ഈ കഥ നടക്കുന്ന കാലത്ത് പത്രപ്രവര്‍ത്തനരംഗത്ത് ഒരു പുതുമുഖമാണ് കഥാനായകനായ ഈ പോരാളി. ദ്രോഹിച്ചാലും ദേഷ്യപ്പെടാത്തത്ര സൗമ്യനായ ഈയുള്ളവന്‍ തോറബോറയിലും പുതിയ അംഗമാണ്. ഷിഹാബ് എന്‍ എ എന്നു നാമകരണം ചെയ്യപ്പട്ടെ പോരാളിയുടെ സ്വദേശം പെരുമ്പാവൂരാണ്. ബാച്ച്‌ലര്‍. അറിഞ്ഞോ അറിയാതെയോ തോറബോറയിലെ വെടിവട്ടത്തിനിടയ്‌ക്ക് ഈ പോരാളി പറഞ്ഞ അനുഭവ കഥ നിങ്ങള്‍ക്കു മുമ്പാകെ സമര്‍പ്പിക്കുന്നു.
മൂന്നു വര്‍ഷം മുമ്പാണീ കഥ നടക്കുന്നത്. എറണാകുളം പാസ്‌പോര്‍ട്ട് ഓഫിസില്‍ ബന്ധുവിന്റെ ആവശ്യാര്‍ഥം എത്തിയ പോരാളിയെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തി. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും നോ രക്ഷ. പത്രപ്രവര്‍ത്തകനല്ലേ..തോല്‍ക്കാത്ത മനസ്സും വല്ലാത്ത അഭിമാനബോധവുമുള്ള ജനുസ്സാണ്. ഫോണെടുത്തു ബ്യൂറോ ചീഫിനെ വിളിച്ചു കാര്യം പറഞ്ഞു. ചീഫുമായി അത്രനല്ല ബന്ധമല്ലാത്തതിനാല്‍ അദ്ദേഹം കൈയൊഴിഞ്ഞു. എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. നീ തന്നെ എന്തെങ്കിലും മാര്‍ഗം കാണൂ.. എന്നായിരുന്നു പോരാളിയുടെ ഹൃദയം തകര്‍ത്ത ആ മറുപടി. നനഞ്ഞില്ലേ ഇനി കുളിച്ചു കയറുക തന്നെ. പോരാളി മസില്‍ പിടിച്ചു നില്‍ക്കുന്ന സെക്യൂരിറ്റി ജീവനക്കാരനെ സമീപിച്ചു. സ്വരം പരുഷമാക്കി. ഇവിടുത്തെ ഓഫിസര്‍ എന്റെ സുഹൃത്താണ്, വേണ്ടപ്പെട്ട ആളാണ്. എനിക്കു കണ്ടേ ഒക്കു. അല്ലേല്‍ തന്റെ തൊപ്പി തെറിപ്പിക്കുമെന്നുമൊക്കെ വച്ചു കാച്ചി. അയാളല്‍പ്പം വിരണ്ടോന്നു സംശയം. പോരാളി ഒളിക്കണ്ണിട്ടു നോക്കി. ഒന്നാലോചിച്ച ശേഷം സെക്യൂരിറ്റി പോരാളിയെ അല്‍പ്പം മാറ്റി നിര്‍ത്തി. ആരെയോ ഫോണില്‍ വിളിച്ചു സംസാരിച്ചു. തുടര്‍ന്ന് എന്നാല്‍ കയറിപ്പൊയ്‌ക്കോ എന്നു പറഞ്ഞിട്ട് ആക്കിയൊരു ചിരി പാസ്സാക്കി. നിനക്കുള്ള പണി വച്ചിട്ടുണ്ട് എന്ന അര്‍ഥത്തിലായിരുന്നു ആ ചിരി. അകത്തു കയറാന്‍ അനുമതി ലഭിച്ചെങ്കിലും ഓഫിസറെ കാണുമ്പോളുണ്ടാവുന്ന പുകിലോര്‍ത്ത് പോരാളി വിയര്‍ത്തു. വരാന്തയിലും മറ്റും വിവിധ ആവശ്യങ്ങള്‍ നിറവേറ്റാനെത്തിയവര്‍ ക്യൂ നില്‍ക്കുന്നു. നമ്മുടെ പോരാളിയെ മുതിര്‍ന്ന ഓഫിസറുടെ മുറിയിലേക്കാണ് വിളിപ്പിച്ചത്. ആദ്യമായി പോലിസ് സ്‌റ്റേഷനില്‍ എത്തിയ അവസ്ഥയിലായിരുന്നു പോരാളി. മുട്ടുകാലുകള്‍ കൂട്ടിമുട്ടുന്നതിന്റെയും ഹൃദയം പെരുമ്പറകൊട്ടുന്നതിന്റെയും ശബ്ദം ഉച്ചസ്ഥായിയിലായി. ഓഫിസറുടെ മുഖം ക്ഷോഭത്താല്‍ ചുവന്നിരിക്കുന്നു. ഇപ്പോള്‍ തല്ലുകിട്ടുമെന്ന ഭാവത്തിലാണ് പോരാളി. (ഇഞ്ചി കടിച്ച കുരങ്ങനെ പോലെ). ഓഫിസര്‍ കസേര ചവിട്ടി പുറകിലേക്കു തെറിപ്പിച്ചു.(സ്ഥലം എസ്.ഐയുടെ പ്രകടനം സങ്കല്‍പ്പിച്ചു നോക്കുക) പോരാളിയുടെ ഹൃദയം മിടിപ്പു നിര്‍ത്തി. ഞാന്‍ ആരാണെന്നു നിനക്കറിയാമോ ?. ഗാംഭീര്യമാര്‍ന്ന സ്വരത്തില്‍ ഓഫിസര്‍ ആദ്യ വെടിപൊട്ടിച്ചു. പോരാളിയുടെ തൊണ്ടയിലെ വെള്ളം (തുപ്പല്‍) വറ്റി. മറുപടി പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. നീ എത്ര വരെ പഠിച്ചു?. ബി.എഡ് കഴിഞ്ഞു. വിക്കി വിക്കി പറഞ്ഞൊപ്പിച്ചു. എന്തുചെയ്യുന്നു ഇപ്പോള്‍?. പത്രത്തില്‍ റിപോട്ടറായി ജോലി നോക്കുന്നു. അതു ശരി എന്നിട്ടും നിനക്ക് ഞാനാരാണെന്നു അറിയില്ലേ?. ആദ്യത്തെ ചോദ്യത്തിന് ഉത്തരം കിട്ടാതിരുന്നിട്ടാവാം അദ്ദേഹം ചോദ്യത്തിന്റെ രീതി മാറ്റി. ഞാന്‍ നിന്റെ ആരാണെന്നറിയാമോ?. പോരാളിയുടെ ഫ്യൂസ് ഏകദേശം പോവാറായി. സാറിവിടുത്തെ ഓഫിസര്‍, ഞാന്‍ അപേക്ഷയുമായി ഇവിടെ വന്നയാളും. നീ എന്തിനാണു ഇത്രവരെ പഠിച്ചതെന്നായിരുന്നു പോരാളിയുടെ ഉത്തരം കേട്ടപ്പോള്‍ ഓഫിസര്‍ അലറിച്ചോദിച്ചത്.
പോരാളിയുടെ ജീവന്‍ സ്വര്‍ഗലോകം പൂകാനായി ശരീരത്തില്‍ നിന്നു വേര്‍പെട്ടുപോയിത്തുടങ്ങിയിരുന്നു അപ്പോഴേക്കും.
ഞാന്‍ നിന്റെ സഹോദരനാണ്. അതായത് ജ്യേഷ്‌ഠന്‍- ഉദ്യോഗസ്ഥന്റെ ഉത്തരം കേട്ട് പോരാളിയുടെ വായ പൊളിഞ്ഞുപോയി. ഞാനറിയാത്ത ഏട്ടനോ...പലവിധത്തിലുള്ള ചോദ്യങ്ങള്‍ പോരാളിയുടെ മനസ്സിലൂടെ കടന്നുപോയി. പോരാളിയുടെ ഭാവവ്യതാസം ശ്രദ്ധയില്‍പെട്ടതിനാലാവാം ഉദ്യോഗസ്ഥന്‍ തന്റെ ഉത്തരത്തിന്റെ വിശദീകരണത്തിലേക്കു കടന്നു.
നീ സ്‌കൂളില്‍ പ്രതിജ്ഞ ചൊല്ലിയിട്ടില്ലേ. ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്. ആ വഴിയിലാണ് ഞാന്‍ നിന്റെ ജ്യേഷ്‌ഠനാവുന്നത്. നിനക്കിത്ര വരെ പഠിച്ചിട്ടും അതു പറയാനായില്ലല്ലോടാ. ഉദ്യോഗസ്ഥന്റെ ആത്മാര്‍ഥമായ ചോദ്യം കേട്ട പോരാളിയുടെ തല ലജ്ജയാല്‍ താഴ്‌ന്നു പോയി. നിന്റെ അറിവില്ലായ്‌മക്കു ഞാന്‍ ഒരു ശിക്ഷ തരാന്‍ പോവുകയാണ്.
തിരിച്ചു വന്ന ജീവന്‍ വീണ്ടും പടിയിറങ്ങുന്ന അവസ്ഥയിലെത്തി പോരാളി. തുടര്‍ന്ന് പേടിച്ചു നില്‍ക്കുന്ന പോരാളിയുടെ ഷര്‍ട്ടിന്റെ കോളറിനു കുത്തി പിടിച്ചദ്ദേഹം. പോരാളിയുടെ കണ്ണുകള്‍ പുറത്തേക്കു തള്ളിനില്‍ക്കുകയാണ്(ചൊറിയന്‍ തവളയുടേതു പോലെ). പിന്നീട് തന്നിലേക്ക് വലിച്ചടുപ്പിച്ച പോരാളിയുടെ കവിളില്‍ അമര്‍ത്തിയൊരു ചുംബനം കൊടുത്തു ആ ഉദ്യോഗസ്ഥന്‍. പോരാളിയുടെ ശ്വാസം നിലച്ചു. ഒരു നിമിഷം സ്‌തംബ്ദിച്ചു നിന്നു ആ പാവം. ഇങ്ങനെയൊരു ശിക്ഷ ആദ്യമായിട്ട് ലഭിക്കുന്ന 'ബഹുമതി'യാണ് പോരാളിക്ക് കൈവന്നിരിക്കുന്നത്. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ സ്‌നേഹപൂര്‍വം പോരാളിയുടെ ആവശ്യങ്ങള്‍ അന്വേഷിച്ചു. ഒക്കെയും നിറവേറ്റിക്കൊടുത്തു. ഇനി എന്താവശ്യമുണ്ടെങ്കിലും നിന്റെ ഈ ഏട്ടനെ വിളിക്കാമെന്നു വാഗ്‌ദാനം നല്‍കി. മൊബൈല്‍ നമ്പറും നല്‍കി ചായയും കുടിപ്പിച്ചിട്ടാണ് പോരാളിയെ അദ്ദേഹം യാത്രയാക്കിയത്. അറിയാതെ നാവില്‍ നിന്നു വീണ വാക്കുകള്‍ യാഥാര്‍ഥ്യമായ സന്തോഷത്തിലും ചുംബനം കിട്ടിയ മരവിപ്പിലും പോരാളി പാസ്‌പോര്‍ട്ട് ഓഫിസിന്റെ പടികള്‍ യാന്ത്രികമായി ഇറങ്ങി. സെക്യൂരിറ്റി ജീവനക്കാരനെ കാണാനോ സംസാരിക്കാനോ പോലും ആ പാവം മറന്നുപോയിരുന്നു.