Friday, 23 May 2008
രാത്രികാല പോരാളിയുടെ അംഗത്വം
തെറ്റുശരിയാക്കലുകാരന്റെ തോറബോറ അംഗത്വം സംബന്ധിച്ചാണീ പോസ്‌റ്റ്. രാത്രി മാത്രം തോറബോറയില്‍ തങ്ങുന്നതിനാല്‍ അംഗത്വം കൊടുക്കേണ്ട എന്നായിരുന്നു മുന്‍ തീരുമാനം. എന്നാല്‍ രാത്രികാല പോരാളിയുടെ നിരന്തരമായ അഭ്യര്‍ഥനയെ തുടര്‍ന്ന് തോറബോറ തീരുമാനം പുനപ്പരിശോധനയ്‌ക്കു വിധേയമാക്കി. ചീഫ് കമാന്‍ഡറുടെ അധ്യക്ഷതയില്‍ നടന്ന യോഗം അംഗത്വം നല്‍കാനും മൂന്നുമാസം കൂടുമ്പോള്‍ സൂക്ഷ്‌മനിരീക്ഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പത്തിനകല്‍പ്പനയില്‍ അക്കമിട്ടു നിരത്തിയതില്‍ അവസാനത്തെ പോയിന്റ് പ്രത്യേകം ശ്രദ്ധിക്കണമെന്നു ഓര്‍മപ്പെടുത്തുകയും, തെറ്റിച്ചാല്‍ കര്‍ശനനടപടി എടുക്കുമെന്നു അവസാനമായി മുന്നറിയിപ്പ് നല്‍കികൊണ്ടും രാത്രികാല പോരാളിക്ക് അംഗത്വം നല്‍കിയതായി ഇവിടെ പ്രഖ്യാപിക്കട്ടെ.
Friday, 16 May 2008
ഒരു ശുദ്ധമലയാളി കുഴിച്ച കുഴി
സമയമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ കൂടെ വരണം. ഇതുമൊരു പോരാളിയെ ചുറ്റപ്പറ്റിയുള്ളതാണ്. ആംഗലേയ പറച്ചിലില്‍ പതിനെട്ടടവും പഠിച്ചവരാവണമെന്ന തീരുമാനം തോറബോറ ചീഫ് കമാന്‍ഡറിന്റെ അഭാവത്തില്‍(നാട്ടില്‍ പോയ സമയത്താണ്) സഹപോരാളികള്‍ കൂടി എടുക്കുന്നു. ഇനിമേലില്‍ ഡ്യൂട്ടിസമയങ്ങളൊഴിച്ചുള്ള സമയങ്ങളില്‍ ആംഗലേയം മാത്രമേ സ്‌പീച്ചാവൂ. തീരുമാനം എല്ലാവരും തലകുലുക്കിയും കൈയടിച്ചും അംഗീകരിച്ചു.(തീരുമാനം സ്‌പീച്ചികൊണ്ട് അംഗീകരിക്കണമെങ്കില്‍ എബിസീഡി അറിയണമല്ലോ). സ്ഥിരമായി(സമയമുള്ളപ്പോള്‍) നടക്കാനും ഇരിക്കാനും കഥപറയാനും പോവാറുള്ള പാടത്തുപോയി. കൃഷിയിറക്കാതെ തരിശായി കിടക്കുന്ന പച്ചപ്പു നിറഞ്ഞ പ്രദേശം. മണ്ഡരിബാധിച്ച തെങ്ങുകള്‍ അത്ര തലക്കനമില്ലാതെ നിശ്ചലമായി നില്‍ക്കുന്നു. ആംഗലേയത്തിന്റെ ഉംംംംംംംംംംം ഇംംംംംംംംംംം ങ് ങ്‌് ങ് തുടങ്ങിയ മൂളലുകള്‍ ഓരോ വാക്കുകള്‍ക്കും വാചകങ്ങള്‍ക്കും മുമ്പില്‍ വരുന്നതിനോടൊപ്പം ആംഗ്യഭാഷയിലൂടെ സംവദിച്ചു തുടങ്ങി ഞങ്ങള്‍. കേള്‍ക്കുന്നവര്‍ മനസ്സിലാകുന്നുണ്ട് എന്നറിയാന്‍ തലകുലുക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. ആകെക്കൂടി അരിയെത്ര എന്നു ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന പ്രതീതി. സംസാരം മുറുകിയപ്പോള്‍ കുറച്ചു ചെറിയ കുട്ടികളെയും വിളിച്ചു ആംഗലേയ ശക്തി പരീക്ഷിക്കാന്‍. സംഗതി കുറ്റംപറയരുതല്ലോ..കുട്ടികള്‍ അല്‍പ്പം തരികിടയൊക്കെ കൈയിലുള്ളവരാണെന്നു തോന്നുന്നു. പറയുന്നത് അവര്‍ക്കു മനസ്സിലാവുന്നുണ്ട്. ഇതിനിടെ മറ്റൊരു പോരാളി വളരെ സൈലന്റായി ഞങ്ങളെ ശ്രദ്ധിച്ച്(അതോ ഇല്ലേ)വെറുതെ ഇരിക്കുന്നു. എങ്കില്‍ പിന്നെ ഈ 'മലയാളി'യോടു സംസാരിക്കു എന്ന നിര്‍ദേശം കുട്ടികള്‍ക്കു കൊടുത്തിട്ട് ഞങ്ങള്‍ മുക്കലും മൂളലും ആംഗ്യഭാഷയിലേക്കുമൊക്കെ തിരിച്ചെത്തി. അപ്പോഴാണ് ആരോ പറഞ്ഞത്. നമ്മുടെ 'മലയാളി' 'കമാ' എന്ന രണ്ടരക്ഷരം പറയാന്‍ കൂടി വാ തുറന്നിട്ടില്ലല്ലോ എന്ന്. ഇരിപ്പു തുടങ്ങിയിട്ട് മണിക്കൂര്‍ ഒന്നു കഴിഞ്ഞിരിക്കുന്നു. പോവാന്‍ സമയമായെന്നറിയിച്ച് സൂര്യന്‍ ചേക്കാറാന്‍ പോയി. അപ്പോഴാണ് ഒരാള്‍ ഒരു വലിയ കണ്ടുപിടുത്തം നടത്തിയത്. നമ്മുടെ മലയാളി ഇരുന്നതിന്റെ മുമ്പിലായി വലിയൊരു കുഴി. ഞങ്ങളുടെ ആംഗലേയ പ്രാഗല്‍ഭ്യത്തില്‍ അസൂയപൂണ്ടിട്ടോ ബോറടിച്ചിട്ടോ എന്നറിയില്ല. വട്ടം കൂടിയിരിക്കുന്ന ഞങ്ങള്‍ക്കിടയില്‍ മൂകനായിരുന്ന `മലയാളി' കൈയില്‍ കിട്ടിയ കമ്പുപയോഗിച്ച് ഇരിക്കുന്നതിന് മുമ്പില്‍ ഒരു കുഴി തീര്‍ക്കുകയായിരുന്നു അത്ര നേരവും. ഫോണ്‍ ചെയ്യുമ്പോള്‍ കുത്തിവരയ്‌ക്കുന്ന, സംസാരിക്കുമ്പോള്‍ നഖംകടിയ്‌ക്കുന്ന, സാരിത്തുമ്പ് ചുറ്റുന്ന, മൂക്ക് ചൊറിയുന്ന, കാല്‍വിരല്‍ കൊണ്ടു വൃത്തം വരയ്‌ക്കുന്ന മാനിയകള്‍ക്കൊപ്പം ചേര്‍ക്കാന്‍ ഒന്നുകൂടി ആംഗലേയം ശ്രവിച്ചാല്‍ `കുഴി'കുഴിക്കുന്ന മാനിയ. ഈ 'മലയാളി'യെ അമേരിക്കയിലേക്ക് ഒരു തൂമ്പയും കൊടുത്തയച്ചാല്‍ കിണര്‍ കുഴിച്ചു കളയുമല്ലോ എന്നാണ് തോറബോറയിലുയരുന്ന ചോദ്യങ്ങളിലൊന്ന്.
Friday, 9 May 2008
കര്‍ണകഠോരകന്റെ ഡോഗ്‌സ്‌പോട്ട്.കോം
തോറബോറ പോരാളികളുടെ ബ്ലോഗ് മാനിയ ഉണര്‍ന്നു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞമാസം കോഴിക്കോട് നടന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുത്തപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഒരു പോരാളിയ്‌ക്ക് (ഉറക്കം കെടുത്തുന്ന ശിക്ഷാവിധി പടച്ചവന്‍ വാരിക്കോരി കൊടുത്ത കര്‍ണകഠോര ശബ്ദത്തിനുടമ) സ്വന്തമായി ഒരു ബ്ലോഗ് വേണമെന്ന കലശലായ മോഹം. അതേതായാലും ആദ്യഘട്ടമെന്ന നിലക്ക് പൂര്‍ത്തിയായി. മനോഹരമായ ഒരു പേരുമിട്ടു വിദ്വാന്‍. പാറപ്പുറത്തു ചിരട്ടയുരക്കുന്ന ശബ്ദത്തില്‍(ട്രോ ട്രോ..പ്രാ..പ്രാ) അതേക്കുറിച്ചു കഴിഞ്ഞദിവസം പറയുകയും ചെയ്‌തു. അങ്ങനെ ഒന്നുരണ്ടു ദിവസത്തെ ഇടവേളക്കു ശേഷമുള്ള ഒരു പ്രഭാതം.(സമയം രാവിലെ 11 മണി..ഞങ്ങള്‍ക്കതു പ്രഭാതമാണ്..രാത്രി ഡ്യൂട്ടികഴിഞ്ഞ് അതിരാവിലെ എഴുന്നേല്‍ക്കുന്ന സമയമാണത്). പോരാളികളുടെ ബെഡ് വട്ട സമ്മേളനത്തില്‍ ഘോരഘോരമായി തമാശകളും തലേദിവസം ഷൂട്ട്‌ചെയ്‌ത(മൊബൈലില്‍)ചിത്രത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ആസ്വാദനവുമൊക്കെയായി ഇരിക്കുകയാണ്. സോറീട്ടോ ചിത്രത്തെക്കുറിച്ചു പറയാന്‍ വിട്ടു. വൈകുന്നേരത്തെ പതിവുചായകുടിക്കു പോയപ്പോള്‍ അവിചാരിതമായി കണ്ടുമുട്ടിയ സഹപോരാളി(സഹപ്രവര്‍ത്തകന്‍)യുടെ ഫോണ്‍വിളിയുടെ തല്‍സമയ ദൃശ്യം രഹസ്യമായി മൊബൈലില്‍ പകര്‍ത്തിയതാണ്. നര്‍ഗീസ് മ്യാന്‍മാറില്‍ നാശം വിതച്ചതു പോലെയാണ് ലവന്റെ ഫോണ്‍ ഇന്‍ പ്രോഗ്രാം. ഇടയ്‌ക്കു റെയ്‌ഞ്ചു പോയ മൊബൈലില്‍ തുറിച്ചു നോക്കി പിന്നീട് 'ലൈന്‍' കിട്ടുമ്പോള്‍ ചിരിച്ചു കൊണ്ടു പമ്പരം പോലെ കറങ്ങുന്ന ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള ഒന്നാന്തരം സീന്‍. പോരാളികളുടെ പൊട്ടിച്ചിരികള്‍ക്കു വഴിമരുന്നിട്ട ഈ ചിത്രീകരണത്തെ കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്താണ് നമ്മുടെ കഥാനായകന്റെ ബ്ലോഗ് പരിചയപ്പെടുത്തല്‍. അതേക്കുറിച്ച് കേള്‍ക്കാത്ത സഹപോരാളികളുടെ ആകാംക്ഷയ്‌ക്കു വിരാമമിട്ടു കര്‍ണകഠോരകന്‍ ഉറക്കെ പ്രഖ്യാപിച്ചു. സ്വരത്തില്‍ മലയോളം ആത്മവിശ്വാസം നിഴലിച്ച ആ പേര് ഇങ്ങനെയായിരുന്നു- "അവലോകനം. ഡോഗ്‌സ്‌പോട്ട്.കോം". പിന്നീട് ഉയര്‍ന്ന പൊട്ടിച്ചിരിയില്‍ തോറബോറ പ്രകമ്പനം കൊണ്ടു. അബദ്ധം മനസ്സിലാക്കിയ കര്‍ണകഠോരകന്‍ സ്വരം ആവുന്നത്ര മയപ്പെടുത്തി പറഞ്ഞു. അല്ല. അവലോകനം.ബ്ലോഗ്‌സ്‌പോട്ട്.കോം പനിയുടെ മരുന്നുകുടിച്ചതിന്റെ ക്ഷീണത്തില്‍ നാക്കുതളര്‍ന്നതാണെന്ന ന്യായം പറഞ്ഞുനോക്കിയെങ്കിലും പൊട്ടിച്ചിരി ശമിപ്പിക്കാന്‍ പര്യാപ്‌തമായിരുന്നില്ല അത്.(പുതിയ ബ്ലോഗുകള്‍ ഇനിയും പ്രതീക്ഷിക്കാം, പോരാളികള്‍ ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇനി രക്ഷയില്ല പ്രിയപ്പെട്ടവരെ)
Wednesday, 7 May 2008
അവകാശം ചോദിച്ച് സഹപോരാളികള്‍
പണ്ടാരമടങ്ങാന്‍ ഇതു തുടങ്ങുമ്പോഴെ പലരും പറഞ്ഞു കളി കാര്യമാവുമേ എന്ന്. (എന്റെ കഷ്ടകാലം അന്നു ഞാന്‍ പറഞ്ഞു അസൂയയ്‌ക്കു മരുന്നില്ല മക്കളേ)ഇല്ല അസൂയ അവര്‍ക്കായിരുന്നില്ല. പോരാളികളുടെ അഹങ്കാരം നോക്കണേ...എഡിറ്റിങ്ങിന് പെര്‍മിഷന്‍ വേണം പോലും...നമുക്കാലോചിക്കാം എന്ന മറുപടിയില്‍ നിര്‍ത്തിയിരിക്കുകയാണ്. തോറബോറയെന്താ പൊതുമുതലോ? ചോദ്യം നേരത്തേ ആത്മഗതമാക്കേണ്ടിയിരുന്നു. അല്ലാതെ വേലിയിലിരുന്ന പാമ്പിനെയെടുത്ത്........
Friday, 2 May 2008
നുഴഞ്ഞുകയറ്റം തുടങ്ങി
വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് കഞ്ഞികുടി മുട്ടിച്ചു പാര്‍ട്ടിക്കാര്. എന്നാലും സാരമില്ല. പോരാളികള്‍ കുറേപ്പേര്‍ തിരിച്ചെത്തി.(എത്തിച്ചു എന്നു പറയുന്നതാവും ശരി. വീട്ടില്‍പോയാല്‍ പിന്നെ വരാന്‍ തോന്നില്ല. അതാണു കാരണം.) ഞാന്‍ വീണ്ടും ആള്‍ക്കൂട്ടത്തില്‍ തിരിച്ചെത്തി.(അല്ല. ആള്‍ക്കൂട്ടം എന്റരികിലെത്തി.) തോറബോറയിലെ പത്തിന കല്‍പ്പനകള്‍ എഴുതി തയ്യാറാക്കി ഔദ്യോഗിക ബ്ലോഗില്‍ പോസ്‌റ്റുചെയ്‌തതിനു പിറകെ നുഴഞ്ഞുകയറ്റം ആരംഭിച്ചു എന്നതാണ് പുതിയ വിശേഷം. എമണ്ടകന്‍ ബാഗും തൂക്കി വളിച്ച ചിരിയും ഷേക്ക്‌ഹാന്‍ഡും തന്ന് ഓരോരുത്തര്‍ എത്തിത്തുടങ്ങി. സാരമില്ല. കുറേ സ്ഥലം ബാക്കിയുണ്ട് തോറബോറയില്‍. പിന്നെ പോരാളികളുടെ എണ്ണവും കൂടുമല്ലോ. ഇനി നടുവു നിവര്‍ത്തി ആരോടും ആരാടാ എന്നെ തല്ലാന്‍(അല്ല..ഞങ്ങളെ തല്ലാന്‍ ) എന്നു ചോദിക്കാമല്ലോ..അല്ലേ?
Thursday, 1 May 2008
മെയ് ഒന്ന് പറ്റിച്ച പണി
ഇന്ന് മെയ് ഒന്ന്. തൊഴിലാളി ദിനം നീണാല്‍ വാഴട്ടെ. തോറബോറ അന്തേവാസികളില്‍ ഭൂരിഭാഗവും വീടുകളില്‍ പോയി. (കമ്പനിക്ക് അവധി പ്രഖ്യാപിച്ച് നോട്ടീസ് ബോര്‍ഡില്‍ അറിയിപ്പ് വന്നതേ എല്ലാവനും വീട്ടില്‍പോവാന്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു). ഭാഗ്യം മെസ്സിനവധി ഇല്ലാത്തത്(വയറുനിറച്ച് ആഹാരമെങ്കിലും കഴിക്കാലോ). ബ്ലോഗുകളില്‍ തിരഞ്ഞും പുസ്‌തകങ്ങളില്‍ കണ്ണോടിച്ചും സന്ധ്യവരെ സമയം ചെലവഴിച്ചു. ഏകാന്തത ഭ്രാന്തുപിടിപ്പിക്കുകയാണ്. പോരാളികളൊഴിഞ്ഞ യുദ്ധക്കളം പോലെയാണിന്ന് തോറബോറ.(തുണികളും പുസ്‌തകങ്ങളും പത്രവുമൊക്കെ റൂമില്‍ ചിതറിക്കിടക്കുകയാണ്). റഷീദ് ഉറങ്ങാന്‍കൂടെ തയ്യാറാവാതെ തെണ്ടാന്‍പോയി(കൂട്ടുകാരന്റെ വീട്ടിലാണേ). എം.ടി.പി ഭാര്യയെയും കുട്ടിയെയും കാണാന്‍ നാട്ടില്‍ പോയിട്ട് ആഴ്‌ച ഒന്നാവാറായി. ജോക്കി അളിയനെ യാത്രയയക്കാന്‍ വിമാനത്താവളത്തില്‍ പോയി.(വാഗ്‌ദാനം ചെയ്‌ത വിസ നഷ്ടപ്പെടുത്തുന്നതെന്തിന് എന്നാണ് നിരുല്‍സാഹപ്പെടുത്തിയപ്പോള്‍ കിട്ടിയ മറുചോദ്യം). സലാമിന് പനിയാണ്(ഭക്ഷണത്തിന് കുറവില്ല കേട്ടോ).ഏതായാലും പെട്ടിയൊക്കെ തയ്യാറാക്കി ഇന്നലെ രാത്രിയിലെ തോറബോറയിലെ നല്ലൊരു ഭാഗം ശൂന്യമാക്കി പല്ലാരിമംഗലത്തിനു ട്രെയിന്‍ പിടിച്ചു. പിലാത്തറ ജ്യേഷ്ടന്‍ ഗള്‍ഫില്‍ നിന്നു കൊണ്ടു വന്ന പെട്ടിയില്‍ എന്തെങ്കിലും ശേഷിക്കുന്നുണ്ടോ എന്നറിയാന്‍ നാട്ടില്‍ പോയതാണ്( കണ്ടാല്‍ മതിയായിരുന്നു. എന്നാലല്ലെ സഹപോരാളികള്‍ക്ക് എന്തെങ്കിലും കിട്ടൂ. സൈനുല്‍ ആബിദ് പരീക്ഷകളുടെ പരമ്പരയുണ്ട് ലീവ് തരണമെന്ന് അപേക്ഷിച്ച് ഏറെ സമയം ചുറ്റിത്തിരിഞ്ഞിരുന്നു. പരീക്ഷ എന്തായോ ആവോ? ഉടന്‍ എത്തുമായിരിക്കും. നാളത്തെ ഹര്‍ത്താലാണ് എല്ലാവരുടെയും യാത്ര നീട്ടുന്നതിന് പ്രധാന കാരണം. അതു വരെ ഏകാന്തത മാത്രമാണ് കൂട്ടുകാരന്‍. സഹിക്കുക തന്നെ. പോരാളികള്‍ എത്രയും വേഗം വരട്ടെ എന്നാലെ പുതിയ കഥകളും ചിത്രങ്ങളുമൊക്കെ പോസ്‌റ്റു ചെയ്യാന്‍കിട്ടൂ.(ചില പോരാളികള്‍ ഇനിയും അറിഞ്ഞിട്ടില്ല. ബ്ലോഗ് ഉണ്ടാക്കിയ കാര്യം.അപ്പോളറിയാം വിവരണത്തിന്റെ കടുപ്പം കൂടിയോ ഇല്ലയോ എന്ന്. (ബീച്ചില്‍ പോവാമെന്നും ബേക്കല്‍ കോട്ട പോവാമെന്നും ഒക്കെ കരുതിയിരുന്നു. ഒറ്റയ്‌ക്കെങ്ങിനെ പോവാന്‍? )
സ്‌നേഹപൂര്‍വം
സ്‌നേഹപൂര്‍വം
Subscribe to:
Posts (Atom)