടെ ചോറിറങ്ങണമെങ്കില്‍ ഓംലൈറ്റ് വേണം...അങ്ങനെ ഗ്യാസിളകുമ്പോള്‍ ജെലൂസില്‍ വാങ്ങി വിഴുങ്ങി ജീവിതം മുന്നോട്ടുരുട്ടുന്നതിനിടയിലാണ് അപ്രതീക്ഷിതമായി വയര്‍ പണിമുടക്കിയത്. അകത്തോട്ടു സ്വീകരിക്കുക മാത്രമാണ് നല്‍കുന്നത്, പുറത്തോട്ടു അല്‍പ്പമെങ്കിലും പോവാത്ത അവസ്ഥ.***** മൂന്നുദിവസം ശുഭപ്രതീക്ഷയോടെ പോരാളി കഴിച്ചു കൂട്ടിയെങ്കിലും നാലാം ദിനം പിടുത്തംവിട്ടു. മെഡിക്കല്‍ ഷോപ്പില്‍ പോവുമ്പോള്‍ കമാന്‍ഡറുണ്ടായിരുന്നു പോരാളിയുടെ കൂടെ. മെഡിക്കല്‍ ഷോപ്പിലെ പെണ്‍കുട്ടിയോടു വയറ്റീന്ന് പോക്കിനുള്ള ഗുളികക്ക് ആവശ്യപ്പെട്ടു. രണ്ടു ഗുളികയും വാങ്ങി പുറത്തിറങ്ങിയ പാടെ കമാന്‍ഡര്‍ ചോദിച്ചു വയറ്റീന്നു പോക്കിനുള്ള ഗുളികയെന്നല്ലേ താന്‍ പറഞ്ഞത്?. അങ്ങനെ പറഞ്ഞാലെ ശരിയാവൂ....പോരാളി ഗൗരവത്തില്‍ മറുപടിയും കൊടുത്തു. പാവം കമാന്‍ഡര്‍ പിന്നെന്തു പറയാന്‍. രാവിലെ ഒരു ഗുളികയൊക്കെ കഴിച്ച് പോരാളി തോറബോറയിലൂടെ ഉലാത്തി. ഉച്ചയായിട്ടും നോ രക്ഷ...അടുത്തതും എടുത്തു വിഴുങ്ങി...വൈകീട്ട് നാലുമണിയോടെ വെരുകിനെ പോലെയായി റഷീദിന്റെ അവസ്ഥ. വയറിനകത്തു നിന്നു അപശബ്ദങ്ങള്‍..വയറിനകത്തു മുളകുതേച്ചുപിടിപ്പിച്ച അവസ്ഥ...രാത്രി 12 മണിയോടെ വണ്ടിവിളിച്ച് ആശുപത്രിയിലാക്കി.(മെഡിക്കല്‍ ഷോപ്പില്‍ പുറത്തുപോക്കിനുള്ള ഗുളികക്കു ചോദിച്ചതിനാല്‍ അവര്‍ ലൂസ്‌മോഷന്‍ നിര്‍ത്താനുള്ള ഗുളികയാണ് കൊടുത്തത്. അവരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം!!! ) മൂന്നുദിവസത്തെ കഷ്ടപ്പാടിനൊപ്പം ഗുളികയുടെ വീര്യവും(മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങ വീണു..എന്ന ചൊല്ല് ഇവിടെ ഓര്‍ക്കേണ്ടതാണ്). ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തിയ ദേഷ്യത്തിലാണ് ഡോക്ടറെത്തിയത്. എന്നാല്‍ അവസ്ഥ കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. നല്ല ചെറുപ്പക്കാരന്‍ എങ്കിലും ഈ ഗതി വന്നാല്‍ എന്താ ചെയ്യുക? ഡോക്ടറുടെ കണ്ണ് നിറഞ്ഞിരുന്നോ എന്ന് കൂടെപ്പോയ പോരാളിക്കു പോലും തോന്നിപ്പോയി. ഒടുവില്‍ രണ്ട് ഡോസ് എനിമ അടിച്ചു കയറ്റി ഡോക്ടര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മെഡിക്കല്‍ ഷോപ്പിലെ പെണ്‍കുട്ടി ലജ്ജയോടെ നല്‍കിയ ഗുളികതന്നെയായിരുന്നു കഥയിലെ നായകന്‍. അതും കഴിഞ്ഞു 10 മണിക്കൂറിനു ശേഷമാണ് റഷീദിനെ സമാധാനിപ്പിച്ച് ആശ്വാസത്തിന്റെ കടലൊഴുകിയത്. റഷീദിനും സഹപോരാളികള്‍ക്കും തോറബോറയ്‌ക്കും നീണ്ട നാലര ദിവസത്തെ കാത്തിരിപ്പിന് ഫലം കണ്ടതിലുള്ള സന്തോഷവും ആശ്വാസവും. എല്ലാവരും പടച്ചവനെ സ്‌തുതിച്ചു. വിസര്‍ജ്ജനം തന്നെ ലോകത്തിലെ ഏറ്റവും സുഖകരമായ അനുഭൂതി. അന്നുവരെ ഭോജനമെന്നു പറഞ്ഞിരുന്ന റഷീദ് തിരുത്തിപ്പറഞ്ഞു.......
Showing posts with label തോറബോറ. Show all posts
Showing posts with label തോറബോറ. Show all posts
Sunday, 4 January 2009
Tuesday, 12 August 2008
തോറബോറയില്‍ കടലാസുതോണിയിറക്കി

കര്‍ക്കടകത്തിന്റെ എല്ലാ ലക്ഷണവും പ്രകടമാക്കിയാണ് കഴിഞ്ഞദിവസം തോറബോറ നിവാസികളുടെ ഉറക്കം കെടുത്തി മഴയെത്തിയത്. നാലാംനിലയുടെ വിസ്‌താരമേറിയ നീളന്‍മുറിയില്‍(അതാണു തോറബോറ) വെടിവട്ടം മുഴക്കി ഇരിക്കുമ്പോള്‍ അപ്രതീക്ഷിതമായാണ് ശക്തമായ കാറ്റിന്റെ അകമ്പടിയോടെ മഴയെത്തിയത്. തകര്‍ത്തുപെയ്യുന്ന മഴയെ കുറ്റപ്പെടുത്തലിന്റെ ധ്വനിയുമായി പലരും സമീപിച്ചു. വൈദ്യുതിചിരാതുകള്‍ കണ്ണുതുറക്കാന്‍ ഇടുക്കിയില്‍ മാത്രം പെയ്‌താല്‍ പോരെ മഴ എന്നാണ് പലരുടെയും ചോദ്യം.(ശരിയല്ലേ? എന്നു ന്യായമായും തോന്നാവുന്ന ചോദ്യം.) കാരണവും നിസ്സാരമാണ്. മഴ തുടങ്ങിയതില്‍ പിന്നെ പതിവ് നടത്തവും എന്തിനധികം വൈകീട്ടത്തെ ചായകുടി വരെ നടക്കാത്ത അവസ്ഥയിലായി.
അങ്ങനെയിരിക്കെയാണ് മഴയില്ല, ഡാം വറ്റിവരണ്ടു, വൈദ്യുതി നിലയ്‌ക്കും, അധികപവര്‍കട്ടിനെക്കുറിച്ചാലോചിക്കുന്നു എന്ന വകുപ്പ് മന്ത്രിയുടെ പ്രസ്‌താവനയൊക്കെ ഇറങ്ങിയത്. ഇതുകേട്ടിട്ടോ, മഴദേവതയെ പ്രീതിപ്പെടുത്താന്‍ തവളകല്യാണവും, ശുനകകല്യാണവും, അതുംപോരാഞ്ഞ് കാസര്‍കോട് ഏതോ പേരറിയാ സംഘടന മഴപെയ്‌തില്ലെങ്കില്‍ ഹര്‍ത്താല്‍ നടത്തുമെന്നുവരെ പത്രപ്രസ്‌താവനയിറക്കിയതോ.... ഏതാണോ ഹേതുവായത് മഴ തകര്‍ത്തുതന്നെ പെയ്‌തുതുടങ്ങി. ഉടനെത്തി വാര്‍ത്ത- മഴ ശക്തം: നിരവധി വീടുകള്‍ തകര്‍ന്നു, കിണര്‍ ഇടിഞ്ഞുതാണു, വീട്ടില്‍ കയറണമെങ്കില്‍ തോണി വേണം.....തുടങ്ങിയ വാര്‍ത്തകള്‍.
വാര്‍ത്തകളും മഴച്ചിത്രങ്ങളുമൊന്നും തെല്ലും സ്വാധീനിക്കാതെ ഇരിക്കുന്ന സമയത്താണ് കാറ്റും മഴയും ഒരുമിച്ചെത്തുന്നത്. കാറ്റിന്റെ താണ്ഡവമായിരുന്നു അടുത്തനിമിഷങ്ങള്‍. ഷീറ്റുകള്‍ വലിച്ചുപറിച്ചെടുത്ത് 'ദയ'കാട്ടിയ കാറ്റ് തോറബോറയില്‍ പതിവില്‍ കവിഞ്ഞ വെളിച്ചം പ്രദാനം ചെയ്‌തു. ഒപ്പം മലവെള്ളപാച്ചില്‍ പോലെ തോറബോറയുടെ റൂഫിങ്ങിലൂടെ മഴവെള്ളത്തിന്റെ ഒഴുക്ക്. ബെഡ്ഡുകള്‍ വലിച്ചു തോറബോറയുടെ മൂലയ്‌ക്കു കൂട്ടിയിടാന്‍ പോരാളികളുടെ അക്ഷീണപരിശ്രമം ആവശ്യമായി വന്നു. അഭയാര്‍ഥിക്യാംപിലെ അവസ്ഥയിലേക്ക് എത്തിയ കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കാന്‍ അടിയന്തരയോഗമായിരുന്നു അടുത്ത ഘട്ടം. ചീഫ് കമാന്‍ഡര്‍ തന്നെ അധ്യക്ഷന്‍(അതിനുമാത്രം മാറ്റമില്ല).അടിയന്തരാവസ്ഥയിലെത്തിയ കാര്യങ്ങള്‍ വാണംവിട്ട കണക്കെ എത്തിച്ചുകൊടുത്തു അധികൃതര്‍ക്ക്.രാത്രിക്കുമുമ്പ് ശരിയാക്കിയില്ലെങ്കില്‍ 'ശരിയാക്കു'മെന്ന ഭീഷണിയും ഒപ്പം കൈമാറി (അതു തോറബോറയുടെ കുത്തകയാണ്.). എല്ലാം വളരെ പെട്ടെന്നുതന്നെ നടന്നു. പുതിയ ഷീറ്റുമായി എത്തി വളരെ വേഗം തോറബോറയുടെ ചോര്‍ച്ച നിര്‍ത്തി. എന്നാല്‍ കര്‍ക്കടകമല്ലേ വില്ലന്‍. ആ സമയത്തിനുള്ളില്‍ തന്നെ പുള്ളി കാര്യം കഴിച്ചു. തോറബോറ തോണിയിറക്കാന്‍ പാകത്തില്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. റഷീദ് ഖാസിമിയുടെ നിങ്ങള്‍ക്കും തന്ത്രശാലിയാവാം എന്ന പുസ്‌തകം മലവെള്ളത്തില്‍(സോറി മഴവെള്ളത്തില്‍) അങ്ങിനെ ഒഴുകി നടക്കുന്നുണ്ടായിരുന്നു, തോറബോറ പോരാളികള്‍ രാത്രി-പകല്‍(രാത്രിയും പകലും ഒരുപോലെ) ഉറക്കത്തിനെത്തുമ്പോള്‍. പുസ്‌തകത്തില്‍ പഠിപ്പിക്കാത്ത നൂറ്റിരണ്ടാമത്തെ സൂത്രമായിരുന്നു അത്.
കമാന്‍ഡര്‍ തോറബോറ ക്ലീന്‍ ചെയ്യുന്ന ഫോട്ടോ റഷീദിന്റെ മൊബൈലിലായിരുന്നു. ആ മഹാന്‍ നാട്ടില്‍ നിന്നെത്തിയിട്ട് ആ ഫോട്ടോ പോസ്‌റ്റാട്ടോ...
വാല്‍ക്കഷണം: ചീഫ് കമാന്‍ഡര്‍ തന്മയത്തത്തോടെ വൈപ്പറെടുത്ത് വെള്ളം വടിച്ചുമാറ്റുന്നതുകണ്ടപ്പോള്‍ തുടങ്ങിയതാണ് ഷിഹാബ് പിലാ'ത്തറ' യുടെ സംശയം. അല്ല കമാന്‍ഡര്‍ക്ക് ഗള്‍ഫില്‍ നേരത്തേ ഇതു തന്നയായിരുന്നോ പണിയെന്ന്? ..വേനലില്‍ സഹിക്കാനാവാത്ത ചൂടുമായി ഉറങ്ങാനാവാതെ പോരാളികള്‍ വിഷമിച്ചപ്പോള്‍ ചീഫ് കമാന്‍ഡര്‍ എവിടെ നിന്നോ പഠിച്ച സൂത്രപ്പണിയുമായി രംഗത്തെത്തി. ബക്കറ്റില്‍ വെള്ളംനിറച്ച് ഫാനിനുമുമ്പില്‍ വച്ചു റൂം തണുപ്പിക്കുക എന്നതായിരുന്നു ആ വിദ്യ. ദൈവാനുഗ്രഹത്താല്‍ ഇനി ബക്കറ്റില്‍ വെള്ളം നിറയ്‌ക്കേണ്ട ആവശ്യമില്ലല്ലോ..കിടക്കുകയല്ലെ ഡാംനിറഞ്ഞപോലെ ഫാനിനും കിടക്കക്കും കീഴില്‍ വെള്ളം. തണുപ്പ് സഹിക്കാന്‍ പറ്റുന്നില്ല..എന്ന ചുരുക്കംചില പരാതികളെ ഇപ്പോഴുള്ളൂ.
(NB..ആരും കമാന്‍ഡറോടു ഇക്കാര്യം പറയല്ലെ...കമാന്‍ഡറെ നിഷേധിച്ചാല്‍ ആ നിമിഷം തോറബോറയുടെ പുറത്താണ് ചീഫ് കമാന്‍ഡറായി പോരാളികള്‍ കൈയടിച്ചു പാസ്സാക്കിയ നിയമാവലി തന്നെ കാരണം.)
Monday, 4 August 2008
പുതിയ ജോലി തേടി മൊബൈല്‍ജോക്കി ദുബയിലേക്ക്
വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഗള്‍ഫ് സ്വപ്‌നങ്ങള്‍ക്ക് സാക്ഷാല്‍ക്കാരവുമായാണ് ഇക്കഴിഞ്ഞ രണ്ടാം തിയ്യതിയിലെ രാത്രി ഒമ്പതേകാലിന് കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന ഫ്‌ളൈറ്റില്‍ മൊബൈല്‍ജോക്കി കുത്തിയിരുന്നത്.(സോറി സീറ്റിലിരുന്നത്). എത്രയോ ദിവസങ്ങള്‍ എടുത്താണ് അഞ്ചും ആറും പേപ്പറുകള്‍ നീളുന്ന വ്യക്തിവിവര, അനുഭവ സര്‍ട്ടിഫിക്കറ്റുകള്‍ അവന്‍ തയ്യാറാക്കിയിരുന്നത്. പത്രങ്ങളില്‍ വരുന്ന റിക്രൂട്ട്‌മെന്റെ പരസ്യങ്ങള്‍ എത്ര ശ്രദ്ധയോടെയായിരുന്നു അരിച്ചുപെറുക്കിയിരുന്നത്. ഒടുവില്‍ ഷേവ് ചെയ്‌ത് പൗഡറിട്ട് ഇന്റര്‍വ്യൂവിനായി എടുത്താല്‍ പൊങ്ങാത്ത ഫയലും പിടിച്ച് അതിരാവിലെ യാത്രയാണ്. ഉച്ചയോടെ ക്ഷീണിതനായി എത്തും, എന്തൊക്കെയോ ചോദിച്ചു എന്തൊക്കെയോ പറഞ്ഞു എന്നും പറഞ്ഞ്. കാര്യം അങ്ങനെയൊക്കെയാണെങ്കിലും ഒടുവില്‍ തേടിയവള്ളി കാലില്‍ ചുറ്റി. അല്ല ചുറ്റിച്ചു എന്നു പറയുന്നതാവും ശരി. ഗള്‍ഫ് മോഹം പതിയെപ്പതിയെ അടങ്ങിത്തുടങ്ങിയപ്പോഴാണ് വീട്ടുകാരുടെ നിര്‍ബന്ധം ഏറിത്തുടങ്ങിയത്. അങ്ങനെ ഒടുവില്‍ അളിയന്റെ വക ഒരു അവസരം നല്‍കല്‍ എത്തി. വിസിറ്റ് വിസ ഒരെണ്ണം അടിച്ചു കൈയില്‍ കൊടുത്തു. പഴയ മോഹങ്ങള്‍ ഉണര്‍ന്നുതുടങ്ങിയതോടെ ആശാന്‍ കൂടുതല്‍ ഉന്മേഷവാനായി. അക്കൗണ്ടിങ് കോഴ്‌സിന്റെ ഓര്‍മ(അതിനുണ്ടോ ആവോ) പുതുക്കി റെഡിയായി. ജൂലൈ 31 ന് തോറബോറയിലെത്തി അവസാനവട്ട യാത്രപറയല്‍. ഔദ്യോഗിക വിടപറയലിന് പരിപാടി തയ്യാറാക്കണമെന്ന് കമാന്‍ഡര്‍ പറഞ്ഞിരുന്നെങ്കിലും തിരക്കുമൂലം സാധ്യമായില്ല. 2ാം തിയ്യതി വീട്ടില്‍ എത്തുമെന്ന് വാക്കുകൊടുത്തിരുന്നെങ്കിലും നടന്നില്ല. പ്രതിനിധികളായി ആഷിഫ് താനൂരും റഷീദും എടയൂര്‍ റോഡിലെത്തി. വലിയ ബുദ്ധിമുട്ടുകളില്ലാതിരുന്ന അവരെ കരയിപ്പിച്ചിട്ടാണ് പോരാളികള്‍ മടങ്ങിയെത്തിയത് എന്നതില്‍ തോറബോറ പോരാളികള്‍ ഒന്നടങ്കം തലകുനിക്കുന്നു(നാണിച്ചിട്ടല്ല- റഷീദിന്റെ അറബിയിലും മലയാളത്തിലുമുള്ള പ്രാര്‍ഥന കേട്ടാല്‍ ആരാണു കരയാത്തതു സ്‌നേഹിതരേ? ) പോരാളികള്‍ വാക്കുകൊടുത്താല്‍ അതു പാലിക്കും എന്നതിന് കൂടുതല്‍ തെളിവുവേണ്ടതില്ല എന്ന തെളിവാണ് ജോക്കിയെ യാത്രയയക്കാന്‍ പോരാളികള്‍ എയര്‍പോര്‍ട്ടിലെത്തിയത്. പോരാളികള്‍ ആദ്യം അവിടെ എത്തിയെന്നതില്‍ അഭിമാനിക്കുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇപ്പോള്‍ കരയുമെന്നു തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ജോക്കിയുടെ വരവ്. എങ്കിലും തമാശ പറയാന്‍ ശ്രമിച്ച്. അവിടെയെത്തി വിളിക്കാമെന്നു ഉറപ്പുനല്‍കി ഒരു യാത്രപറയലുകൂടി നടത്തി മൊബൈല്‍ ജോക്കി നടന്നുമറയുമ്പോള്‍ ഞങ്ങളുടെ ഉള്ളം അനിയന്ത്രിതമായ വിഷമത്താല്‍ നീറി. കളിയാക്കാനും സ്‌നേഹം പങ്കുവയ്‌ക്കാനും എപ്പോഴും തോറബോറയ്‌ക്കൊപ്പമുണ്ടായിരുന്ന ആ എടയൂര്‍റോഡുകാരന്‍ ദൂരം കൊണ്ട് അകലേക്ക് പോവുന്നത് ഞങ്ങള്‍ക്ക് സഹിക്കാവതല്ല. എങ്കിലും ആത്മാര്‍ഥമായ പ്രാര്‍ഥനകളെ ബാക്കിയാക്കി ഇരുട്ടുപരക്കുന്ന റോഡിലൂടെ ഓട്ടോറിക്ഷയില്‍ മെയിന്റോഡിലേക്ക്. അവിടെ നിന്നും തിരക്കേറിയ ബസ്സില്‍ തോറബോറയിലേക്ക് പോരാളികളുടെ മടക്കം.
Subscribe to:
Posts (Atom)